മെസിയില്ലാതെ ബൊളീവിയയെ കീഴടക്കി അർജന്‍റീന

14 വർഷം മുൻപ് ആതിഥേയർ അർജന്‍റീനയെ ഒന്നിനെതിരേ ആറു ഗോളിനു തീർത്തു കളഞ്ഞ അതേ ഹൈ ഓൾറ്റിറ്റ്യൂഡ് വേദിയിൽ മധുര പ്രതികാരം
ബൊളീവിയയ്ക്കെതിരായ മത്സരത്തിൽ അർജന്‍റൈൻ ക്യാപ്റ്റൻ ഏഞ്ജൽ ഡി മരിയയുടെ മുന്നേറ്റം
ബൊളീവിയയ്ക്കെതിരായ മത്സരത്തിൽ അർജന്‍റൈൻ ക്യാപ്റ്റൻ ഏഞ്ജൽ ഡി മരിയയുടെ മുന്നേറ്റം

ലാപാസ്: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ലാറ്റിനമേരിക്കൻ മേഖലാ മത്സരത്തിൽ ബൊളീവിയയെ നേരിടാനിറങ്ങുമ്പോൾ രണ്ടു വെല്ലുവിളികളായിരുന്നു അർജന്‍റീനയ്ക്കു മുന്നിൽ. ഒന്ന്, ഹൈ ഓൾറ്റിറ്റ്യൂഡ് സ്റ്റേഡിയത്തിലാണ് മത്സരം; രണ്ട്, ലയണൽ മെസി ടീമിലില്ല.

14 വർഷം മുൻപ് ആതിഥേയർ അർജന്‍റീനയെ ഒന്നിനെതിരേ ആറു ഗോളിനു തീർത്തുകളഞ്ഞ അതേ വേദി. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇക്വഡോറിനെതിരേ ഗോളടിച്ച മെസി ഇക്കുറി സ്റ്റാർട്ടിങ് ലൈനപ്പിലോ റിസർവ് ബെഞ്ചിലോ ഇല്ലായിരുന്നെങ്കിലും, കളി കാണാൻ സ്റ്റേഡിയത്തിൽ തന്നെയുണ്ടായിരുന്നു.

കളി കഴിയുമ്പോൾ, ലയണൽ സ്കലോണി പരിശീലിപ്പിക്കുന്ന ടീം യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ രണ്ടാം വിജയം കുറിച്ചാണ് മടങ്ങിയത്.

എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു നിലവിലുള്ള ലോക ചാംപ്യൻമാരുടെ വിജയം. മെസിയുടെ അഭാവത്തിൽ ടീമിനെ നയിച്ചത് വെറ്ററൻ താരം ഏഞ്ജൽ ഡി മരിയ.

ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുമായി അർജന്‍റീന ആധിപത്യമുറപ്പിച്ചിരുന്നു. ഫൈനൽ വിസിലിനു മുൻപായിരുന്നു മൂന്നാം ഗോൾ. 39ാം മിനിറ്റിൽ ബൊളീവിയൻ താരം റോബർട്ടോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് സന്ദർശകർക്ക് കാര്യങ്ങൾ എളുപ്പമാക്കി.

31ാം മിനിറ്റിൽ ഡി മരിയ നൽകിയ ലോ ക്രോസിൽ നിന്ന് എൻസോ ഫെർണാണ്ടസാണ് ആദ്യ ഗോൾ. 42ാം മിനിറ്റിൽ ബോക്സിനുള്ളിലേക്ക് ഡി മരിയ തന്നെ ഉയർത്തിക്കൊടുത്ത ഫ്രീ കിക്കിൽനിന്ന് നിക്കൊളാസ് തഗ്ലിയാഫിക്കോ രണ്ടാം ഗോൾ നേടി. 83ാം മിനിറ്റിൽ നിക്കോ ഗോൺസാലസ് പട്ടിക തികയ്ക്കുകയും ചെയ്തു.

മൈനസ് പോയിന്‍റ് മറികടന്ന് ഇക്വഡോർ

മേഖലയിലെ മറ്റൊരു മത്സരത്തിൽ ഇക്വഡോറിനോട് 1-2 എന്ന സ്കോറിനു തോറ്റ ഉറുഗ്വെ പോയിന്‍റ് ടേബിളിൽ അർജന്‍റീനയ്ക്കൊപ്പമെത്താനുള്ള അവസരം തുലച്ചു. കളി ജയിച്ചിട്ടും ഇക്വഡോറിന് പൂജ്യം പോയിന്‍റാണുള്ളത്. ഡിഫൻഡർ ബൈറൺ കാസ്റ്റിലോയുടെ ജനനത്തീയതിയിൽ കൃത്രിമം കാട്ടിയതായി തെളിഞ്ഞതിനെത്തുടർന്ന് ഫിഫ നേരത്തെ തന്നെ മൂന്നു പോയിന്‍റ് വെട്ടിക്കുറച്ചിരുന്നതാണ് ഇതിനു കാരണം.

ഇരുപകുതികളിലായി ഡിഫൻഡർ ഫെലിക്സ് ടോറസാണ് ഇക്വഡോറിന്‍റെ രണ്ടു ഗോളും നേടിയത്. അഗസ്റ്റിൻ കാനോബിബോയിലൂടെ ആദ്യം ലീഡ് നേടിയത് ഉറുഗ്വെയാണെങ്കിലും ആനുകൂല്യം നിലനിർത്താൻ സാധിച്ചില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com