

അങ്കോളക്കെതിരായ മത്സരത്തിൽ അർജന്‍റീനയുടെ ഇതിഹാസ താരം ലയണൽ മെസിയുടെ മുന്നേറ്റം.
ലുവാൻഡ (അങ്കോള): ലോകകപ്പ് ജേതാക്കളായ അർജന്‍റീന ടീമും ഇതിഹാസ താരം ലയണൽ മെസിയും കേരളത്തിലെത്തുമെന്നു പ്രചരിപ്പിക്കപ്പെട്ടിരുന്ന സമയത്ത് അർജന്‍റീന ടീം അങ്ങ് അങ്കോളയിൽ കളിക്കാനിറങ്ങി.
അങ്കമാലിയിലല്ല, അങ്ങ് ആഫ്രിക്കയിലാണ് അങ്കോള എന്ന രാജ്യം. അവർ പോർച്ചുഗലിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്‍റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വളരെ നേരത്തേ നിശ്ചയിച്ചിരുന്ന മത്സരമായിരുന്നു ഇത്.
മത്സരത്തിൽ അർജന്‍റീന ആതിഥേയരെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ചെങ്കിലും, അങ്കോളയുടെ കായിക ചരിത്രത്തിലെ മായ്ക്കാനാവാത്ത ഏടായി മാറി ഈ മത്സരം. സാക്ഷാൽ ലയണൽ മെസിയും കഴിഞ്ഞ ലോകകപ്പിലെ ഹീറോമാരിൽ ഒരാളായ ലൗട്ടേരോ മാർട്ടിനസുമാണ് മത്സരത്തിൽ ഗോളുകൾ നേടിയത്.
മത്സരം കാണാൻ അര ലക്ഷം കാണികളാണ് ഗ്യാലറിയിൽ തടിച്ചുകൂടിയത്. അവസാന മിനിറ്റുകളിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട് ലയണൽ മെസി പുറത്തുപോകുമ്പോൾ കാണികൾ ഒന്നടങ്കം എഴുന്നേറ്റു നിന്നു കൈയടിച്ചു. 2022ലെ ലോകകപ്പ് ഫൈനൽ കളിച്ചവരിൽ എട്ടു പേർ അർജന്‍റീനയുടെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെട്ടിരുന്നു.
മത്സരത്തിന്‍റെ 44ാം മിനിറ്റിൽ മെസിയുടെ പാസിൽ നിന്നായിരുന്നു മാർട്ടിനസിന്‍റെ ഗോൾ. 82ാം മിനിറ്റിൽ മാർട്ടിനസിന്‍റെ പാസിൽ നിന്ന് മെസിയും ഗോളടിച്ചു. 196 അന്താരാഷ്ട്ര മത്സരങ്ങളിൽ മെസി നേടുന്ന 115ാം ഗോളായിരുന്നു ഇത്.