അർജന്‍റീന വീണ്ടും മാരക്കാനയിൽ, നേരിടാൻ ബ്രസീൽ

ലാറ്റിനമേരിക്കൻ മേഖലയുടെ ലോകകപ്പ് യോഗ്യതാ മത്സരം ബുധനാഴ്ച രാവിലെ ആറ് മുതൽ. ലയണൽ മെസി അർജന്‍റീനയെ നയിക്കും. ബ്രസീൽ ടീമിൽ നെയ്മറും വിനീഷ്യസും ഇല്ല.
ലയണൽ മെസി പരിശീലനത്തിൽ.
ലയണൽ മെസി പരിശീലനത്തിൽ.

റിയോ ഡി ഷാനിറോ: രണ്ടു വർഷം മുൻപൊരു കോപ്പ അമേരിക്ക ഫൈനലിൽ തുടങ്ങിയതാണ് ലോകകപ്പ് നേട്ടത്തിലേക്കുള്ള അർജന്‍റീനയുടെ പടയോട്ടം. ബ്രസീലിനെതിരേ ഐതിഹാസികമായ മാരക്കാന സ്റ്റേഡിയത്തിലായിരുന്നു ആ ഫൈനൽ. ലയണൽ മെസിയും ഏഞ്ജൽ ഡി മരിയയുമെല്ലം കൈമെയ് മറന്നു പോരാടിയ മത്സരത്തിൽ, ഡി മരിയയുടെ ഗോളിന് ജയിച്ചുകയറുമ്പോൾ അർജന്‍റീന 28 വർഷത്തെ കിരീട വരൾച്ചയ്ക്കാണ് അന്ത്യം കുറിച്ചത്. തൊട്ടടുത്ത വർഷം ലോകകപ്പ് നേടുന്നതിനുള്ള ഊർജം അവർ സംഭരിച്ചത് അന്നു മാരക്കാനയിൽനിന്നായിരുന്നു എന്നു വിശ്വസിക്കുന്ന അർജന്‍റൈൻ ആരാധകർ ഏറെ.

അതേ മാരക്കാനയിലേക്ക് അർജന്‍റീന വീണ്ടുമെത്തിയിരിക്കുന്നു, ബ്രസീലിനെ നേരിടാൻ. ലാറ്റിനമേരിക്കൻ മേഖലയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് മത്സരം. ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ ആറു മണിക്ക് ആരംഭിക്കും.

പത്ത് ടീമുകൾ അടങ്ങുന്ന ലാറ്റിനമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ അർജന്‍റീനയാണ് ലീഡ് ചെയ്യുന്നത്- അഞ്ച് മത്സരങ്ങളിൽ 12 പോയിന്‍റുണ്ട് ലോക ചാംപ്യൻമാർക്ക്. 10 പോയിന്‍റുമായി ഉറുഗ്വെ രണ്ടാമതും ഒമ്പത് പോയിന്‍റുമായി കൊളംബിയ മൂന്നാമതും എട്ടു പോയിന്‍റുമായി വെനിസ്വേല നാലാമതും നിൽക്കുന്നു. ഏഴു പോയിന്‍റുള്ള ബ്രസീൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. അതിനും താഴെ ഇക്വഡോർ, പരാഗ്വെ, ചിലി, ബൊളീവിയ, പെറു എന്നീ ടീമുകൾ. അതേസമയം, തൊട്ടു മുൻപത്തെ മത്സരത്തിൽ അർജന്‍റീനയെ എതിരില്ലാത്ത രണ്ടു ഗോളിന് ഉറുഗ്വെ തോൽപ്പിച്ചിരുന്നു, ബ്രസീലിനെ ഒന്നിനെതിരേ രണ്ടു ഗോളിന് കൊളംബിയയും.

2026ൽ യുഎസിലും മെക്സിക്കോയിലും ക്യാനഡയിലുമായി നടത്തുന്ന ലോകകപ്പിൽ 48 ടീമുകളുണ്ടാകും. ഈ സാഹചര്യത്തിൽ, ലാറ്റിനമേരിക്കയിൽ നിന്ന് യോഗ്യതാ റൗണ്ടിൽ ആദ്യ ആറു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഭൂഖണ്ഡാന്തര പ്ലേഓഫിൽ ജയിച്ചാൽ ഏഴാമതൊരു ടീമിനു കൂടി ലാറ്റിനമേരിക്കയിൽ നിന്ന് ലോകകപ്പ് കളിക്കാനാവും.

ബ്രസീലിനെതിരായ മത്സരത്തിനിറങ്ങുന്ന അർജന്‍റൈൻ ടീമിനെ ലയണൽ മെസി തന്നെയാണ് നയിക്കുന്നത്. എന്നാൽ, ബ്രസീൽ ടീമിൽനിന്ന് നെയ്മറും കാസിമിറോയും വിനീഷ്യസ് ജൂനിയറും പരുക്ക് കാരണം വിട്ടുനിൽക്കുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com