

ന്യൂഡല്‍ഹി: സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാംപ്യന്മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് നിരസിച്ചു. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരനാണ് ഇക്കാര്യം ഒരു മാധ്യമത്തോടു വെളിപ്പെടുത്തിയത്. ജൂണ്‍ മാസത്തില്‍ രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കാനായിരുന്നു അര്‍ജന്റീനയുടെ തീരുമാനം അതിലൊന്ന് ഇന്ത്യയില്‍ വേണമെന്ന് അര്‍ജന്റീന ആഗ്രഹിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശം ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് തള്ളുകയായിരുന്നെന്ന് റി്പ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജന്റീന വരുമ്പോഴുള്ള ഭീമമായ ചെലവ് താങ്ങാന്‍ ഇന്ത്യക്കാകില്ലെന്നു കാണിച്ചാണ് അര്‍ജന്റീനയുടെ ആവശ്യം ഇന്ത്യ നിരസിച്ചത്.
ജൂണ്‍ 12-നും 20-നും ഇടയില്‍ അര്‍ജന്റീനയ്ക്ക് രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കാനുള്ള സ്ലോട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പില്‍ ലഭിച്ച വലിയ പിന്തുണ കണക്കിലെടുത്ത് ദക്ഷിണേഷ്യന്‍ ടീമുകളുമായി ഈസൗഹൃദം കളിക്കാനായിരുന്നു അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ തീരുമാനം. ആരാധക പിന്തുണ ഏറെയുള്ള ഇന്ത്യയും ബംഗ്ലാദേശുമായിരുന്നു അര്‍ജന്റീന തെരഞ്ഞെടുത്തത്.
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തലവന്‍ പാബ്ലോ ജാക്വിന്‍ ഡിയാസ്, ഇക്കാര്യം അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനുമായി സംസാരിക്കുകയും ചെയ്തു.
പക്ഷേ കളത്തിലിറങ്ങുന്നതിനായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ആവശ്യപ്പെട്ടത് വലിയ തുകയായിരുന്നു. ഇത് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ സൗഹൃദ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 32 കോടിക്കും 40 കോടിക്കും ഇടയിലുള്ള ഒരു തുകയാണ് കളിക്കാന്‍ അര്‍ജന്റീന ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ''
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഒരു സൗഹൃദ മത്സരത്തിനായി ഞങ്ങളെ സമീപിച്ചിരുന്നു. പക്ഷേ ഇത്രയും വലിയ തുക കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ല. അത്തരമൊരു മത്സരം ഇവിടെ സംഘടിപ്പിക്കണമെങ്കില്‍ ഞങ്ങള്‍ക്ക് ശക്തമായ ഒരു പങ്കാളിയുടെ പിന്തുണ ആവശ്യമാണ്. കളിക്കുന്നതിനായി അര്‍ജന്റീന ആവശ്യപ്പെട്ട തുക വളരെ വലുതാണ്. ഫുട്ബോളിലെ ഞങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് പരിമിതികളുണ്ട്.'' - ഷാജി പ്രഭാകരന് പറഞ്ഞു.
ഇന്ത്യയും ബംഗ്ലാദേശും പിന്മാറിയതോടെയാണ് അര്‍ജന്റീന ജൂണ്‍ 15-ന് ബെയ്ജിങ്ങില്‍ ഓസ്ട്രേലിയക്കെതിരേയും ജൂണ്‍ 19-ന് ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യ്ക്കെതിരേയും സൗഹൃദ മത്സരം കളിച്ചത്.