
ബുവാനോ ആരീസ്: തുടർച്ചയായ നാല് പന്തുകളിൽ നാല് വിക്കറ്റ് നേടുന്നതിനെയാണ് ക്രിക്കറ്റിൽ ഡബിൽ ഹാട്രിക് എന്നു പറയുന്നത്. അന്താരാഷ്‌ട്ര ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ തന്നെ ഈ അത്യപൂർവ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമായിരിക്കുകയാണ് ഹെർനാൻ ഫെന്നൽ.
ആൾ അർജന്‍റീനയുടെ മീഡിയം പേസ് ബൗളറാണ്. അതെ, കേട്ടതു ശരിതന്നെ. ഫുട്ബോളിൽ മാത്രമല്ല, ക്രിക്കറ്റിലും പിടിയുണ്ട് അർജന്‍റീനക്കാർക്ക്!
ഐസിസി ടി20 ലോകകപ്പിനുള്ള സബ് റീജ്യനൽ അമേരിക്കാസ് യോഗ്യതാ മത്സരത്തിലാണ് മുപ്പത്താറുകാരന്‍റെ നേട്ടം. കേയ്മാൻ ഐലൻഡ്സിനെതിരായ മത്സരത്തിൽ 14 റൺസ് വഴങ്ങി അഞ്ച് വിക്കറ്റാണ് അദ്ദേഹം നേടിയത്.
ഫെന്നലിനു മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഡബിൾ ഹാട്രിക് നേടിയ അഞ്ചു പേർ ഇവരാണ്- റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ), ലസിത് മലിംഗ (ശ്രീലങ്ക), കർട്ടിസ് കാംഫർ (അയർലൻഡ്), ജേസൺ ഹോൾഡർ (വെസ്റ്റിൻഡീസ്), വസീം യാക്കൂബർ (ലെസോത്തോ).
ഡബിൾ ഹാട്രിക്കിനു പുറമേ മറ്റൊരു അപൂർവ നേട്ടത്തിനു കൂടി ഈ മത്സരത്തിൽ ഫെന്നൽ ഉടമയായി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒന്നിലധികം ഹാട്രിക് നേടുന്ന ആറാമത്തെ താരം എന്നതാണ് ഈ നേട്ടം. ഇതിനു മുൻപ് ഒന്നിലധികം ഹാട്രിക് നേടിയിട്ടുള്ളത് വസീം അബ്ബാസ് (മാൾട്ട), പാറ്റ് കമ്മിൻസ് (ഓസ്ട്രേലിയ), മാർക്ക് പാവ്ലോവിച്ച് (സെർബിയ), ടിം സൗത്തി (ന്യൂസിലൻഡ്), ലസിത് മലിംഗ (ശ്രീലങ്ക) എന്നിവരാണ്.