''ഇനിയുള്ള കാലം ചെന്നൈ സൂപ്പർ കിങ്സിൽ, എന്നിൽ ക്രിക്കറ്റ് ഇനിയും ബാക്കിയുണ്ട്'', അശ്വിൻ തിരിച്ചെത്തി

''ഇന്ത്യൻ ക്രിക്കറ്ററായ അശ്വിനാണ് വിരമിച്ചത്, ക്രിക്കറ്ററായ അശ്വിൻ ഇനിയും ശേഷിക്കുന്നു''
R Ashwin, who left Australia after announcing retirement reaches Chennai airport
ഓസ്ട്രേലിയയിൽനിന്ന് ഇന്ത്യയിലേക്കു മടങ്ങി‍യ ആർ. അശ്വിൻ ചെന്നൈ വിമാനത്താവളത്തിൽ
Updated on

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു പിന്നാലെ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യയുടെ പ്രീമിയം ഓഫ് സ്പിന്നർ ആർ. അശ്വിൻ സ്വന്തം നാടായ ചെന്നൈയിൽ തിരിച്ചെത്തി.

തന്നിലെ ക്രിക്കറ്റർ ഇനിയും അവസാനിച്ചിട്ടില്ലെന്നും, ഇനി ആവുന്നിടത്തോളം കാലം ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അശ്വിൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിലായിരുന്ന അശ്വിനെ ഇത്തവണ ചെന്നൈയാണ് ലേലത്തിൽ സ്വന്തമാക്കിയത്. 2009ൽ അശ്വിന്‍റെ ഐപിഎൽ കരിയർ ആരംഭിക്കുന്നതും ചെന്നൈയിലാണ്. അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്കുള്ള പ്രധാന ചവിട്ടുപടികളൊന്നായിരുന്നു അത്. 2015ലാണ് ടീം മാറുന്നത്. പിന്നീട് തിരിച്ചുവരവ് ഇതാദ്യം.

തമിഴ്നാട് പ്രീമിയർ ലീഗിലും തുടർന്ന് കളിക്കാനാണ് അശ്വിന്‍റെ തീരുമാനം. ടിഎൻപിഎല്ലിൽ ഡിണ്ടിഗൽ ഡ്രാഗൺസിന്‍റെ ക്യാപ്റ്റനാണ് അശ്വിൻ. ഇന്ത്യൻ ക്രിക്കറ്ററായ അശ്വിനാണ് വിരമിച്ചതെന്നും, ക്രിക്കറ്ററായ അശ്വിൻ ഇനിയും ശേഷിക്കുന്നു എന്നും അദ്ദേഹം ആവർത്തിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് പെട്ടെന്ന് വിരമിച്ച തീരുമാനത്തിൽ തെല്ലും ഖേദമില്ലെന്നും അശ്വിൻ പറഞ്ഞു. ഓസ്ട്രേലിയയിൽ വച്ച് ബുധനാഴ്ച ഉച്ച കഴിഞ്ഞ വിരമിക്കൽ പ്രഖ്യാപിച്ച അശ്വിൻ, വ്യാഴാഴ്ച തന്നെ ചെന്നൈയിൽ തിരിച്ചെത്തുകയായിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും സ്വീകരിക്കാനെത്തി. ആയിരക്കണക്കിന് ആരാധകരും വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു.

ഇത്രയധികം പേർ തന്നെ കാണാൻ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അശ്വിൻ വ്യക്തമാക്കി. ''ഒരുപാടു കാലം ഞാൻ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചു. പക്ഷേ, ഇതുപോലൊരു ആൾക്കൂട്ടം മുൻപ് കണ്ടിട്ടുള്ളത് 2011ൽ ലോകകപ്പ് ജയിച്ചപ്പോൾ മാത്രമാണ്'', അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com