രസംകൊല്ലിയായി മഴ; ഇന്ത്യ, പാകിസ്ഥാൻ മത്സരം നിർത്തിവച്ചു

മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെയും പരുക്കിൽനിന്നു തിരിച്ചെത്തിയ കെ.എൽ. രാഹുലിന്‍റെയും സെഞ്ചുറികളാണ് ടീമിനു മികച്ച സ്കോർ സമ്മാനിച്ചത്
asia cup 2023 india vs pakistan
asia cup 2023 india vs pakistan

കൊളംബോ: ഏഷ്യാ കപ്പിൽ വീണ്ടും മഴക്കളി. ഇന്ത്യക്കെതിരെ 357 റണ്‍സിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാൻ 11 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന നിലയിലെത്തിയപ്പോഴാണ് രസംകൊല്ലിയായി മഴയെത്തിയത്.

ഒമ്പത് റണ്‍സെടുത്ത ഇമാമുള്‍ ഹഖിനെ ജസ്പ്രീത് ബുമ്ര മടക്കിയപ്പോൾ 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഹാര്‍ദ്ദിക് പാണ്ഡ്യ വീഴ്ത്തി. 14 റണ്‍സെടുത്ത ഫഖര്‍ സമനും ഒരു റണ്ണോടെ മുഹമ്മദ് റിസ്‍വാനുമാണ് ക്രീസില്‍.

മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെയും പരുക്കിൽനിന്നു തിരിച്ചെത്തിയ കെ.എൽ. രാഹുലിന്‍റെയും സെഞ്ചുറികളാണ് ടീമിനു മികച്ച സ്കോർ സമ്മാനിച്ചത്. പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഏകദിന സ്കോർ കൂടിയാണിത്.

ആകെ 94 പന്തിൽ ഒമ്പത് ഫോറും മൂന്നു സിക്സും സഹിതം 122 റൺസെടുത്ത കോലി പുറത്താകാതെ നിന്നു. രാഹുൽ 106 പന്തിൽ 12 ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 111 റൺസും നേടി. 233 റൺസിന്‍റെ അപരാജിത കൂട്ടുകെട്ടാണ് ഇവർ പടുത്തുയർത്തിയത്.

ഈർപ്പമുള്ള പിച്ചിൽ റൺ നിരക്ക് ഉയർത്താൻ തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ട് നേരിട്ടെങ്കിലും ഇരുവർക്കും ഭീഷണിയുയർത്താൻ പാക് ബൗളർമാർക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. ഹാരിസ് റൗഫിന് പരുക്ക് കാരണം പന്തെറിയാൻ സാധിക്കാതിരുന്നതും തിരിച്ചടിയായി.

ഞായറാഴ്ച ആരംഭിച്ച മത്സരം മഴ കാരണം തടസപ്പെട്ടതോടെ റിസർവ് ദിവസമായ തിങ്കളാഴ്ചത്തേക്കു നീട്ടുകയായിരുന്നു. തലേന്നത്തെ സ്കോറായ, 24.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിൽ ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചു. 16 പന്തിൽ എട്ടു റൺസുമായി കോലിയും, 28 പന്തിൽ 17 റൺസുമായി രാഹുലുമായിരുന്നു തുടക്കത്തിലേ ക്രീസിൽ.

ഞായറാഴ്ച ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. പതിവിലേറെ പോസിറ്റിവ് രീതിയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും യുവതാരം ശുഭ്‌മാൻ ഗില്ലും തകർത്തടിച്ചതോടെ സ്കോർ കുതിച്ചുകയറി. എട്ടോവറിൽ 50 തികച്ച ഇന്ത്യക്ക് നൂറിലെത്താൻ അടുത്ത 32 പന്ത് മാത്രമേ വേണ്ടിവന്നുള്ളൂ.

സ്കോർ 16.4 ഓവറിൽ 121 റൺസിലെത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് വീഴുന്നത്. 49 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 56 റൺസെടുത്ത രോഹിത് പുറത്ത്, ഷാദാബ് ഖാന് വിക്കറ്റ്. 17.5 ഓവറിൽ ഗില്ലും പുറത്തായി. 52 പന്തിൽ പത്ത് ഫോർ ഉൾപ്പെടെ 58 റൺസായിരുന്നു സമ്പാദ്യം. രണ്ടാം സ്പെല്ലിനെത്തിയ ഷഹീൻ അഫ്രീദിക്കായിരുന്നു വിക്കറ്റ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com