
ഏഷ്യ കപ്പിൽ ഇന്ത്യക്ക് ആദ്യ മത്സരം യുഎഇക്കെതിരേ.
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിന് യുഎഇയിൽ ചൊവ്വാഴ്ച തുടക്കം കുറിക്കും. അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. രാത്രി എട്ടിനാണ് ഭൂരിഭാഗം മത്സരങ്ങളും നടക്കുക. രണ്ട് മത്സരമുള്ള ദിവസങ്ങളിൽ മാത്രം ആദ്യ മത്സരം വൈകിട്ട് 5.30ന് ആരംഭിക്കും.
ട്വന്‍റി20 ഫോർമാറ്റിലെ ടൂർണമെന്‍റിന്‍റെ ഫൈനൽ 28ന് അരങ്ങേറും. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഒമാൻ, യുഎഇ, ഹോങ്കോങ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. നാലു ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളാണുള്ളത്. ഗ്രൂപ്പ് എയിൽ ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചാണ്. കൂടെ ഒമാനും യുഎഇയും.
ബുധനാഴ്ച യുഎഇയുമായി ഇന്ത്യക്ക് ആദ്യ മത്സരം. സെപ്റ്റംബർ 14നാണ് ഇന്ത്യ-പാക്കിസ്ഥാൻ ഹൈ വോൾട്ടെജ് പോരാട്ടം. രണ്ടു ഗ്രൂപ്പുകളിൽനിന്നും മികച്ച രണ്ടു ടീമുകൾ വീതം സൂപ്പർ ഫോറിലേക്ക് മുന്നേറും. സൂപ്പർ ഫോറിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ഫൈനലിൽ ഏറ്റുമുട്ടുക. ടൂർണമെന്‍റിന്‍റെ ഘടന അനുസരിച്ച് ഒന്നിലധികം തവണ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരാൻ സാധ്യതയുണ്ട്.
നിലവിലുള്ള ചാംപ്യൻമാരായ ഇന്ത്യ ദുബായിലെ ഐസിസി അക്കാഡമിയിൽ കഠിന പരിശീലനത്തിലാണ്. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ ജെഴ്സി കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തിരുന്നു.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, അഭിഷേക് ശർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, തിലക് വർമ, അർഷ്‌ദീപ് സിങ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.