
ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം
രാജ്ഗിർ (ബിഹാർ): ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യ ചാംപ്യൻ. ഫൈനലിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരേ നാല് ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി. ഇതോടെ അടുത്ത വർഷം നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കുന്ന ലോകകപ്പിനും ഇന്ത്യ യോഗ്യത സ്വന്തമാക്കി. ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യ കപ്പ് ജേതാക്കളാകുന്നത്. 2003, 2007, 2017 വർഷങ്ങളിലും ഇന്ത്യ കിരീടം ചൂടിയിരുന്നു.
കലാശക്കളിയിൽ ആക്രമണ ഹോക്കിയിലൂടെ ദക്ഷിണ കൊറിയയെ വീർപ്പുമുട്ടിച്ചാണ് ഇന്ത്യ ഏഷ്യ കപ്പ് ട്രോഫി വീണ്ടും ഷെൽഫിൽ എത്തിച്ചത്. ദിൽപ്രീത് സിങ് ഇന്ത്യയ്ക്കായി രണ്ടു ഗോളടിച്ചു. അമിത് രോഹിദാസ്, സുഖ്ജീത് സിങ് എന്നിവരും സ്കോർ ചെയ്തു. പ്ലേ മേക്കറുടെ റോളിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും മിന്നിത്തിളങ്ങി. ടൂർണമെന്‍റിൽ തുടക്കത്തിലെ പാളിച്ചകളെ മറികടന്ന ഇന്ത്യ അവസാന മൂന്നു മത്സരങ്ങളിൽ 15 ഗോളാണ് അടിച്ചുകൂട്ടിയത്.