
അഭിഷേക് ശർമ
ദുബായ്: ഏഷ്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിനു കീഴടക്കിയ ഇന്ത്യ ഫൈനലിൽ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് മാത്രമാണെടുത്തത്. 37 പന്തിൽ നിന്നും 6 ബൗണ്ടറിയും 5 സിക്സറുകളുമുൾപ്പടെ 75 റൺസ് നേടിയ അഭിഷേക് ശർമയാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. എന്നാൽ, എതിരാളികളെ 19.3 ഓവറിൽ 127 റൺസിന് എറിഞ്ഞിട്ട ബൗളർമാർ ഇന്ത്യക്ക് ഈ മത്സരത്തിലും അനായാസ ജയം നേടിക്കൊടുത്തു.
ബംഗ്ലാദേശിനു വേണ്ടി റിഷാദ് ഹുസൈൻ രണ്ടും തൻസിം ഹസൻ സക്കീബ്, മുസ്താഫിസുർ റഹ്മാൻ, മുഹമ്മദ് സൈഫുദീൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയപ്പോൾ, അഭിഷേകിനെ കൂടാതെ ആരും ഇന്ത്യൻ നിരയിൽ അർധ സെഞ്ചുറി നേടിയില്ല. 202 എന്ന സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത അഭിഷേക് ആറ് ഫോറും അഞ്ച് സിക്സും നേടി. ശുഭ്മൻ ഗില്ലിനും (19 പന്തിൽ 29) ഹാർദിക് പാണ്ഡ്യക്കും (29 പന്തിൽ 38) മാത്രമാണ് അഭിഷേകിനെ കൂടാതെ നൂറിനു മുകളിൽ സ്ട്രൈക്ക് റേറ്റ് കണ്ടെത്താൻ സാധിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും ചേർന്ന് 77 റൺസാണ് ഒന്നാം വിക്കറ്റിൽ അടിച്ചു കൂട്ടിയത്. പവർ പ്ലേയിൽ അഭിഷേകിനൊപ്പം വമ്പൻ ഷോട്ടുകൾ പായിച്ച ഉപ നായകൻ ശുഭ്മൻ ഗിൽ (29) തരക്കേടില്ലാത്ത സംഭാവന ചെയ്തു. ഗില്ലിനെ പുറത്താക്കികൊണ്ട് റിഷാദ് ഹുസൈനാണ് കൂട്ടുകെട്ട് തകർത്തത്. പിന്നാലെ പ്രൊമോഷന്‍ വാങ്ങി മൂന്നാം നമ്പറിൽ ക്രീസിലെത്തിയ ശിവം ദുബെയ്ക്ക് (2) മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. തുടർന്ന് ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവിനെ (5) മുസ്താഫിസുർ റഹ്മാനും തിലക് വർമയെ (5) തൻസിം ഹസനും പുറത്താക്കിയതോടെ ഇന്ത‍്യ പ്രതിരോധത്തിലായി.
പിന്നീട് ഹാർദിക് പാണ്ഡ‍്യയാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 29 പന്തിൽ നിന്നും 4 ബൗണ്ടറിയും ഒരു സിക്സറും ഉൾപ്പെടെ 38 റൺസാണ് ഹാർദിക് നേടിയത്. ഏഴാം നമ്പറിൽ അക്ഷർ പട്ടേലും (15 പന്തിൽ 10) ഇറങ്ങിയപ്പോൾ സഞ്ജു സാംസണ് ബാറ്റ് ചെയ്യാൻ അവസരം കിട്ടിയില്ല.
തുടർന്ന് ബംഗ്ലാദേശ് ഇന്നിങ്സിനും ഭേദപ്പെട്ട അടിത്തറ കിട്ടി. തൻസിദ് ഹസൻ (1) വേഗത്തിൽ പുറത്തായെങ്കിലും, സെയ്ഫ് ഹസനും (51 പന്തിൽ 69) പർവേസ് ഹുസൈൻ ഇമോനും (19 പന്തിൽ 21) ചേർന്ന് സ്കോർ 46 വരെയെത്തിച്ചു. ഇമോൻ പുറത്തായ ശേഷം ബംഗ്ലാദേശ് ബാറ്റിങ് നിരയുടെ കൂട്ടത്തകർച്ചയാണ് കണ്ടത്. മറ്റാർക്കും രണ്ടക്ക സ്കോർ പോലും നേടാനായില്ല.
ഇന്ത്യക്കു വേണ്ടി കുൽദീപ് യാദവ് 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്കും വരുൺ ചക്രവർത്തിക്കും രണ്ട് വിക്കറ്റ് വീതം. നാലോവർ എറിഞ്ഞ അക്ഷർ പട്ടേലും മൂന്നു പന്തു മാത്രമെറിഞ്ഞ തിലക് വർമയും ഓരോ വിക്കറ്റ് സ്വന്തമാക്കി.