
അഭിഷേക് ശർമ
ദുബായ്: ഇന്ത‍്യക്കെതിരായ ഏഷ‍്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കയ്ക്ക് 203 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ 202 റൺസെന്ന കൂറ്റൻ സ്കോർ നേടി. മത്സരത്തിന്‍റെ തുടക്കത്തിലെ ആക്രമണോത്സുക ബാറ്റിങ് പുറത്തെടുത്ത് ശ്രീലങ്കൻ ബൗളർമാരെ തച്ചു തകർത്ത അഭിഷേക് ശർമയുടെ തിളക്കമാർന്ന പ്രകടനമാണ് ഇന്ത‍്യക്ക് കരുത്തേകിയത്. 31 പന്തിൽ 8 ബൗണ്ടറിയും 2 സിക്സറും അടക്കം 61 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.
അഭിഷേകിനു പുറമെ തിലക് വർമ, മലയാളി താരം സഞ്ജു സാംസൺ, അക്ഷർ പട്ടേൽ എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. തിലക് 34 പന്തിൽ 49 റൺസും അക്ഷർ 15 പന്തിൽ 22 റൺസും നേടി പുറത്താവാതെ നിന്നപ്പോൾ സഞ്ജു 23 പന്തിൽ നിന്നും 3 സിക്സറും ഒരു ബൗണ്ടറിയും ഉൾപ്പടെ 39 റൺസ് നേടി.
വൈസ് ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ (4) ക‍്യാപ്റ്റൻ സൂര്യകുമാർ യാദവ് (12), ഹാർദിക് പാണ്ഡ‍്യ (2) എന്നിവർ നിരാശപ്പെടുത്തി. ശ്രീലങ്കയ്ക്കു വേണ്ടി മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, വാനിന്ദു ഹസരങ്ക, ദസുൻ ഷാനക, ചാരിത് അസലങ്ക എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.