ഏഷ്യ കപ്പിന് അരങ്ങൊരുങ്ങി

ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും ഏറ്റുമുട്ടും; ഇന്ത്യക്ക് ആദ്യ മത്സരം ബുധനാഴ്ച യുഎഇക്കെതിരേ
ഏഷ്യ കപ്പിന് അരങ്ങൊരുങ്ങി | Asia cup India's chances

ഏഷ്യ കപ്പിനു മുന്നോടിയായി ഇന്ത്യൻ ടീമംഗങ്ങൾ പരിശീലനത്തിൽ.

Updated on

ദുബായ്: ഏഷ്യൻ ക്രിക്കറ്റിലെ രാജകിരീടം തേടിയുള്ള അങ്കത്തിന് ചൊവ്വാഴ്ച തുടക്കം. യുഎഇയിലെ ദുബായ്, അബുദാബി എന്നിവിടങ്ങൾ വേദിയാക്കിയാണ് ഏഷ്യ കപ്പ് ക്രിക്കറ്റ് അരങ്ങേറുന്നത്. ഉദ്ഘാടന മത്സരത്തിൽ രാത്രി എട്ടു മണിക്ക് ഗ്രൂപ്പ് ബിയുടെ പ്രതിനിധികളായ അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും ഏറ്റുമുട്ടും. ആതിഥേയരായ യുഎഇയുമായി ബുധനാഴ്ചയാണ് ഇന്ത്യയുടെ ആദ്യ കളി. ഫൈനൽ 28ന്.

ട്വന്‍റി20 ഫോർമാറ്റിലാണ് ഇക്കുറി ഏഷ്യ കപ്പ്. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഒമാൻ, യുഎഇ, ഹോങ്കോങ് എന്നീ ടീമുകൾ പങ്കെടുക്കുന്നു. നാലു ടീമുകൾ വീതമുള്ള ഇരു ഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ട്. ര‌ണ്ടു ഗ്രൂപ്പിലെയും മികച്ച രണ്ടു ടീമുകൾ സൂപ്പർ ഫോറിലേക്ക് മുന്നേറും.

സൂപ്പർ ഫോറിലെ ആദ്യ രണ്ടു സ്ഥാനക്കാർ ഫൈനലിൽ പ്രവേശിക്കും. ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. അതിനാൽ ഇക്കുറി ഒന്നിലധികം തവണ ഇന്ത്യ-പാക് മുഖാമുഖത്തിന് സാധ്യതയുണ്ട്.

ഒമ്പതാം കിരീടം ഉന്നമിടുന്ന ഇന്ത്യയ്ക്കു തന്നെയാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഏകദിന ഫോർമാറ്റിലെ ഏഴു പതിപ്പുകളിലും ട്വന്‍റി20 രൂപത്തിലെ ഒരു പതിപ്പിലും ഇന്ത്യ ഏഷ്യ കപ്പ് ജേതാക്കളായിട്ടുണ്ട്.

ട്വന്‍റി20 ലോകകപ്പിന്‍റെ ഡ്രസ് റിഹേഴ്സൽ കൂടിയായ ടൂർണമെന്‍റിനെ വളരെ പ്രാധാന്യത്തോടെയാണ് സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലെ ഇന്ത്യൻ ടീം നോക്കിക്കാണുന്നത്. സൂര്യകുമാറും സഞ്ജു സാംസണും അഭിഷേക് ശർമയും അടങ്ങുന്ന ഇന്ത്യൻ ബാറ്റിങ് നിര ഏതു ബൗളർമാരുടെ മനസിലും ഭീതിവിതയ്ക്കും. തിലക് വർമയും ശുഭ്മൻ ഗില്ലും റിങ്കു സിങ്ങും ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും അക്ഷർ പട്ടേലും ഇന്ത്യൻ ബാറ്റിങ്ങിന് അപാരമായ ആഴം നൽകുന്നു. ഹാർദിക്കും ദുബെയും അഭിഷേകും അക്ഷറും പന്തുകൊണ്ടും ഇന്ത്യയെ തുണയ്ക്കും. ജസ്പ്രീത് ബുംറയും അർഷദീപ് സിങ്ങും നയിക്കുന്ന പേസ് നിരയും കുൽദീപ് യാദവ് - വരുൺ ചക്രവർത്തി സ്പിൻ ദ്വയവും എതിർ ബാറ്റർമാർക്ക് തലവേദന സൃഷ്ടിക്കുമെന്നത് ഉറപ്പാണ്.

ഏഷ്യ കപ്പ് ട്രോഫിയിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടാത്ത ഇന്ത്യയെ ആരു വെല്ലുവിളിക്കും എന്നതാണ് പ്രധാന ചോദ്യം. പാക്കിസ്ഥാനും ശ്രീലങ്കയും പഴയ പ്രതാപത്തിന്‍റെ നിഴലിലാണെന്നത് ഇന്ത്യയുടെ സാധ്യത പതിന്മടങ്ങ് വർധിപ്പിക്കുന്നു. ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും പോലുള്ള സീനിയർ ബാറ്റർമാരെ ഒഴിവാക്കിയ പാക്‌ ടീം പരീക്ഷണത്തിന്‍റെ പാതയിലാണ്. സൽമാൻ ആഗ നയിക്കുന്ന പാക്കിസ്ഥാൻ സംഘം യുവത്വത്തിന്‍റെ കരുത്തിലാണ് കളംതൊടുന്നത്. എങ്കിലും അവരുടെ ബൗളർമാരിൽ പരിചയസമ്പന്നരായ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും ഹസൻ അലിയും ഇടംപിടിക്കുന്നു. ഇന്ത്യൻ ബാറ്റർമാരെ ഈ ത്രയം എങ്ങനെ മെരുക്കുമെന്നതിന് അനുസരിച്ചിരിക്കും പാക്കിസ്ഥാന്‍റെ വിജയസാധ്യതകൾ.

ഏഷ്യ കപ്പിന് അരങ്ങൊരുങ്ങി | Asia cup India's chances

ഹാർദിക് പാണ്ഡ്യ പരിശീലനത്തിൽ.

ചരിത് അസലങ്കയുടെ ക്യാപ്റ്റൻസിക്കു കീഴിൽ എത്തുന്ന ശ്രീലങ്കയെയും എഴുതിത്തള്ളാനാവില്ല. പക്ഷേ, ഒരു ടൂർണമെന്‍റിലെ ആറോ ഏഴോ മത്സരങ്ങൾ വിജയിക്കാൻ പാകത്തിൽ സ്ഥിരത പുലർത്താൻ അവർക്ക് കഴിയുമോയെന്നതിൽ സംശയമുണ്ട്. ടി20 ഫോർമാറ്റിൽ ബംഗ്ലാദേശിനെ ഏതു ടീമും കരുതലോടെ കാണണം. ഊർജസ്വലമാണ് ബംഗ്ലാ പട. എന്നാൽ, ഒരു വലിയ ടൂർണമെന്‍റിൽ ഉടനീളം വിജയതൃഷ്ണ കാത്തുസൂക്ഷിക്കാൻ കഴിയുന്നില്ലെന്നതാണ് അവരുടെ പ്രശ്നം.

ഈ മൂന്നു ടീമുകളെയും അപേക്ഷിച്ച് കൂടുതൽ മുന്നേറ്റത്തിന് പ്രാപ്തിയുള്ളത് അഫ്ഗാനിസ്ഥാനാണെന്നു പറയാം. ക്യാപ്റ്റൻ റാഷിദ് ഖാനും റഹ്മത്തുള്ള ഗുർബാസും ഇബ്രാഹി സദ്രാനും മുഹമ്മദ് നബിയും ഗുലാബുദീൻ നബിയും നൂർ അഹമ്മദും മുജിബുർ റഹ്മാനും അടങ്ങുന്ന അഫ്ഗാൻ ടീമിൽ മാച്ച് വിന്നർമാർക്ക് പഞ്ഞമില്ല. ഇന്ത്യയടക്കം ഏറെ സൂക്ഷിക്കേണ്ട ടീമായി അഫ്ഗാൻ മാറിക്കഴിഞ്ഞെന്ന് നിസംശയം പറയാം.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, അഭിഷേക് ശർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, തിലക് വർമ, അർഷദീപ് സിങ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.

ഇന്ത്യയുടെ മത്സരക്രമം

സെപ്റ്റംബർ 10: vs യുഎഇ

14 vs പാക്കിസ്ഥാൻ

19 vs ഒമാൻ

ഗ്രൂപ്പുകൾ

എ: ഇന്ത്യ, പാക്കിസ്ഥാൻ, യുഎഇ, ഒമാൻ

ബി: ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാൻ, ഹോങ്കോങ്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com