അടിച്ചുമാറ്റിയ ഏഷ‍്യ കപ്പ് എവിടെ‍? വായ തുറക്കാതെ നഖ്‌വി

ഏഷ‍്യ കപ്പ് ട്രോഫി ദുബായിലെ എസിസി ആസ്ഥാനത്തുണ്ടെന്നാണ് ഒരു റിപ്പോർട്ട്
asia cup trophy 2025 mohsin naqvi

മൊഹ്സിൻ നഖ്‌വി

Updated on

ദുബായ്: ഇന്ത്യയ്ക്ക് അർഹതപ്പെട്ട ഏഷ്യ കപ്പ് ക്രിക്കറ്റ് ട്രോഫിയുടെ സ്ഥിതി അജ്ഞാതം. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രിയും എസിസി (ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ) ചെയർമാനുമായ മൊഹ്സിൻ നഖ്‌വി മൗനം പാലിക്കുകയാണ്.

സെപ്റ്റംബർ 28ലെ ഫൈനലിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ഏഷ്യ കപ്പിൽ ചാംപ്യൻമാരായത്. സമ്മാനദാന ചടങ്ങിൽ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം തയാറായില്ല. തുടർന്ന് ട്രോഫിയും ഇന്ത്യൻ കളിക്കാർക്കുള്ള മെഡലുകളും നഖ്‌വി തന്നിഷ്ടപ്രകാരം ഹോട്ടൽ റൂമിലേക്ക് കൊണ്ടുപോയി.

ട്രോഫി ദുബായിലെ എസിസി ആസ്ഥാനത്തുണ്ടെന്നാണ് ഒരു റിപ്പോർട്ട്. കിരീടം യുഎഇ ക്രിക്കറ്റ് ബോർഡിന് കൈമാറിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഔദ്യോഗിക ചടങ്ങിൽവച്ച് തന്‍റെ കൈയിൽ നിന്നു തന്നെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ട്രോഫി ഏറ്റുവാങ്ങണമെന്ന ഉപാധി നഖ്‌വി മുന്നിൽവച്ചെങ്കിലും ഇന്ത്യ ചെവിക്കൊണ്ടിട്ടില്ല.

ഈയാഴ്ചയാദ്യം കറാച്ചിയിൽ പാക് സ്പിന്നർ അബ്രാർ അഹമ്മദിന്‍റെ വിവാഹ സത്കാരത്തിനെത്തിയ നഖ്‌വിയോട് ഏഷ്യ കപ്പ് ട്രോഫിയെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. "എന്താണ് ഏഷ്യ കപ്പ് ട്രോഫിയുടെ ഭാവിയെന്ന് ഒരു റിപ്പോർട്ടർ' ചോദിക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം. എന്നാൽ മറുപടി പറയാതെ പാക് പേസർ ഷഹീൻ അഫ്രീദിക്കൊപ്പം ആൾക്കൂട്ടത്തിനിടയിലൂടെ നഖ്‌വി കാറിനരുകിലേക്ക് നടന്നുനീങ്ങുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com