ഏഷ്യൻ ഗെയിംസ്: ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിൽ

24 റണ്‍സ് നേടിയ ജേകര്‍ അലി, പര്‍വേസ് ഹുസൈന്‍ ഇമോന്‍ (23), റാക്കിബുല്‍ ഹസന്‍ (14) എന്നീ മൂന്നു പേർ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കണ്ടവർ
india vs bangladesh
india vs bangladesh
Updated on

ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ സെമിയില്‍ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. നിശ്ചിത 20 ഓവറിൽ ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടു. തിലക് വര്‍മയ്ക്ക് അർദ്ധ സെഞ്ചുറി(55).

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കത്തിൽ യശസ്വി ജയ്‌സ്വാളിൻ്റെ(0) വിക്കറ്റ് നഷ്ടമായതോടെ പിന്നീട് അങ്ങോട്ട് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദും തിലക് വര്‍മയും ചേർന്ന് ബൗണ്ടറികൾക്ക് തിരികൊളുത്തി. ഋതുരാജ് ഗെയ്ക്‌വാദ് 26 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 40 റണ്‍സ് അടിച്ചുകൂട്ടിയപ്പോൾ 26 പന്തില്‍ നിന്ന് ആറ് സിക്‌സും രണ്ട് ഫോറുമടക്കം 55 റൺസായിരുന്നു തിലക് വർമയുടെ സമ്പാദ്യം.

പുറത്താകാതെ നിന്ന ഇരുവരും ചേർന്ന് 10-ാം ഓവറിൽ ഇന്ത്യയ്ക്ക് ജയവും, ഫൈനലിലേക്കുള്ള ടിക്കറ്റും സ്വന്തമാക്കി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 96 റണ്‍സ് വാരിക്കൂട്ടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിന് അന്തകനായത് മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ്. വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തു.

24 റണ്‍സ് നേടിയ ജേകര്‍ അലി, പര്‍വേസ് ഹുസൈന്‍ ഇമോന്‍ (23), റാക്കിബുല്‍ ഹസന്‍ (14) എന്നീ മൂന്നു പേർ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കണ്ടവർ. മഹ്മുദുല്‍ ഹസന്‍ ജോയ് (5), സെയ്ഫ് ഹസന്‍ (1), സാക്കിര്‍ ഹുസൈന്‍ (0), അഫീഫ് ഹുസൈന്‍ (7), ഷഹദാത്ത് ഹുസൈന്‍ (5), മൃതുന്‍ജോയ് ചൗധരി (4), റിപോണ്‍ മണ്ഡല്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

logo
Metro Vaartha
www.metrovaartha.com