ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം

ഇന്ത്യയുടെ ആകെ മെഡലുകൾ ഇതോടെ 95 ആയി ഉയർന്നു.
asian games hockey gold medal
asian games hockey gold medal
Updated on

ഹാങ്ചൗ: പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം നേടി. ഫൈനലില്‍ ജപ്പാനെ 1-5 ന് തകർത്താണ് ഇന്ത്യൻ താരങ്ങൾ സ്വർണം അണിഞ്ഞത്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ നാലാം പുരുഷ ഹോക്കി സ്വര്‍ണമാണിത്. ഇതിനുമുന്‍പ് 1966, 1998, 2014 ഏഷ്യന്‍ ഗെയിംസുകളിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്.

സ്വർണ മെഡല്‍ നേട്ടത്തോടെ ഇന്ത്യ, അടുത്ത വര്‍ഷം പാരിസില്‍ നടക്കുന്ന ഒളിംപിക്‌സിനും യോഗ്യത നേടി. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് സിങ് രണ്ടും, അമിത് രോഹിതാസ്, മന്‍പ്രീത് സിങ്, അഭിഷേക് എന്നിവര്‍ ഓരോ ഗോളും നേടി. ജപ്പാനുവേണ്ടി തനാക സെറെന്‍ ആശ്വാസഗോള്‍ നേടി.

ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനെ 4-2 വ്യത്യാസത്തില്‍ തോൽപ്പിക്കാൻ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഗോളിനായി 25 -ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. തുടര്‍ന്ന് താളം കണ്ടെത്തിയ ഇന്ത്യ 32 -ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. 36, 48 മിനിറ്റുകളില്‍ കൂടി ഗോള്‍ വന്നതോടെ ജപ്പാന്‍ കൂടുതല്‍ ആക്രമണം അഴിച്ചു വിട്ടു. 51 -ാം മിനിറ്റില്‍ അവര്‍ക്കതിന്‍റെ ഫലവും ലഭിച്ചു. രണ്ട് ഗോളവസരങ്ങള്‍ ഗോള്‍കീപ്പര്‍ ശ്രീജേഷ് തട്ടിക്കളഞ്ഞെങ്കിലും തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ജപ്പാന്‍ വലയിലാക്കി.

59 -ാം മിനിറ്റില്‍ ഹര്‍മ്മന്‍പ്രീത് സിങ് പെനാല്‍റ്റിയിലൂടെ ഗോള്‍ കണ്ടെത്തിയതോടെ ഇന്ത്യയുടെ ജയം ഉറപ്പിക്കുകയായിരുന്നു.

ഒരു മത്സരത്തില്‍ പോലും തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ സുവര്‍ണ്ണ നേട്ടം. ആറ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ 66 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ നേടുന്ന 22-ാം സ്വര്‍ണവും 95-ാം മെഡലുമാണിത്. നേരത്തേ ഗ്രൂപ്പ് ഘട്ട മത്സരത്തിലും ഇന്ത്യ ജപ്പാനെ തകര്‍ത്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com