44 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം

ലാൽറെംസിയാമിയാണ് ഇന്ത്യയ്ക്കായി നിർണായക ഗോൾ നേടിയത്
India wins gold in Asian Games women's hockey.

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം

Updated on: 

ഐച്ചി-നഗോയ: വനിതാ ഹോക്കിയിൽ 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് സ്വർണം. നിലവിലെ ചാമ്പ്യൻമാരായ ചൈനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതാ ടീം സ്വർണമണിഞ്ഞത്. ഇതോടെ 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലേക്ക് ഇന്ത്യ നേരിട്ട് യോഗ്യതയും നേടി.

ഇന്ത്യൻ വനിതാ ടീമിന്‍റെ ഏഷ്യൻ ഗെയിംസിലെ രണ്ടാമത്തെ സ്വർണമാണിത്. 44 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ വനിതാ ഹോക്കിയിൽ രണ്ടാം തവണ ഏഷ്യൻ ഗെയിംസ് സ്വർണം നേടുന്നത്. 1982ലാണ് ഇന്ത്യ ഇതിന് മുൻപ് വനിതാ ഹോക്കിയിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയത്. അന്ന് ഏഷ്യൻ ഗെയിംസിൽ വനിതാ ഹോക്കി ആദ്യമായി ഉൾപ്പെടുത്തിയപ്പോഴായിരുന്നു ഇന്ത്യയുടെ നേട്ടം.

പിന്നീട് രണ്ട് തവണ ഇന്ത്യ സ്വർണത്തിനടുത്തെത്തിയെങ്കിലും റണ്ണറപ്പായി തൃപ്തിപ്പെടുകയായിരുന്നു. 1998ൽ ദക്ഷിണ കൊറിയയോടും 2018ൽ ജപ്പാനോടുമാണ് ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടത്.

മത്സരത്തിന്‍റെ പത്താം മിനിറ്റിൽ ലാൽറെംസിയാമി നേടിയ ഗോളാണ് ഇന്ത്യയുടെ വിജയത്തിന് നിർണായകമായത്. തുടർന്ന് ചൈന നിരന്തരം ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധനിര ലീഡ് കാത്തുസൂക്ഷിച്ചു. പരിചയസമ്പന്നയായ ഗോൾകീപ്പർ സവിത പുനിയ നിർണായകമായ പെനാൽറ്റി സ്ട്രോക്ക് തടഞ്ഞതും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

logo
Metro Vaartha
www.metrovaartha.com