പൊന്മുടി മലനിരകളിൽ സൈക്കിൾ പായിച്ച് ചൈനീസ് താരങ്ങൾ

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാംപ്യൻഷിപ്പ്: മറ്റിടങ്ങളിലേതിനെക്കാൾ മികച്ച ട്രാക്കെന്ന് ചൈനീസ് കോച്ച്, പാക്കിസ്ഥാനടക്കം ടീമുകളും തിരുവനന്തപുരത്തേക്ക്
Chinese cycling team members during a practice session at Ponmudi, Thiruvananthapuram.
Chinese cycling team members during a practice session at Ponmudi, Thiruvananthapuram.
Updated on

പി.ബി. ബിച്ചു

പൊന്മുടി: എസ്റ്റേറ്റ് തൊഴിലാളികളുടെ ലായങ്ങൾക്കിടയിലൂടെയും തേയിലത്തോട്ടങ്ങളിലൂടെയും അതിസാഹസികമായ രീതിയിൽ സൈക്കിളുകൾ പായിച്ച് ചൈനീസ് ടീമിന്‍റെ പരിശീലനം. പൊൻമുടി താഴ്വാരങ്ങളിലെ കുത്തിറക്കങ്ങളും കിടങ്ങുകളും ഭേദിച്ച് സൈക്ലിങ് താരങ്ങൾ പായുമ്പോൾ ഇന്ത്യയും സർവോപരി കേരളവും ആതിഥ്യമരുളുന്ന ആദ്യ രാജ്യാന്തര ചാംപ്യൻഷിപ്പിനുള്ള പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ട്. ഈ മാസം 26 മുതല്‍ 29 വരെയാണ് 28ാമത് ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യൻഷിപ്പ് നടക്കുക. കൊറിയ, ഖസാക്കിസ്ഥാൻ, തായ്‌ലന്‍റ്,ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ ഇന്നും പാക്കിസ്ഥാൻ ഉൾപ്പടെ പതിനഞ്ചോളം രാജ്യങ്ങൾ പിന്നാലെയും എത്തുന്നതോടെ വരും ദിവസങ്ങളിൽ‌ തീപാറുന്ന മത്സരങ്ങൾക്കാണ് കളമൊരുങ്ങുന്നത്.

പൊന്മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ സംഘടിപ്പിക്കുന്ന ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങൾ ഇതിനോടകം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. മലനിരകളിലെ സാഹസിക റൂട്ടുകൾ മാത്രമല്ല, വീടുകൾകൾക്കും കൃഷി സ്ഥലങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കുമെല്ലാം ഇടയിലൂടെ കടന്നുപോകുന്ന രീതിയിലുള്ള ട്രാക്കുകളാണ് മത്സരങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

പരിശീലനത്തിന്‍റെ ഭാഗമായി താരങ്ങൾ സൈക്കിളിൽ പായുമ്പോൾ ഹർഷാരവങ്ങളുമായി പ്രദേശവാസികളും ഒപ്പമുണ്ട്. പൊന്മുടിയുടെ താഴ്വാരങ്ങളിൽ ഏക്കറുകളായി പരന്ന് കിടക്കുന്ന മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്‍റെ ഭാഗങ്ങളിലൂടെയാണ് വിവിധ ഘട്ടങ്ങളിലുള്ള പരിശീലനം. ഏഴ് പെൺകുട്ടിൾ ഉൾപ്പെടുന്ന ചൈനയിൽ നിന്നെത്തിയ താരങ്ങളാണ് ഇന്ത്യൻ താരങ്ങൾക്കൊപ്പം ഇന്നലെ പരിശീലനത്തിനിറങ്ങിയത്. ഒരു രാജ്യത്ത് നിന്നും പത്തിലേറെ മത്സരാർഥികളാണ് വിവിധ സെഗ്മെന്‍റുകളിലായി മാറ്റുരയ്ക്കുന്നത്.

വളരെ മികച്ച ട്രാക്കാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നതെന്നും വാശിയേറിയ മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് കോച്ച് ഇജിയാൻ മെട്രൊ വാർത്തയോടു പറഞ്ഞു. ചൈനയിലേതിനെക്കാളും യൂറോപ്പിലേതിനെക്കാളും മികച്ച ട്രാക്കാണ് പൊന്മുടിയിലൊരുക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊന്മുടിയുടെ തണുപ്പ്‌ ആസ്വദിക്കാനും ചൈനീസ്‌ പരിശീലകനും മറ്റ്‌ ഒഫീഷ്യൽസും സമയം കണ്ടെത്തി. ടീം അംഗങ്ങൾ റോഡിലൂടെയും പരിശീനലം നടത്തി. ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും പ്രമുഖരായ റൈഡേഴ്‌സാണ് ചാംപ്യന്‍ഷിപ്പില്‍ അണിനിരക്കുന്നത്. ഇന്ത്യയടക്കം 20 ഓളം രാജ്യങ്ങളുടെ ടീം രജിസ്‌ട്രേഷന്‍ ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. പുരുഷ വനിത വിഭാഗങ്ങളിലായി എലൈറ്റ് ഡൗണ്‍ഹില്‍, എലൈറ്റ് ക്രോസ് കണ്‍ട്രി ഒളിംപിക്, ജൂനിയര്‍ ക്രോസ് കണ്‍ട്രി ഒളിംപിക്, അണ്ടര്‍ 23 ക്രോസ് കണ്‍ട്രി ഒളിംപിക്, എലൈറ്റ് ക്രോസ് കണ്‍ട്രി എലിമിനേറ്റര്‍, മിക്സഡ് എലൈറ്റ് ക്രോസ് കണ്‍ട്രി ടീം റിലേ എന്നിങ്ങനെ ആറിനങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

1.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഡൗണ്‍ ഹില്‍ മത്സരങ്ങളും നാലു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ക്രോസ് കണ്‍ട്രി മത്സരവുമാണ് ചാമ്പ്യന്‍ഷിപ്പിന്‍റെ മുഖ്യ ആകര്‍ഷണം.ഇതുവരെ രജിസ്റ്റര്‍ ചെയ്തതില്‍ കസാക്കിസ്ഥാനില്‍ നിന്നുള്ളതാണ് ഏറ്റവും വലിയ ടീം. 19 റൈഡേഴ്‌സാണ് ടീമിലുള്ളത്. അഞ്ച് ഒഫീഷ്യലുകളും ടീമിനൊപ്പമുണ്ട്. ചൈനയില്‍ നിന്നും 16 റൈഡേഴ്‌സും പാക്കിസ്ഥാനില്‍ നിന്ന് അഞ്ചു പേരുമാണ് ചാംപ്യന്‍ഷിപ്പിനെത്തുന്നത്. ഇന്തോനേഷ്യയില്‍ നിന്ന് 18 റൈഡേഴ്‌സും ജപ്പാനില്‍ നിന്ന് 11 പേരും ചൈനീസ് തായ്‌പേയ്, ഫിലിപ്പൈന്‍സ് എന്നിവടങ്ങളില്‍ നിന്ന് 10 വീതം റൈഡേഴ്‌സും കളത്തിലിറങ്ങും.

കൊറിയയും തായ്‌ലാന്‍ഡും ഒന്‍പതു പേരുടെ ടീമുമായാണ് ഇന്ത്യയിലേക്കെത്തുന്നത്. ഹോങ്കോങ്, മംഗോളിയ, ഉസ്‌ബെക്കിസ്ഥാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ ഏഴംഗ ടീമുമായാണ് എത്തുന്നത്. ഇറാനില്‍ നിന്നും മലേഷ്യയില്‍ നിന്നും അഞ്ച് റൈഡേഴ്‌സ് വീതവും സിംഗപ്പൂരില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും മൂന്നു പേര്‍ വീതവും മത്സരിക്കും. നാലു റൈഡേഴ്‌സാണ് നേപ്പാള്‍ സംഘത്തില്‍ ഉള്ളത്. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഇന്ത്യൻ ടീം അംഗങ്ങളും പരിശീലനത്തിലാണ്.

റഫറിമാർക്ക് ഹയാത്തിൽ പരിശീലനം

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് മുന്നോട്ടിയായി റഫറിമാർക്ക് വേണ്ടി ഹയാത്തിൽ പരിശീലന കോഴ്സ സംഘടിപ്പിച്ചു. ഹംഗറിയിൽ നിന്നുള്ള പരിശീലക സില്ല ടാമിനും സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ നിന്നുള്ള സഹപരിശീലകൻ ആകാശ് ഖത്‌കാമിനുമൊപ്പം ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള 15 റഫറിമാർ പങ്കെടുത്തു. ഇന്ത്യയിൽ വെച്ച് ആദ്യമായാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്. ഏഷ്യന്‍ സൈക്ലിങ് കോൺഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഓംകാര്‍ സിങ്, സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മനിന്ദര്‍പാല്‍ സിങ് എന്നിവരും എലൈറ്റ് പരിശീലനത്തിന്‍റെ ഭാഗമായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com