

ഓസ്ട്രേലിയ- ഇംഗ്ലണ്ട് ആഷസ് ടെസ്റ്റ് തടസപ്പെട്ടു
സിഡ്നി: ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ആഷസ് ടെസ്റ്റ് മഴയും മങ്ങിയ വെളിച്ചവും മൂലം തടസപ്പെട്ടു. അഞ്ചാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 45 ഓവർ പൂർത്തിയായപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് അടിച്ചെടുത്തിട്ടുണ്ട്. 72 റൺസുമായി ജോ റൂട്ടും 78 റൺസുമായി ഹാരി ബ്രൂക്കുമാണ് ക്രീസിൽ. ഓപ്പണിങ് ബാറ്റർമാരായ സാക് ക്രോളി, ബെൻ ഡക്കറ്റ്, ജേക്കബ് ബെഥേൽ എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.
ഓസ്ട്രേലിയക്കു വേണ്ടി പേസർ മിച്ചൽ സ്റ്റാർക്ക്, മൈക്കൽ നെസർ, സ്കോട്ട് ബോലൻഡ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ആദ‍്യ വിക്കറ്റിൽ 35 റൺസ് കൂട്ടുകെട്ടുണ്ടാക്കാൻ ടീമിന് കഴിഞ്ഞു. എന്നാൽ ബെൻ ഡക്കറ്റ് അലക്സ് ക‍്യാരിക്ക് ക‍്യാച്ച് നൽകി മടങ്ങി.
തുടർന്ന് 16 റൺസ് കൂടി സ്കോർബോർഡിൽ ചേർത്തപ്പോൾ രണ്ടാം വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. സാക് ക്രോളിയാണ് പുറത്തായത്. പിന്നാലെയത്തിയ ജേക്കബ് ബെഥേലും ഉടനെ തന്നെ പുറത്തായതോടെ ടീം പ്രതിരോധത്തിലായങ്കെിലും നാലാം വിക്കറ്റിൽ റൂട്ട് - ബ്രൂക്ക് സഖ‍്യം 150 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി റൺനില ഉയർത്തി.
ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്. പേസർ ഗസ് അറ്റ്കിൻസനു പകരം മാത‍്യു പോട്ട്സിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ സ്പിന്നർ ഷോയിബ് ബഷീറിന് പ്ലെയിങ് ഇലവനിൽ അവസരം നഷ്ടമായി. അതേസമയം, പാറ്റ് കമ്മിൻസിന്‍റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. ഒരു മാറ്റമാണ് ഓസീസ് ടീമിലുള്ളത്. ജൈ റിച്ചാർഡ്സനു പകരം ബ‍്യൂ വെബ്സ്റ്റർ കളിക്കും.