aus vs england 3rd ashes test match updates

ട്രാവിസ് ഹെഡ്

വീണ്ടും സെഞ്ചുറി; ആഷസിൽ ട്രാവിസ് ഹെഡിനെ പൂട്ടാനാവാതെ ഇംഗ്ലണ്ട്

ഇതോടെ ഓസീസിന്‍റെ ലീഡ് 330 കടന്നു
Published on

അഡ്‌ലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിന് സെഞ്ചുറി. ഇതോടെ ഓസീസിന്‍റെ ലീഡ് 330 കടന്നു. പുറത്താവാതെ ട്രാവിസ് ഹെഡും ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ അലക്സ് കാരിയുമാണ് ക്രീസിൽ. നേരത്തെ ഇംഗ്ലണ്ടിനെതിരേ നടന്ന ആദ‍്യ ടെസ്റ്റിലും ട്രാവിസ് ഹെഡ് സെഞ്ചുറി നേടിയിരുന്നു.

ഓപ്പണിങ് ബാറ്റർ ജേക്ക് വെതറാൾഡ് (1) മാർനസ് ലബുഷെയ്ൻ (13), ഉസ്മാൻ ഖവാജ (40) കാമറൂൺ ഗ്രീൻ (7) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. ഇംഗ്ലണ്ടിനു വേണ്ടി ജോഷ് ടങ് രണ്ടും ബ്രൈഡൻ കാർസെ, വിൽ ജാക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ 8 വിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 73 റൺസ് മാത്രമാണ് അടിച്ചെടുക്കാനായത്. ജോഫ്രാ ആർച്ചറും ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സും അർധസെഞ്ചുറി നേടി.

സ്റ്റോക്സ് 198 പന്തുകളും ആർച്ചർ 105 പന്തുകളുമാണ് നേരിട്ടത്. ഒമ്പതാം വിക്കറ്റിൽ ഇരുവരും 100 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. സ്റ്റോക്സിനെ മിച്ചൽ സ്റ്റാർക്കും ആർച്ചറെ സ്കോട്ട് ബോലൻഡുമാണ് പുറത്താക്കിയത്. ഇതോടെ 286 റൺസിന് ടീം ഓൾഔട്ടായി.

രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഓപ്പണിങ് ബാറ്റർ ജേക്ക് വെതറാൾഡിനെ പുറത്താക്കികൊണ്ട് ബ്രൈഡൻ കാർസെ ആദ‍്യ പ്രഹരമേൽപ്പിച്ചു. പിന്നാലെയെത്തിയ മാർനസ് ലബുഷെയ്നെയ്ക്കും കാര‍്യമായി തിളങ്ങാനായില്ല. മൂന്നാം വിക്കറ്റിൽ ഖവാജ- ഹെഡ് സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് ടീം സ്കോർ ഉയർന്നത്.

എന്നാൽ ഈ കൂട്ടുകെട്ട് അധികം നീണ്ടു നിന്നില്ല. വിൽ ജാക്സ് എറിഞ്ഞ പന്തിൽ ജേമി സ്മിത്തിന് ക‍്യാച്ച് നൽകി ഖവാജ മടങ്ങി. ഒന്നാം ഇന്നിങ്സിൽ ഡക്കായ കാമറൂൺ ഗ്രീൻ രണ്ടാം ഇന്നിങ്സിലും മോശം പ്രകടനം തുടർന്നു. അഞ്ചാം വിക്കറ്റിൽ ഇതുവരെ അമ്പതിനു മുകളിൽ കൂട്ടുകെട്ട് നേടാൻ ഹെഡ്- കാരി സഖ‍്യത്തിന് സാധിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com