

ഓസ്ട്രേലിയൻ ടീം
മെൽബൺ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ആഷസ് ടെസ്റ്റ് മത്സരത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ‍്യാപിച്ചു. കഴിഞ്ഞ മത്സരങ്ങളിൽ നിന്നും മാറ്റം വരുത്താതെയാണ് ഓസീസ് ഇത്തവണ കളത്തിലിറങ്ങുക. പാറ്റ് കമ്മിൻസിന്‍റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുന്നത്.
ആദ‍്യ രണ്ടു ടെസ്റ്റും പരുക്കേറ്റതു മൂലം കമ്മിൻസിന് നഷ്ടമായിരുന്നുവെങ്കിലും അഡ്‌ലെയ്ഡ് ടെസ്റ്റിൽ ക‍്യാപ്റ്റനായി തിരിച്ചെത്തി ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. ജോലിഭാരം ഒഴിവാക്കുന്നതിനും 2026 ടി20 ലോകകപ്പിന് മുന്നോടിയായി കായികക്ഷമത വീണ്ടെടുക്കുന്നതിനുമാണ് താരത്തിന് അഞ്ചാം ടെസ്റ്റിൽ വിശ്രമം അനുവദിച്ചിരിക്കുന്നതെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ‍്യക്തമാക്കി. ജനുവരി 4ന് സിഡ്നിയിലാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്.
ഉസ്മാൻ ഖവാജയെയും ഓസീസ് ടീമിലെടുത്തിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ഖവാജ മതിയാക്കാനൊരുങ്ങുന്നുവെന്ന അഭ‍്യൂഹങ്ങൾ നിലനിൽക്കെയാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പരമ്പരയിൽ മൂന്നു മത്സരങ്ങളിൽ നിന്ന് മാത്രമായി 30.60 ശരാശരിയിൽ 153 റൺസ് മാത്രമാണ് ഖവാജ നേടിയത്.
ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുമോയെന്ന കാര‍്യം സംശയത്തിലാണ്. കാരണം 6 ഇന്നിങ്സിൽ നിന്നും 112 റൺസും മൂന്നു വിക്കറ്റും മാത്രമാണ് ഗ്രീനിന് നേടാനായത്.
ആദ‍്യ മൂന്നു ടെസ്റ്റ് മത്സരങ്ങളിലും വിജയം നേടിയ ഓസീസ് അവസാന മത്സരത്തിലും വിജയം ഉറപ്പിക്കുകയെന്ന ലക്ഷ‍്യത്തിലാണ് ഇംഗ്ലണ്ടുമായി ഏറ്റുമുട്ടുന്നത്. അതേസമയം, മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ ബെൻ സ്റ്റോക്സിന്‍റെ ഇംഗ്ലണ്ടിനോട് 4 വിക്കറ്റിന് ഓസീസ് തോൽവി ഏറ്റുവാങ്ങിയിരുന്നു. 15 വർഷത്തിനിടെ ഓസ്ട്രേലിയൻ മണ്ണിൽ ഇംഗ്ലണ്ട് നേടിയ ചരിത വിജയമായിരുന്നു മെൽബണിൽ അരങ്ങേറിയത്.
ഓസ്ട്രേലിയൻ ടീം: സ്റ്റീവ് സ്മിത്ത് (ക‍്യാപ്റ്റൻ), സ്കോട്ട് ബോലൻഡ്, അലക്സ് കാരി, ബ്രൻഡൻ ഡോഗെറ്റ്, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്നെ,ടോഡ് മർഫി, മൈക്കൽ നെസർ, ജൈ റിച്ചാർഡ്സൺ, മിച്ചൽ സ്റ്റാർക്ക്, ജേക്ക് വെതറാൾഡ്, ബ‍്യൂ വെബ്സ്റ്റർ.