

ജേക്ക് വെതറാൾഡ്, മാറ്റ് റെൻഷോ
സിഡ്നി: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ഓസ്ട്രേലിയൻ ടീമിൽ ഒരു മാറ്റം. ഓപ്പണിങ് ബാറ്റർ ജേക്ക് വെതറാൾഡിന് പകരം മാറ്റ് റെൻഷോയെയാണ് പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ‍്യ ടെസ്റ്റ് മത്സരത്തിൽ ജനിച്ചു വളർന്ന നാട്ടിൽ പോലും ജേക്ക് വെതറാൾഡിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിരുന്നില്ല.
ഇതിനു പിന്നാലെയാണ് താരത്തെ ടീമിൽ നിന്നും മാറ്റി മാറ്റ് റെൻഷോയെ പുതിയ ഓപ്പണറാക്കി ടീമിലെടുത്തത്. 2023ൽ ഇന്ത‍്യയ്ക്കെതിരേയാണ് മാറ്റ് റെൻഷോ അവസാനമായി ഓസ്ട്രേലിയക്കു വേണ്ടി കളിച്ചത്. 3 വർഷത്തിനു ശേഷം ടീമിൽ തിരിച്ചെത്തുമ്പോൾ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഉസ്മാൻ ഖവാജ ടെസ്റ്റ് മതിയാക്കിയതോടെ മികച്ച ഒരു ഓപ്പണറെ കണ്ടെത്താൻ പാടുപെടുകയാണ് കംഗാരുക്കൾ.
മാറ്റ് റെൻഷോയ്ക്ക് ഖവാജ ടീമിന് നൽകിയ ഇംപാക്റ്റ് നൽകാൻ സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. സ്പിന്നർ നേഥൻ ലിയോണിനെ മാറ്റി മുഴുവൻ പേസർമാരെയും രംഗത്തിറക്കാൻ ഓസീസ് പദ്ധതിയിട്ടിരുന്നുവെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. ആദ‍്യ ടെസ്റ്റിൽ പരാജയപ്പെട്ട ഓസീസ് ക്വീൻസ്‌ലാൻഡിലെ ഗ്രേറ്റ് ബാരിയർ റീഫ് അരീനയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്.
രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ഓസീസ് ടീം പ്ലെയിങ് ഇലവൻ: മാറ്റ് റെൻഷോ, ട്രാവിസ് ഹെഡ്, മാർനസ് ലബുഷെയ്നെ, സ്റ്റീവ് സ്മിത്ത്, കാമറൂൺ ഗ്രീൻ, അലക്സ് കാരി (വിക്കറ്റ് കീപ്പർ), ബ‍്യൂ വെബ്സ്റ്റർ, പാറ്റ് കമ്മിൻസ് ( ക‍്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നേഥൻ ലിയോൺ, ജോഷ് ഹേസൽവുഡ്