ചെന്നൈ: ഇന്ത്യയുടെ വമ്പിന് ഓസീസ് ഷോക്ക്. ഏകദിന ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്കൊരു മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഓസീസിന് മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര. ആദ്യ മത്സത്തില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് രണ്ട് മത്സരങ്ങളിലും വിജയിച്ച് ഇന്ത്യക്കെതിരായ ഏകദിന പരമ്പര 2-1ന് ഓസ്ട്രേലിയ സ്വന്തമാക്കി. ചെന്നൈയിലെ അവസാന ഏകദിനത്തില്‍ 270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.1 ഓവറില്‍ 248 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ സന്ദര്‍ശകര്‍ 21 റണ്‍സിന്റെ ജയം സ്വന്തമാക്കി. സ്കോര്‍: ഓസീസ്- 269 (49), ഇന്ത്യ- 248 (49.1). ഓസീസിനായി ആദം സാംബ നാലും ആഷ്ടണ്‍ അഗര്‍ രണ്ടും മാര്‍ക്കസ് സ്റ്റോയിനിസും ഷോണ്‍ അബോട്ടും ഓരോ വിക്കറ്റും വീഴ്ത്തി.
54 റണ്‍സ് നേടിയ വിരാട് കോലിയാണ് ടോപ് സ്കോറര്‍. 10 ഓവറില്‍ 45 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ആദം സാംബയാണ് ഇന്ത്യയെ തകര്‍ത്തത്.
മറുപടി ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്‍-രോഹിത് ശര്‍മ്മ സഖ്യം ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടക്കാരന്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടക്കത്തിലെ കടന്നാക്രമിച്ച് ഇരുവരും കുതിച്ചപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ 9.1 ഓവറില്‍ 65 റണ്‍സ് പിറന്നു. 17 പന്തില്‍ 30 നേടിയ രോഹിത്തിനെ ഷോണ്‍ അബോട്ടും 49 പന്തില്‍ 37 നേടിയ ഗില്ലിനെ പിന്നാലെ ആദം സാംബയും പവലിയനില്‍ എത്തിച്ചു. ഇതിന് ശേഷം വിരാട് കോലി-കെ എല്‍ രാഹുല്‍ സഖ്യം പോരാട്ടത്തിന് ശ്രമിച്ചെങ്കിലും രാഹുലിനെ 50 പന്തില്‍ 32 റണ്‍സെടുത്ത് നില്‍ക്കേ മടക്കി സാംബ വീണ്ടും ബ്രേക്ക് ത്രൂ നല്കി. സ്ഥാനക്കയറ്റം കിട്ടി അഞ്ചാമനായി ക്രീസിലെത്തിയ അക്സര്‍ പട്ടേലാവട്ടേ 4 പന്തില്‍ 2 റണ്ണുമായി സ്റ്റീവ് സ്മിത്തിന്റെ ത്രോയില്‍ മടങ്ങി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് നല്ല തുടക്കമിട്ടെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയിലൂടെയും കുല്‍ദീപ് യാദവിലുടെയും പിടിച്ചുകെട്ടിയ ഇന്ത്യ സന്ദര്‍ശകരെ 49 ഓവറില്‍ 269 റണ്‍സിന് പുറത്താക്കി. ഓസ്ട്രേലിയന്‍ നിരയില്‍ ഒറ്റ ബാറ്റര്‍ പോലും അര്‍ധസെഞ്ചുറി തികക്കാതിരുന്ന മത്സരത്തില്‍ 47 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ടോപ് സ്കോറര്‍. ഇന്ത്യക്കായി ഹാര്‍ദ്ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
അടിച്ചു തകര്‍ത്ത് തുടക്കം, പിടിച്ചുകെട്ടി പാണ്ഡ്യ
തുടക്കം മുതല്‍ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും അടിച്ചു തകര്‍ത്തതോടെ ഓസ്ട്രേലിയന്‍ സ്കോര്‍ പത്തോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 61ല്‍ എത്തി.എന്നാല്‍ പതിനൊന്നാം ഓവര്‍ എറിയാനായി ഹാര്‍ദ്ദിക് പാണ്ഡ്യ എത്തിയതോടെ കളി മാറി. ഹാര്‍ദ്ദിക്കിന്റെ രണ്ടാം പന്തില്‍ തന്നെ ട്രാവിസ് ഹെഡിനെ ബൗണ്ടറിയില്‍ ശുഭ്മാന്‍ ഗില്‍ കൈവിട്ടെങ്കിലും രണ്ട് പന്തുകളുടെ ഇടവേളയില്‍ ഹെഡിനെ തേര്‍ഡ് മാനില്‍ കുല്‍ദീപ് യാദവിന്റെ കൈകളിലെത്തിച്ച് ഹാര്‍ദ്ദിക് ഓസീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.
31 പന്തില്‍ 33 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഹെഡ്-മാര്‍ഷ് സഖ്യം 68 റണ്‍സടിച്ചു. വണ്‍ ഡൗണായി എത്തിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ച് ഹാര്‍ദ്ദിക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. നിലയുറപ്പിച്ചെന്ന് കരുതിയ മിച്ചല്‍ മാര്‍ഷിനെ കൂടി ബൗള്‍ഡാക്കി പാണ്ഡ്യ ഓസീസിന്റെ തലയരിഞ്ഞതോടെ ഓസീസ് കുതിപ്പിന് കടിഞ്ഞാണ്‍ വീണു.
നടുവൊടിച്ച് കുല്‍ദീപ്
കരിയറിലാദ്യമായി നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി ഡേവിഡ് വാര്‍ണര്‍ 23 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും അധികം നീണ്ടില്ല. കുല്‍ദീപ് യാദവിന്റെ പന്തില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് വാര്‍ണര്‍ മടങ്ങുമ്പോള്‍ ഓസീസ് സ്കോര്‍ ബോര്‍ഡില്‍ 125 റണ്‍സെ ഉണ്ടായിരുന്നുള്ളു. പിന്നാലെ മാര്‍നസ് ലാബുഷെയ്നും അലക്സ് ക്യാരിയും ചേര്‍ന്ന് ഇന്ത്യക്ക് ഭീഷണിയാകുമെന്ന് കരുതിയെങ്കിലും ലാബുഷെയ്നും(28) കുല്‍ദീപിനെ സിക്സടിക്കാനുള്ള ശ്രമത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തി. മാര്‍ക്കസ് സ്റ്റോയ്നിസ്- ക്യാരി സഖ്യം 58 റണ്‍സ് കൂട്ടുകെട്ടിലൂടെ ഓസീസിനെ മികച്ച സ്കോറിലെത്തിക്കുമെന്ന് കരുതിയിരിക്കെ സ്റ്റോയിനിസിനെ(25) അക്സറും, സ്കോര്‍ 200 കടന്നതിന് പിന്നാലെ അലക്സ് ക്യാരിയെ ബൗള്‍ഡാക്കി കുല്‍ദീപും ആഞ്ഞടിച്ചതോടെ ഓസീസിന് താളം തെറ്റി.
അവസാന ഓവറുകളില്‍ പിടിച്ചു നിന്ന് തകര്‍ത്തടിച്ച ഷോണ്‍ ആബട്ടും(23 പന്തില്‍ 26) ആഷ്ടണ്‍ അഗറും(21 പന്തില്‍ 17) ചേര്‍ന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 250ന് അടുത്തെത്തിച്ചത്.