രണ്ടാം കിരീടത്തിൽ മുത്തമിടാൻ കംഗാരുപ്പട

ഫെബ്രുവരി ഏഴിന് ഇന്ത‍്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിന് തയാറെടുക്കുകയാണ് മിച്ചൽ മാർഷിന്‍റെ നേതൃത്വത്തിലുള്ള കംഗാരുപ്പട
australia cricket team t20 world cup 2026

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം

Updated on

ഫെബ്രുവരി ഏഴിന് ഇന്ത‍്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിന് തയാറെടുക്കുകയാണ് മിച്ചൽ മാർഷിന്‍റെ നേതൃത്വത്തിലുള്ള കംഗാരുപ്പട. രണ്ടാം കിരീടത്തിൽ മുത്തമിടുകയാണ് ഓസീസിന്‍റെ ലക്ഷ‍്യം. എന്നാൽ കഴിഞ്ഞ ലോകകപ്പ് ടീമിനെ അപേക്ഷിച്ച് ഇത്തവണത്തെ ഓസ്ട്രേലിയൻ ടീം അത്ര ശക്തരല്ല.

പരുക്ക് മൂലം പാറ്റ് കമ്മിൻസിന്‍റെയും മാത‍്യു ഷോർട്ടിന്‍റെയും സാന്നിധ‍്യം ഓസീസിന് ഇത്തവണ നഷ്ടമാവും. കമ്മിൻ‌സിനു പകരം പരിചയസമ്പത്തില്ലാത്ത ബെൻ ഡാർഷൂയിസിനെയും മാത‍്യു ഷോർട്ടിനു പകരം മാറ്റ് റെൻഷോയെയുമാണ് ഓസീസ് ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്.

കൂടാതെ പരുക്കിൽ നിന്നും മുക്തനാവാത്ത ജോഷ് ഹേസൽവുഡ് ലോകകപ്പിന്‍റെ ആദ‍്യ ഘട്ട മത്സരങ്ങൾ കളിക്കില്ല. ഇതോടെ ഓസ്ട്രേലിയയുടെ ബൗളിങ് നിര അവതാളത്തിലാകും. ബാറ്റർമാരെ പ്രതിരോധത്തിലാക്കാൻ കെൽപ്പുള്ള ബൗളർമാരുടെ അഭാവമാണ് ഓസീസ് ടീമിൽ വെല്ലുവിളി ഉയർത്തുന്നത്.

ആകെ പ്രതീക്ഷ നൽകുന്നത് സ്പിന്നർ ആദം സാംപയാണ്. ഏഷ‍്യൻ രാജ‍്യങ്ങളിൽ മികച്ച റെക്കോഡുള്ള താരമാണ് സാംപ. അടുത്തിടെ നടന്ന പാക്കിസ്ഥാൻ പരമ്പരയിലെ പ്രകടനം ഇതിന് തെളിവാണ്. 3 മത്സരങ്ങളിൽ നിന്നും അഞ്ച് വിക്കറ്റ് വീഴ്ത്താൻ താരത്തിന് സാധിച്ചു.

പ്രധാന താരങ്ങൾ ഇല്ലാതെയായിരുന്നു ഓസ്ട്രേലിയ പാക്കിസ്ഥാൻ പരമ്പര കളിച്ചത്. 3-0ന് ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ദൈവത്തിന്‍റെ പോരാളികൾ പരാജയപ്പെട്ടു കൊണ്ടെ തുടങ്ങാറുള്ളൂയെന്ന് ഐപിഎൽ ടീമായ മുംബൈ ഇന്ത‍്യൻസിനെ വിശേഷിപ്പിക്കുന്നതു പോലെയാണ് ഓസിസിന്‍റെ കാര‍്യവും.

പാക്കിസ്ഥാനുമായുള്ള പരമ്പര പരാജ‍യപ്പെട്ടതു കൊണ്ട് ഓസീസിനെ എഴുതി തള്ളാൻ വരട്ടെ. ഐസിസി ടൂർണമെന്‍റുകളിലാണ് ഓസീസ് തങ്ങളുടെ യഥാർഥ കളി പുറത്തെടുക്കുന്നത്. ഡേവിഡ് വാർണറും മിച്ചൽ സ്റ്റാർക്കും ടി20 ക്രിക്കറ്റ് മതിയാക്കിയ ശേഷമുള്ള ആദ‍്യ ടി20 ലോകകപ്പാണ് ഓസീസ് നേരിടുന്നത്.

ട്രാവിസ് ഹെഡ്- മിച്ചൽ മാർഷ് സഖ‍്യത്തിന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് തകർക്കാൻ ബൗളർമാർ പാടുപെടും. ആക്രമണോത്സുക പുറത്തെടുത്ത് ബൗളർമാരെ തല്ലിതകർക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് ഇരുവരും. ടിം ഡേവിഡും കാമറൂൺ ഗ്രീനും ഗ്ലെൻ മാക്സ്‌വെല്ലും മധ‍്യനിര‍യിലെത്തുമ്പോൾ ഓസീസ് ടീം കൂടുതൽ ശക്തമാവും. ഫെബ്രുവരി 11ന് അയർ‌ലൻഡിനെതിരേയാണ് ടി20 ലോകകപ്പിൽ ഓസീസിന്‍റെ ആദ‍്യ മത്സരം

logo
Metro Vaartha
www.metrovaartha.com