
#അഹമ്മദാബാദില്‍നിന്ന് സി.കെ. രാജേഷ്കുമാര്‍
സബര്‍മതിയിലൂടെ ഒഴുകിയത് ഇന്ത്യയുടെ കണ്ണീര്. തലയെടുപ്പോടെ ട്രാവിസ് ഹെഡ്ഡും. ലോകകപ്പിലെ സെമി വരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ച് മുന്നേറിയെത്തിയ ടീം ഇന്ത്യക്ക് ഫൈനലില്‍ ആറ് വിക്കറ്റിന്റെ പരാജയം. 2003ലെ ഫൈനലില്‍ റിക്കി പോണ്ടിങ്ങിന്റെ സെഞ്ചുറിയായിരുന്നു ഇന്ത്യയുടെ കഥ കഴിച്ചതെങ്കില്‍ 2023ലെത്തുമ്പോള്‍ അത് ട്രാവിസ് ഹെഡ്ഡായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, പതിവിനു വിപരീതമായി തകര്‍ന്നടിഞ്ഞപ്പോള്‍ 50 ഓവറില്‍ 240ന് റണ്‍സിനു പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ തുടക്കത്തില്‍ പതറിയെങ്കിലും ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിന്റെ മാസ്മരിക സെഞ്ചുറിയുടെ മികവിലും മാര്‍നസ് ലാബുഷെയ്നിന്റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ട്രാവിസ് ഹെഡ്ഡാണ് മാന്‍ ഓഫ് ദ മാച്ച്.
ഇന്ത്യയുടെ മികച്ച ബൗളിങ്ങിനു മുന്നില്‍ പതറാതെ പോരാടി വിജയം പിടിച്ചെടുക്കുകയായിരുന്നു ഓസീസ്. ഓസ്ട്രേലിയയുടെ ആറാം ലോകകിരീടമാണിത്. ആദ്യമായാണ് ഒരു പേസ് ബൗളര്‍ നയിച്ച ഓസ്ട്രേലിയ ലോകകിരീടത്തില്‍ മുത്തമിടുന്നത്. ഏഴോവറില്‍ മൂന്നിന് 47 എന്ന നിലയില്‍ തകര്‍ന്ന ശേഷമായിരുന്നു ഓസീസിന്റെ തിരിച്ചുവരവ്. ട്രാവിസ് ഹെഡ് 120 പന്തില്‍ 15 ബൗണ്ടറിയുടെയും മൂന്ന് സിക്സിന്റെയും അകമ്പടിയില്‍ 137 റണ്‍സെടുത്തു. ലാബുഷെയ്ന് 110 പന്തില്‍ നാല് ബൗണ്ടറിയുടെ അകമ്പടിയില്‍ റണ്‍സെടുത്ത് ഹെഡ്ഡിനു മികച്ച പിന്തുണ നല്കി. ഇന്ത്യക്കു വേണ്ടി പതിവു പോലെ രോഹിത് ശര്‍മ (31 പന്തില്‍ 47) മികച്ച തുടക്കം നല്കി. വിരാട് കോലി 54ഉം കെ.എല്‍. രാഹുല്‍ 66ഉം റണ്‍സ് നേടി. ബൗളിങ്ങില്‍ ഓസ്ട്രേലിയ്ക്കായി മൂന്നു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടു വിക്കറ്റ് വീതം നേടിയ നായകന് കമിന്‍സും ജോഷ് ഹെയ്സല്‍വുഡും തിളങ്ങി. ഇന്ത്യക്കായി ബുമ്ര രണ്ട് വിക്കറ്റും ഷമിയും സിറാജും ഓരോ വിക്കറ്റും നേടി.
സബര്‍മതിയുടെ തീരത്ത് വെടിക്കെട്ട് കാണാന്‍ മോഹിച്ചവര്‍ക്ക് നിരാശയുടെ പുകപടലമായിരുന്നു ഇന്ത്യന്‍ ബാറ്റിങ്ങില്‍ കാണാനായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ് ലഭിച്ചതിലെ സന്തോഷം രോഹിതിന്റെ മുഖത്ത് പ്രകടമായിരുന്നു എന്നാല്‍, കമിന്‍സിന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ആദ്യ ഒമ്പത് ഓവറിനു ശേഷം ഓസീസ് ബൗളര്‍മാരുടെ പ്രകടനം. അവിടെ വ്യത്യാസം സൃഷ്ടിച്ചതാകട്ടെ, രോഹിത് ശര്‍മയുടെ സാന്നിധ്യവും.
ഒരു ലക്ഷത്തിലേറെ കാണികള്‍ക്കു നടുവിലൂടെ 130 കോടി ജനങ്ങളുടെ പ്രതീക്ഷാ ഭാരവുമായി നായകനും ഗില്ലും മൈതാനത്തേക്കിറങ്ങി. ബൗളറായി മിച്ചല്‍ സ്റ്റാര്‍ക്ക്. രോഹിത് നേരിട്ട ആദ്യപന്തില്‍ത്തന്നെ എല്‍ബിഡബ്ല്യു അപ്പീല്‍. രണ്ടാം പന്തില്‍ രണ്ട് റണ്‍സ് അങ്ങനെ ആദ്യ ഓവറില്‍ മൂന്നു റണ്‍സുമായി രോഹിത് ശര്‍മയും ഇന്ത്യയും തുടങ്ങി. രണ്ടാം ഓവര്‍ എറിയാനെത്തിയത് ജോഷ് ഹെയ്സല്‍വുഡ്. ഫൈനലാണെങ്കിലും പ്രാഥമിക റൗണ്ടാണെങ്കിലും രോഹിത് ശര്‍മ തന്റെ ശൈലി മാറ്റാന്‍ തയാറല്ലായിരുന്നു. ഇന്നിങ്സിലെ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഇന്ത്യയുടെ ആദ്യ ബൗണ്ടറി. ആ ഓവറില്‍ 10 റണ്‍സാണ് ഇന്ത്യ നേടിയത്. നാലാം ഓവറിലെ അഞ്ചാം പന്തില്‍ രോഹിത് തന്റെ ആദ്യ സിക്സ് നേടി. എന്നാല്‍, അഞ്ചാം ഓവറില്‍ ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ട് ആദ്യ വിക്കറ്റ് നിലംപതിച്ചു. ശുഭ്മന്‍ ഗില്‍ പുറത്ത്. സ്റ്റാര്‍ക്കിന്റെ ഷോര്‍ട്ട് പന്തില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച ഗില്ലിനു പിഴച്ചു. ഷോര്‍ട്ട് ലെഗില്‍ ആഡം സാംപയുടെ കൈകളില്‍ അവസാനിച്ച് ഗില്‍ മടങ്ങി. 30 റണ്‍സില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടം. പിന്നാലെ കോലിയെത്തി. വിക്കറ്റ് വീഴ്ചയിലും രോഹിത് തന്റെ ശൈലി മാറ്റിയില്ല. അഞ്ചാം ഓവറിലെ അവസാന പന്തില്‍ സ്റ്റാര്‍ക്കിനെതിരേ ലോങ് ഓഫിലൂടെ സിക്സ്. ഓസീസ് ഫീല്‍ഡര്‍മാരുടെ മികച്ച ഫീല്‍ഡിങ് കൂടിയില്ലായിരുന്നെങ്കില്‍ രോഹിതും കോലിയും കൂടുതല്‍ റണ്‍സ് കണ്ടെത്തുമായിരുന്നു.
കോലിയും വിട്ടുകൊടുത്തില്ല. സ്റ്റാര്‍ക്കിന്റെ ഒരോവറില്‍ ഹാട്രിക് ബൗണ്ടറികള്‍ നേടിക്കൊണ്ട് മികച്ച ഫോം പ്രകടിപ്പിച്ചു. ആദ്യം ഓണ്‍ സൈഡിലൂടെ, പിന്നാലെ സ്ക്വയറിലൂടെ, അവസാനം കവറിലൂടെ.
കമിന്‍സിന്റെ മാറ്റം ഫലം കണ്ടു
ഇരുവരും മികച്ച ഫോമിലായതോടെ കമിന്‍സ് ആദ്യ ബൗളിങ് ചെയ്ഞ്ച് വരുത്തി. ഗ്ലെന്‍ മാക്സ് വെല്ലെത്തി. ആദ്യ ഓവറില്‍ ഒരു ബൗണ്ടറിയടക്കം ഏഴ് റണ്‍സ് വഴങ്ങി. എന്നാല്‍, മാക്സ് വെല്ലിന്റെ രണ്ടാം ഓവറില്‍ കൂറ്റനടിക്ക ശ്രമിച്ച രോഹിതിനു പിഴച്ചു. ഉയര്‍ന്നു പൊങ്ങിയ പന്തില്‍ കണ്ണുവച്ച് പിന്നാലെ 30 വാരയില്നിന്ന് പുറത്തേക്ക്. 15 മീറ്ററോളം പിന്നോട്ടോടിയ ട്രാവിസ് ഹെഡ് പന്ത് കൈക്കലാക്കി. സ്റ്റേഡിയം തരിച്ചിരുന്ന നിമിഷം. കേവലം 31 പന്തില്‍ നാല് ബൗണ്ടറിയും മൂന്നു സിക്സുമടക്കം 47 റണ്‍സുമായി രോഹിത് മടങ്ങി. ഇതോടെ ഇന്ത്യ 9.4 ഓവറില്‍ രണ്ടിന് 76 എന്ന നിലയിലേക്ക പതിച്ചു. ഇന്ത്യ പത്തോവറില്‍ 80 റണ്‍സ് നേടി. മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരായിരുന്നു പിന്നീട് ക്രീസിലെത്തിയത്. കമിന്‍സ് ബൗളര്‍. നേരിട്ട രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയ ശ്രേയസിന് പക്ഷേ, പിന്നീട് പിഴച്ചു. കമിന്‍സിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ഇന്‍ഗ്ലിസിന്റെ കൈകളിലമര്‍ന്നു. ഇതോടെ ഇന്ത്യ 10.2 ഓവറില്‍ മൂന്നിന് 83 എന്ന നിലയിലേക്കു കൂപ്പുകുത്തി.
നാണക്കേട് ഒഴിവാക്കി രാഹുല്‍- കോലി സഖ്യം
ശ്രേയസിനു പകരം കെ.എല്‍. രാഹുല്‍ ക്രീസിലെത്തി. അപകടം മനസിലാക്കിയ കോലിയും രാഹുലും ചേര്‍ന്ന് സാവധാനം ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. ബൗണ്ടറികളില്ലാതെയായി. സിംഗിളുകളിലൂടെ ഇരുവരും മുന്നേറി. എന്നാല്‍, റണ്‍ റേറ്റ് കുറഞ്ഞു. കളിയുടെ മധ്യാവസ്ഥയില്‍ വിക്കറ്റ് വീഴ്ചയുണ്ടാകാതെ ഇരുവരും കാത്തു. 15.3 ഓവറിലാണ് ഇന്ത്യ 100ലെത്തിയത്. തട്ടിയും മുട്ടിയും ഇരുവരും 10 ഓവര്‍ കൂടി പിന്നിട്ടു. ഇതിനിടെ, കോലി ഈ ലോകകപ്പിലെ നാലാം അര്‍ധസെഞ്ചുറി സ്വന്തമാക്കി. 56 പന്തില്‍ നാല് ബൗണ്ടറികളടക്കമായിരുന്നു കോലിയുടെ ഫിഫ്റ്റി. എന്നാല്‍, അധികം താമസിയാതെ ഓസീസ് നായകന് ഇന്ത്യയുടെ ബാറ്റിങ് നെടുന്തൂണ് കോലിയെ പുറത്താക്കി.
കോലിയുടെ വീഴ്ചയും ഇന്ത്യയുടെ തകര്‍ച്ചയും
കമിന്‍സിന്റെ സ്ലോ ബോള്‍ ബൗണ്‍സറില്‍ ബാറ്റിലുരസിയ പന്ത് സ്റ്റംപില്‍ കൊണ്ട് വിക്കറ്റ് ഇളകി. ഇതോടെ ഇന്ത്യ 28. 3 ഓവറില്‍ നാലിന് 148 എന്ന നിലയിലേക്കു വീണു. സര്യകുമാറിനു മുന്നേ ജഡേജയാണ് കോലിക്ക് പകരമെത്തിയത്. 29.1 ഓവറില്‍ ഇന്ത്യ 150ലെത്തി. തട്ടിയും മുട്ടിയും 22 പന്തില്‍ 9 റണ്‍സെടുത്ത ജഡേജയെ ഹെയ്സല്‍വുഡ് പറഞ്ഞുവിട്ടപ്പോള്‍ അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ സൂര്യയെ രോഹിത് പിടിച്ചുനിര്‍ത്തിയതിനു ഫലമുണ്ടായില്ല. സൂര്യയെത്തിയതിനു പിന്നാലെ രാഹുല്‍ അര്‍ധസെഞ്ചുറി നേടി. 86 പന്തില്‍നിന്ന് ഒരു ബൗ്ണ്ടറി മാത്രം അകമ്പടിയായാണ് രാഹുല്‍ 50ലെത്തിയത്. അധികം താമസിയാതെ ജഡേജയും പുറത്തേക്ക്. തട്ടിയും മുട്ടിയും മുന്നേറിയ ജഡേജ 22 പന്ത് നേരിട്ട് ഒമ്പത് റണ്‍സുമായി മടങ്ങി.
സൂര്യയുടെ വരവായിരുന്നു പിന്നീട് എന്നാല്‍, ഏകദിനത്തില്‍ വളരെ മോശം ഫോമിലുള്ള സൂര്യക്ക് ഒന്നും ചെയ്യാനായില്ല. 40 ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെന്ന നിലയിലായിരുന്നു. കൃത്യമായ ഫീല്‍ഡിങ് ക്രമീകരിണത്തിലൂടെ സൂര്യയെ കമിന്‍സ് പൂട്ടി. ഇതോടെ രാഹുലിനു പിഴച്ചു. 107 പന്തില്‍ 66 റണ്‍സ് നേടിയ രാഹുല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനു ക്യാച്ച് നല്കി മടങ്ങി. പിന്നെയെല്ലാം ചടങ്ങു മാത്രമായി.
10 പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ ആറു റണ്‍സെടുത്ത മുഹമ്മദ് ഷമി പുറത്ത്. സ്റ്റാര്‍ക്കിന് മൂന്നാം വിക്കറ്റ്, ഇംഗ്ലിസിന് നാലാമത്തെ ക്യാച്ച്. ഇന്ത്യ 44 ഓവറില്‍ 213/7. പിന്നാലെയെത്തിയ ബുമ്രയ്ക്കും അധികമായുസുണ്ടായില്ല. മൂന്ന് പന്ത് നേരിട്ട് ഒരു റണ്ണെടുത്ത ജസ്പ്രീത് ബുമ്രയെ ആഡം സാംപ വിക്കറ്റിനു മുന്നില്‍ കുടുക്കി.
മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ് എന്നീ വാലറ്റക്കാര്‍ ക്രീസില്‍ വന്നിട്ടും സൂര്യകുമാര്‍ യാദവ് സ്ട്രൈക്ക് നിലനിര്‍ത്താന്‍ ശ്രമിക്കാത്തത് അദ്ഭുതപ്പെടുത്തി.
48-ാമത്തെ ഓവറിലെ മൂന്നാം പന്തില്‍ സൂര്യകുമാര്‍ യാദവ് ഔട്ട്. 28 പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ 18 റണ്‍സ് നേടിയ സ്കൈയെ ജോഷ് ഹെയ്സല്‍വുഡ് പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനായിരുന്നു ക്യാച്ച്. ഇന്‍ഗ്ലിസിന്റെ അഞ്ചാമത്തെ ക്യാച്ചായിരുന്നു ഇത്. അമ്പതാം ഓവറിലെ അവസാന പന്തില്‍ 240 റണ്‍സിന് ഓള്‍ഔട്ടായി. കുല്‍ദീപ് യാദവ് (10) റണ്ണൗട്ടാകുകയായിരുന്നു. മുഹമ്മദ് സിറാജ് 9 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും ഹെയ്സല്‍വുഡും പാറ്റ് കമിന്‍സും രണ്ട് വിക്കറ്റ് വീതം നേടി.
ഷമി തുടങ്ങി, ബുമ്ര തുടര്‍ന്നു
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു ലഭിക്കേണ്ടത്. ജസ്പ്രീത് ബുംമ്രയെറിഞ്ഞ ആദ്യ പന്ത് ഒന്നാം സ്ലിപ്പില്‍നിന്ന കോലിക്കും രണ്ടാം സ്ലിപ്പില്‍നിന്ന ഗില്ലിനുമിടയിലൂടെ പറന്നു. ആശയപ്പിശകിലൂടെ ബുംമ്രയ്ക്ക് ലഭിക്കേണ്ട വിക്കറ്റ് ബൗണ്ടറികടന്നു. ആജ്യ ഓവറില്‍ വാര്‍ണറും ട്രാവിസ് ഹെഡ്ഡും ചേര്‍ന്ന് ഓസീസിന് സമ്മാനിച്ചത് 15 റണ്‍സ്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച എക്കോണമി റേറ്റില്‍ (3.90) പന്തെറിഞ്ഞ ബുംമ്രയ്ക്ക് ലഭിച്ച ആദ്യ വെല്ലുവിളി. ഈ ലോകകപ്പില്‍ ആദ്യമായാണ് ബുംമ്രയുടെ ഒരോവറില്‍ 15 റണ്‍സ് ഒരു ടീം എടുക്കുന്നത്. പതിവിനു വിപരീതമായി മുഹമ്മദ് സിറാജിനു പകരം ഈ ലോകകപ്പിലെ ബൗളിങ് ഹീറോ മുഹമ്മദ് ഷമിയെയാണ് രോഹിത് കൊണ്ടുവന്നത്. ആ നീക്കം ഫലം ചെയ്തു. ആദ്യ പന്ത് വൈഡ്. എന്നാല്‍, അതേ പന്തില്‍ത്തന്നെ അപകടകാരിയായ ബാറ്റര്‍ ഡേവിഡ് വാര്‍ണറെ (7) പറിച്ച് ഷമി ഇന്ത്യക്ക് മികച്ച തുടക്കം നല്കി. സ്ലിപ്പില്‍ കോലിയുടെ കൈകളില്‍ പന്ത് ഭദ്രം. ഈ ലോകകപ്പില്‍ ഷമിയുടെ 24-ാം വിക്കറ്റായിരുന്നു ഇത്.
എന്നാല്‍, ഷമിയുടെ നിയന്ത്രണമില്ലായ്മ കിവീസ് ബാറ്റര്‍മാരായ ട്രാവിസ് ഹെഡ്ഡിനും മിച്ചല്‍ മാര്‍ഷിനും റണ്‍സ് കണ്ടെത്താനുതകുന്നതായി. ഷമിയുടെ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ മാര്‍ഷ് ഓസീസ് ഇന്നിങ്സിലെ ആദ്യ സിക്സ് പറത്തി.
ബുംമ്രയുടെ മികവ്
എന്നാല്‍, തൊട്ടടുത്ത ഓവറില്‍ ബുമ്രയുടെ ഷോര്‍ട്ട് ബോള്‍ മിച്ചല്‍ മാര്‍ഷിന്റെ (15) തലയറുത്തു. ബാറ്റിലുരസിയ പന്ത് രോഹുലിന്റെ ഗ്ലൗവില്‍ വിശ്രമിച്ചു. ഇതോടെ 4.3 ഓവറില്‍ രണ്ട് വിക്കറ്റിന് 41 റണ്‍സ് എന്ന നിലയിലായി ഓസീസ്. സ്റ്റീവ് സ്മിത്തായിരുന്നു പിന്നീട് ക്രീസിലെത്തിയത്. എന്നാല്‍, ഒരോവറിനു ശേഷം ബുംമ്രതന്നെ സ്മിത്തിന്റെ വിക്കറ്റുമെടുത്തു. സ്ലോ പേസ് മനസിലാകാതെ പോയ സ്മിത്ത് (4) വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ഇതോടെ ഓസീസ് ഏഴോവറില്‍ 47/3 എന്ന നിലയിലേക്കു വീണു. സാങ്കേതികമായി വളരെ മികവ് പുലര്‍ത്തുന്ന ബാറ്ററായ സ്മിത്ത് പുറത്തായത് ഇന്ത്യക്ക് തെല്ലൊന്നുമല്ല ആഹ്ലാദത്തിലാക്കിയത്. ഇതോടെ മുഹമ്മദ് ഷമിയും താളം കണ്ടെത്തി. ഇന്നിങ്സിലെ ആദ്യ മെയ്ഡന്‍ എറിഞ്ഞ് ഷമി ശക്തമായി തിരിച്ചുവന്നു.
'തല'യെടുപ്പോടെ ഓസീസ്
എന്നാല്‍, മികച്ച ഫോമില്‍ കളിക്കുന്ന ട്രാവിസ് ഹെഡ്ഡിനൊപ്പം ലബുഷെയ്ന് ചേര്‍ന്നതോടെ പതിയെയെങ്കിലും ഓസീസ് ഇന്നിങ്സിന് ജീവന്‍വച്ചു. ഇരുവരും താളം കണ്ടെത്തി കുതിച്ചു. കൂട്ടുകെട്ട് നൂറും കടന്നതോടെ ഇന്ത്യന്‍ താരങ്ങളുടെ മുഖത്ത് ആശങ്ക ജനിച്ചു. ട്രാവിസ് ഹെഡ് കൂടുതല്‍ അപകടകാരിയായി ജഡേജയെയും കുല്‍ദീപിനെയും അതിമനോഹരമായി നേരിട്ടു. മുഹമ്മദ് ഷമിക്കും ബുംമ്രയ്ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ഇതിനിടെ ലാബുഷെയ്നിനെ എല്ഡബി ഡബ്ല്യുവില്‍ പുറത്താക്കാനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചു. എന്നാല്‍, അംപയര്‍ നോട്ടൗട്ട് വിളിച്ച പന്ത് റിവ്യൂ ചെയ്തെങ്കിലും അമ്പയറുടെ കോളിന് അനുകൂലമായി മൂന്നാം അമ്പയറുടെ തീരുമാനം. പിന്നാലെ ബൗണ്ടറികളുമായി ഇരുവരും കളം നിറഞ്ഞു. രോഹിത് തന്റെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്തെങ്കിലും അവയൊന്നുമേശിയില്ല. ഒടുവില്‍ സമ്മര്‍ദത്തെ അതിജീവിച്ച് ട്രാവിസ് ഹെഡ് സെഞ്ചുറി തികച്ചു. കുല്‍ദീപ് യാദവ് എറിഞ്ഞ 34-ാമത്തെ അവസാന പന്തില്‍ സിംഗിള്‍ എടുത്തുകൊണ്ടാണ് ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ചുറി പിറന്നത്. 95 പന്തില്‍ 14 ബൗണ്ടറിയും ഒരു സിക്സുമടക്കമായിരുന്നു ഹെഡ്ഡിന്റെ സെഞ്ചുറി. ജയിക്കാന്‍ രണ്ട് റണ്‍സുള്ളപ്പോള്‍ സിറാജ് ഹെഡ്ഡിനെ പുറത്താക്കിയെങ്കിലും തൊട്ടടുത്ത പന്തില്‍ ഓസീസ് വിജയം പിടിച്ചെടുത്തു.
ഇന്ത്യക്കായി ജസ്പ്രീത് ബുംമ്ര ഒൻപതോവറിൽ 43 റൺസ് വഴങ്ങി കണ്ട് വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് ഷമി ഏഴോവറിൽ 47 റൺസ് വഴങ്ങി ഒരു വിക്കറ്റും സിറാജ് ഏഴോവറിൽ 45 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി