സിംബാബ്‌വെ സൂപ്പർ എട്ടിൽ; ഓസ്ട്രേലിയ പുറത്ത്

2009നുശേഷം ഇതാദ്യമായാണ് ഏകദിന, ടി20 ലോകകപ്പുകളിൽ ഏതെങ്കിലുമൊന്നിന്‍റെ പ്രാഥമിക റൗണ്ടിൽ ഓസ്ട്രേലിയ പുറത്താകുന്നത്
Australia out of T20 World Cup

മഴ കാരണം പിച്ച് മൂടുന്ന ഗ്രൗണ്ട് സ്റ്റാഫ്.

Updated on

പല്ലെകെലെ: ലങ്കയുടെ ആകാശത്ത് മഴമേഘങ്ങൾ നിറഞ്ഞാടിയപ്പോൾ ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിൽ മുൻ ചാംപ്യൻമാരായ ഓസ്ട്രേലിയയുടെ മോഹങ്ങൾ ഒലിച്ചുപോയി. ഗ്രൂപ്പ് ബിയിലെ സിംബാബ്‌വെയും അയർലൻഡും തമ്മിലെ അതി നിർണായക മത്സരം മഴകാരണം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചതോടെ ഓസ്ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്ത്.

അയർലൻഡും സിംബാബ്‌വെയും പോയിന്‍റ് പങ്കിട്ടതാണ് ഓസീസ് സ്വപ്നം തകർത്ത്. 2009നുശേഷം ഇതാദ്യമായാണ് ഏകദിന, ടി20 ലോകകപ്പുകളിൽ ഏതെങ്കിലുമൊന്നിന്‍റെ പ്രാഥമിക റൗണ്ടിൽ ഓസ്ട്രേലിയ പുറത്താകുന്നത്.

ഓസീസിന് മുന്നോട്ടുപോകണമെങ്കിൽ അവശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും സിംബാബ്‌വെ തോൽക്കണമായിരുന്നു. എന്നാൽ ഇന്നലത്തെ മത്സരം മഴയെടുത്തതോടെ സിംബാബ്‌വെയുടെ പോയിന്‍റ് നേട്ടം അഞ്ചായി. അവർ സൂപ്പർ എട്ടിലേക്ക് മുന്നേറുകയും ചെയ്തു. മൂന്നു മത്സരങ്ങളിൽ രണ്ടു പോയന്‍റ് മാത്രമുള്ള ഓസ്ട്രേലിയയ്ക്ക് അവസാന കളിയിൽ ഓമാനെ തോൽപ്പിച്ചാലും സിംബ്‌ബാവെയെ മറികടക്കാൻ സാധിച്ചില്ല.

പല്ലെകെലെയിൽ ചൊവ്വാഴ്ച ടോസിന്‍റെ സമയം മുതൽ മഴയായിരുന്നു. കൂടുതൽ സമയവും പിച്ച് കവറുകളാൽ മൂടപ്പെട്ടു. മഴതുടർന്നതോടെ കളിയാരംഭിക്കാൻ സാധിക്കില്ലെന്നായി. നനഞ്ഞ ഔട്ട്ഫീൽഡും മത്സരം ഉപേക്ഷിക്കാൻ ഒഫിഷ്യൽസിനെ പ്രേരിപ്പിച്ചു.

ഓസ്ട്രേലിയയുടെ പുറത്താകലിന് മഴയെ മാത്രം പഴിക്കാൻ അവർക്കാവില്ല. ഗ്രൂപ്പിൽ സിംബാബ്‌വെയോടും ശ്രീലങ്കയോടും തോൽവി വഴങ്ങിയ ഓസീസ് സൂപ്പർ എട്ട് പ്രവേശം അർഹിച്ചിരുന്നില്ലെന്നു പറയാം. മാരക മൂർച്ചയുള്ള പേസ് ദ്വയങ്ങളായ പാറ്റ് കമ്മിൻസിന്‍റെയും ജോഷ് ഹേസൽവുഡിന്‍റെയും സേവനം നഷ്ടപ്പെട്ട ഓസീസ് ബൗളിങ് നിര ദുർബലമായിരുന്നു. മധ്യനിര ബാറ്റർ ഗ്ലെൻ മാക്സ്‌വെല്ലിന്‍റെയും സ്റ്റാർ സ്പിന്നർ ആദം സാംപയുടെയും നിറംമങ്ങലും ഓസീസ് പ്രതീക്ഷകളെ പിന്നോട്ടടിച്ചു.

സിംബാബ്‌വേയോടേറ്റ തോൽവി കംഗാരുപ്പടയുടെ ആത്മവിശ്വാസം ചോർത്തിയെന്നു വിലയിരുത്താം. പിന്നാലെ കഴിഞ്ഞ ദിവസം ശ്രീലങ്ക അവരെ തല്ലിയൊതുക്കി. 181 എന്ന മികച്ച സ്കോർ ഉയർത്തിയിട്ടും ശ്രീലങ്കയെ തോൽപ്പിക്കാൻ ഓസീസിന് കഴിഞ്ഞില്ല. ബൗളർമാരെ കടന്നാക്രമിച്ച ലങ്കൻ ഓപ്പണർ പാതും നിസാങ്ക സെഞ്ചുറിയുമായി കത്തിക്കയറിയപ്പോൾ ഓസീസിന് പ്രതിരോധിക്കാനായില്ല. 52 പന്തിൽ 100 റൺസുമായി ഈ ലോകകപ്പിലെ ആദ്യ ശതകത്തിന് പിറവികൊടുത്ത നിശങ്ക പത്തു ഫോറും അഞ്ച് സിക്സും കൊണ്ടാണ് കാണികൾക്കു വിരുന്നൊരുക്കിയത്.

കുശാൽ മെൻഡിസ് (51), പവൻ രത്നനായകെ (28 നോട്ടൗട്ട്) എന്നിവരും പ്രതീക്ഷ കാത്തപ്പോൾ എട്ടു വിക്കറ്റിന്‍റെ വമ്പൻ ജയം തന്നെ ലങ്ക കൈക്കലാക്കി. ബാറ്റിങ്ങിലെ മികച്ച തുടക്കം നഷ്ടമാക്കിയതിനും ഓസീസിന് സ്വയം പഴിക്കാം. ക്യാപ്റ്റൻ മിച്ചൽ മാർഷും (27 പന്തിൽ 54, എട്ട് ഫോർ, രണ്ട് സിക്സ്) ട്രാവിസ് ഹെഡും (29 പന്തിൽ 56, ഏഴ് ഫോർ, മൂന്ന് സിക്സ്) മിന്നിയപ്പോൾ ആദ്യ പത്ത് ഓവറിൽ ഓസ്ട്രേലിയൻ സ്കോർ കുതിച്ചു. ഒമ്പതാം ഓവറിൽ ഓസീസ് നൂറ് കടന്നിരുന്നു. എന്നാൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്‍റെ രണ്ടാം പകുതിയിൽ തുടരെ വിക്കറ്റ് പിഴുത ലങ്ക ശക്തമായി തിരിച്ചുവന്നു. ലെഗ് സ്പിന്നർ ദുഷൻ ഹേമന്ത മൂന്നു വിക്കറ്റുമായി വേട്ടയ്ക്ക് നേതൃത്വം നൽകിയപ്പോൾ കളിയുടെ കടിഞ്ഞാൺ ലങ്കയ്ക്കു വന്നുചേർന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com