
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത‍്യയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെന്ന നിലയിലാണ് ഇന്ത‍്യ. 28 റൺസുമായി ഋഷഭ് പന്തും 15 റൺസെടുത്ത് നിതീഷ് കുമാർ റെഡ്ഡിയുമാണ് ക്രീസിൽ. ഓപ്പണർമാരായ യശസി ജയ്സ്വാളിനും കെ.എൽ രാഹുലിനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
7 റൺസെടുത്ത് രാഹുലും 24 റൺസെടുത്ത് ജയ്സ്വാളും മടങ്ങി. പരിചയസമ്പത്തുള്ള വിരാട് കോലിക്കും തിളങ്ങാനായില്ല 21 പന്തിൽ 11 റൺസെടുത്ത് കോലിയും പുറത്തായി. ശുഭ്മാൻ ഗിൽ 28 റൺസിനും നായകൻ രോഹിത് ശർമ 6 റൺസിനും പുറത്തായി. ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിൻസും സ്കോട്ട് ബോലാൻഡും 2 വിക്കറ്റ് വീതം വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റും വീഴ്ത്തി. ഓസീസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് മറികടക്കാൻ ഇന്ത‍്യയ്ക്ക് 29 റൺസ് കൂടി വേണം.
ഒന്നാം ഇന്നിങ്സിൽ ഇന്ത‍്യ 180 റൺസിന് ഓൾ ഔട്ടായിരുന്നു. ഒന്നാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ട്രാവിസ് ഹെഡിന്‍റെ സെഞ്ച്വറിയുടെ കരുത്തിൽ 337 റൺസടിച്ചു. ഇതോടെ ഓസ്ട്രേലിയയ്ക്ക് 157 റൺസ് ലീഡായി. 11 ബൗണ്ടറികളും 4 സിക്സറുകളുമടങ്ങുന്നതായിരുന്നു ഹെഡിന്‍റെ (140) ഇന്നിങ്സ്. ഹെഡിന് പുറമേ മാർനസ് ലെബുഷാനെയ്ക്കും (64) നഥാൻ മക്സ്വീനിക്കും (39) മാത്രമേ കാര‍്യമായ പ്രകടനം പുറത്തെടുക്കാനായുള്ളൂ.