മൈറ്റി ഓസീസിന്‍റെ കാറ്റൂരി ബംഗാൾ കടുവകൾ

ആദ‍്യ ടെസ്റ്റ് മത്സരത്തിലെ ആദ‍്യ ദിനം ടീ ബ്രേക്കിന് പിരിയുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 183 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ
Australia vs bangladesh 1st test match updates

മത്സരത്തിൽ നിന്നും

Updated on

ഡാർവിൻ: കംഗാരുപ്പടയെ അവരുടെ നാട്ടിൽ തകർത്തെറിഞ്ഞ് ബംഗാൾ കടുവകൾ. ഡാർവിനിൽ ആരംഭിച്ച ആദ‍്യ ടെസ്റ്റ് മത്സരത്തിലെ ആദ‍്യ ദിനത്തിൽ തന്നെ ഓസ്ട്രേലിയയെ ബംഗ്ലാദേശ് 198 റൺസിന് ഔൾഔട്ടാക്കി.

6 വിക്കറ്റ് വീഴ്ത്തിയ ഹസൻ മഹ്മൂദാണ് ഓസീസിനെ തകർത്തത്. ഹസനു പുറമെ എബാദോത് ഹൊസൈനും ടാസ്കിൻ അഹ്മദും രണ്ടു വിക്കറ്റ് വീഴ്ത്തി. 23 വർഷത്തിനിടെ ആദ‍്യമായി ഓസീസ് മണ്ണിൽ ടെസ്റ്റ് കളിക്കാനെത്തിയ ബംഗ്ലാദേശ് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ടീ ബ്രേക്കിന് പിരിയുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 183 റൺസെന്ന നിലയിലായിരുന്നു. എന്നാൽ ഒറ്റയാൾ പോരാട്ടം നടത്തി ക്രീസിൽ പ്രതിരോധം തീർത്ത സ്റ്റീവ് സ്മിത്തിനെ ബൗൺസറെറിഞ്ഞ് ഹസൻ പുറത്താക്കിയതോടെ ഓസ്ട്രേലിയയുടെ ബാറ്റിങ് നിര തരിപ്പണമായി.

പിന്നാലെയെത്തിയ ജോഷ് ഹേസൽവുഡിന് നേഥൻ ലിയോണൊപ്പം ചേർന്ന് കാര‍്യമായ പ്രകടനം പുറത്തെടുക്കാൻ കഴിയാതെ വന്നതോടെയാണ് 198 റൺസിൽ ടീം കൂടാരം കയറിയത്. 71 റൺസെടുത്ത സ്റ്റീവ് സ്മിത്ത് തന്നെയാണ് ഓസീസിന്‍റെ ടോപ് സ്കോറർ‌. സ്മിത്തിനു പുറമെ ഓപ്പണർമാരായ ട്രാവിസ് ഹെഡ് (22), ജേക്ക് വെതറാൾഡ് (23) എന്നിവർ‌ കുഴപ്പമില്ലാത്ത തുടക്കം നൽകിയെങ്കിലും കൂടുതൽ റൺസ് കണ്ടെത്താനായില്ല. കാമറൂൺ ഗ്രീൻ അടക്കമുള്ള മറ്റു താരങ്ങൾ നിരാശപ്പെടുത്തി.

ആദ‍്യം ബാറ്റ് ചെയ്ത ഓസീസിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും ജേക്ക് വെതറാൾഡും സമ്മാനിച്ചത്. ആദ‍്യ വിക്കറ്റിൽ 45 റൺസിന്‍റെ കൂട്ടുകെട്ട് നേടാൻ ഇരുവർക്കും കഴിഞ്ഞു. പക്ഷേ ഡാർവിനിൽ ജനിച്ചു വളർന്ന ജേക്ക് വെതറാൾഡിന് സ്വന്തം നാട്ടിൽ പോലും തിളങ്ങാനായില്ല.

തൊട്ടുപിന്നാലെ ട്രാവിസ് ഹെഡ് പുറത്തായത് ടീമിന് തിരിച്ചടിയായി. ബംഗ്ലാദേശിനു വേണ്ടി പേസർ ഹസൻ മഹ്മൂദാണ് ഇരുവരെയും പുറത്താക്കിയത്. പിന്നാലെയത്തിയ മാർനസ് ലബുഷെയ്നെ 20 പന്തിൽ നിന്നും ഒരു റൺസ് മാത്രം നേടി കളം വിട്ടത് ആരാധകരെ നിരാശപ്പെടുത്തി.

സ്റ്റീവ് സ്മിത്ത് മാത്രമാണ് കംഗാരുപ്പടയ്ക്കു മുന്നിൽ പ്രതിരോധം തീർത്ത് പിടിച്ചുനിന്നത്. എന്നാൽ പിന്തുണയ്ക്കാൻ മറുവശത്ത് ആരുമില്ലാതായതാണ് തകർച്ചയ്ക്ക് കാരണം. ഹസൻ മഹ്മുദ് മികച്ച തുടക്കം നൽകിയതോടെ മറ്റു പേസർമാരായ ടാസ്കിൻ അഹ്മദും എബാദോത് ഹൊസൈനും സമാന പ്രകടനം ആവർത്തിച്ചു.

മധ‍്യനിര താരങ്ങളായ കാമറൂൺ ഗ്രീൻ (13), അലക്സ് കാരി (19) ബ‍്യൂ വെബ്സ്റ്റർ (12) എന്നിവരെയെല്ലാം ഇരുവരും ചേർന്ന് മടക്കി അയച്ചു. സ്പിന്നർമാരായ മെഹ്ദി ഹസൻ മിറാസിനും തായ്‌ജുൾ ഇസ്‌ലാമിനും വിക്കറ്റൊന്നും നേടാനായില്ല. എട്ടാം നമ്പറിൽ ബാറ്റിങ്ങിനെത്തിയ ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ ഹസൻ മുഹമ്മദ് പുറത്താക്കിയതോടെ 7 വിക്കറ്റുകൾ ടീമിന് നഷ്ടമായി. തുടർന്ന് ക്രീസിലെത്തിയ മിച്ചൽ സ്റ്റാർക്ക് (1), നേഥൻ ലിയോൺ( 7), ജോഷ് ഹേസൽവുഡ് (4), എന്നിവർക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ല. ഇതോടെയാണ് ഓസ്ട്രേലിയ കുഞ്ഞൻ സ്കോറിലേക്ക് കൂപ്പുകുത്തിയത്.

logo
Metro Vaartha
www.metrovaartha.com