

മത്സരത്തിൽ നിന്ന്
മിർപുർ: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് തോൽവി. മഴ മൂലം 41 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 193 റൺസ് വിജയലക്ഷ‍്യം ബംഗ്ലാദേശ് 35 ഓവറിൽ 5 വിക്കറ്റ് ശേഷിക്കെ മറികടന്നു.
ആദ‍്യ മത്സരത്തിൽ ഡെക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിജയിച്ചതോടെ ബംഗ്ലാദേശ് പരമ്പര 2-0ന് മുന്നിലായി. മൂന്നാം ഏകദിനം കൂടി ബംഗ്ലാദേശിന് വിജയിക്കാൻ സാധിച്ചാൽ പരമ്പര തൂത്തുവാരാം. ആദ‍്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്.
സ്കോർബോർഡിൽ ഒരു റൺസ് പോലും നേടാനാവാതെ തന്നെ ഓസ്ട്രേലിയയ്ക്ക് ആദ‍്യ മൂന്നു വിക്കറ്റ് നഷ്ടമായി. ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ നാലാം തവണയാണ് ഓസീസിന് സ്കോർബോർഡിൽ റൺസില്ലാതെ ഇത്തരത്തിലൊരു മോശം തുടക്കം ലഭിക്കുന്നത്. പതിവിന് വിപരീതമായി ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ മാർനസ് ലബുഷെയ്നെയും (55 നോട്ടൗട്ട്) സേവ‍്യർ ബാർട്‌ലെറ്റും (52) ചേർന്ന് അടിച്ചെടുത്ത 103 റൺസ് കൂട്ടുകെട്ടാണ് ടീമിനെ കൂട്ടത്തകർച്ചയിൽ നിന്നും കരകയറ്റിയത്. ഒരു ഘട്ടത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലായിരുന്നു ഓസീസ്. ഈ സമയത്താണ് മാർനസ്- സേവ‍്യർ സഖ‍്യം കൂട്ടുകെട്ട് പടുത്തുയർത്തിയത്.
14 ഇന്നിങ്സുകൾക്ക് ശേഷമാണ് മാർനസ് അർധസെഞ്ചുറി നേടുന്നത്. 1 റൺസിൽ നിൽക്കെ റണ്ണൗട്ടാകേണ്ടതായിരുന്നു താരം എന്നാൽ തൻവിർ ഇസ്‌ലാമിന് ലഭിച്ച അവസരം പാഴാക്കിയത് തിരിച്ചടിയായി. അതേസമയം, ബാർട്‌ലെറ്റിന്‍റെ ഏകദിനത്തിലെ ആദ‍്യ അർധസെഞ്ചുറിയാണിത്. മുസ്താഫിസുർ റഹ്മാൻ, ടാസ്കിൻ അഹ്മദ് എന്നിവരാണ് ഓസ്ട്രേലിയൻ ബാറ്റിങ് നിരയെ തകർത്തത്. ഇരുവരും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. പ്രധാന താരങ്ങളായ ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ് എന്നിവർ ഇല്ലാതെയാണ് ഓസീസ് ബംഗ്ലാദേശുമായി ഏറ്റുമുട്ടിയത്. ഓപ്പണിങ് ബാറ്റർ മാത‍്യു ഷോർട്ട് നിരന്തരമായി മൂന്നാം തവണയാണ് ഡക്കാകുന്നത്.
കൂപ്പർ കോണോലിയും (0), മാറ്റ് റെൻഷോയും (0) റൺസൊന്നും കണ്ടെത്തിയില്ല. ക‍്യാപ്റ്റൻ ജോഷ് ഇംഗ്ലിഷ് (34) അൽപ്പം റൺസ് നേടി ബാറ്റിങ് തകർച്ചയെ മറികടക്കാൻ ശ്രമിച്ചെങ്കിലും തൻവീർ ഇസ്‌ലാമിന് വിക്കറ്റ് നൽകി മടങ്ങി. വമ്പൻ അടിക്കാരൻ കാമറൂൺ ഗ്രീനിനും (25) കാര‍്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഇതോടെ ഓസ്ട്രേലിയ ബംഗ്ലാദേശിനു മുന്നിൽ തകർന്നടിഞ്ഞു. പിന്നീട് എത്തിയവർക്കും തിളങ്ങാനാവാതെ വന്നതോടെ ഓസ്ട്രേലിയയുടെ സ്കോർ 187ൽ ഒതുങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് സൗമ‍്യ സർക്കാർ (42), നജ്മുൾ ഹൊസൈൻ ഷാന്‍റോ (42), തൗഹിദ് ഹൃദോയ് (28) എന്നിവരുടെ പ്രകടനത്തിന്‍റെ മികവിലാണ് വിജയലക്ഷ‍്യം മറികടന്നത്. ഇവർക്ക് പുറമെ ലിറ്റൻ ദാസ് 21 റൺസും മൊസാഡെക്ക് ഹൊസൈൻ 15 ഉം മെഹ്ദി ഹസൻ മിറാസ് 15 റൺസും നേടി. ഇതോടെ വിജയലക്ഷ‍്യം അനായാസ‍്യം മറികടന്നു. ഓസ്ട്രേലിയയ്ക്കു വേണ്ടി സേവ‍്യർ ബാർട്ട്‌ലെറ്റ്, റീലി മെറിഡിത്ത്, ആദം സാംപ, മാറ്റ് റെൻഷോ, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.