കംഗാരുക്കളുടെ നാട്ടിൽ കടുവകളുടെ വാഴ്ച: ഒന്നാം ടെസ്റ്റിൽ ലീഡെടുത്ത് ബംഗ്ലാദേശ്

കംഗാരുപ്പടയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ രണ്ടാം ദിനം അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 351 റൺസെന്ന ശക്തമായ നിലയിലാണ് ബംഗ്ലാദേശ്
australia vs bangladesh test match day 2 updates

തൻസിദ് തമീം ഹസൻ

Updated on

ഡാർവിൻ: ഓസ്ട്രേലിയൻ മണ്ണിൽ ആധിപത‍്യം തുടർന്ന് ബംഗാൾ കടുവകൾ‌. കംഗാരുപ്പടയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ രണ്ടാം ദിനം അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 351 റൺസെന്ന ശക്തമായ നിലയിലാണ് ബംഗ്ലാദേശ്. 32 റൺസുമായി മെഹ്ദി ഹസൻ മിറാസും 13 റൺസുമായി ഹസൻ മഹ്മൂദുമാണ് ക്രീസിൽ.

ഓസ്ട്രേലിയക്കെതിരേ 153 റൺസിന്‍റെ ലീഡെടുക്കാൻ ബംഗ്ലാദേശിന് സാധിച്ചു. ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ചായസമയത്ത് പിരിഞ്ഞപ്പോൾ 3 വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും 286 റൺസ് അടിച്ചെടുക്കാനായിരുന്നു.

ബംഗ്ലാദേശ് ക‍്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്‍റോ

ബംഗ്ലാദേശ് ക‍്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്‍റോ

ഓപ്പണിങ് ബാറ്റർ തൻസിദ് ഹസന്‍റെ (101) ടെസ്റ്റിലെ കന്നി സെഞ്ചുറിയും മൊമിനുൾ ഹഖ്( 49), ക‍്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്‍റോ( 84) എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയ്ക്ക് കരുത്ത് പകർന്നത്. 8 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു തൻസിദ് ഹസന്‍റെ ഇന്നിങ്സ്.

ഓസീസിനെതിരേ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന രണ്ടാം ബംഗ്ലാദേശ് താരമെന്ന നേട്ടവും തൻസിദിനെ തേടിയെത്തി. മൊമിനുൾ ഹഖിനൊപ്പം രണ്ടാം വിക്കറ്റിൽ 102 റൺസും മൂന്നാം വിക്കറ്റിൽ ഷാന്‍റോയ്ക്കൊപ്പം 93 റൺസ് കൂട്ടുകെട്ട് പടുത്തുയർത്താനും തൻസിദിന് കഴിഞ്ഞു. ആദ‍്യ സെഷനിൽ ശക്തമായ ലീഡ് ഉയർത്തിയ ബംഗ്ലാദേശ് ഉച്ചഭക്ഷണത്തിനു ശേഷവും ആധിപത‍്യം തുടരുന്ന കാഴ്ചയാണ് കാണാനായത്. ജോഷ് ഹേസൽവുഡിനെ ബൗണ്ടറി പറത്തികൊണ്ടാണ് തൻസിദ് രണ്ടാം സെഷനെ വരവേറ്റത്.

മത്സരത്തിൽ നിന്നും

മത്സരത്തിൽ നിന്നും

തൻസിദിനൊപ്പം ഷാന്‍റോയും പിന്തുണച്ച് നിന്നതോടെ ഓസ്ട്രേലിയൻ ബൗളർമായി നന്നായി വിയർത്തു. ഡ്രിങ്ക്സ് ബ്രേക്കിന് തൊട്ടു മുൻപ് നേഥൻ ലിയോൺ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിലാണ് ഷാന്‍റോ അർധശതകത്തിലെത്തിയത്. സെഞ്ചുറി നേടിയതിനു പിന്നാലെ ഒരോവർ‌ മാത്രമാണ് തൻസിദ് ക്രീസിൽ നിലനിന്നത്. നേഥൻ ലിയോൺ എറിഞ്ഞ പന്തിൽ ലോങ് ഓഫിലേക്ക് അടിച്ച പന്ത് മിച്ചൽ സ്റ്റാർക്ക് ക‍്യാച്ചെടുക്കുകയായിരുന്നു.

തൻസിദ് ബാറ്റുമായി ഗ്രൗണ്ടിൽ നിന്നും നടന്നു നീങ്ങിയപ്പോൾ ആരാധകർ വലിയ കൈയടി നൽകി. പിന്നാലെയെത്തിയ മുഷ്ഫിഖുർ റഹീം അൽപ്പ നേരം പിടിച്ചു നിന്നതോടെ ഷാന്‍റോയ്ക്കൊപ്പം ചേർ‌ന്ന് 50 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇതോടെ ടീം സ്കോർ ഉയർന്നു. എന്നാൽ 297റൺസിൽ നിൽക്കെ ഷാന്‍റോയെ ഹേസൽവുഡും 306 റൺസിൽ നിൽക്കെ ലിറ്റൺ ദാസിനെ( 0) സ്റ്റാർക്കും പുറത്താക്കിയത് ടീമിന് തിരിച്ചടിയായി.

തൊട്ടടുത്തു തന്നെ മുഷ്ഫിഖുർ റഹീമിനെ കമ്മിൻസും മടക്കി അയച്ചതോടെ 6 വിക്കറ്റ് നഷ്ടത്തിൽ 308 റൺസെന്ന നിലയിലെത്തി ടീം. പിന്നീട് മെഹ്ദി ഹസനും ഹസൻ മഹ്മൂദും ചേർന്നാണ് ടീം സ്കോർ 350 കടത്തിയത്. മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിങ്ങനെ ഏക്കാത്തെയും മികച്ച പേസ് നിരയുണ്ടായിട്ടും ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ 9ാം സ്ഥാനത്തുള്ള ടീമിനെതിരേ ദയനീയ പ്രകടനമാണ് ഓസീസ് പുറത്തെടുത്തിരിക്കുന്നത്.

ടീം ഓസ്ട്രേലിയ

ടീം ഓസ്ട്രേലിയ

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ഓസീസിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും ജേക്ക് വെതറാൾഡും സമ്മാനിച്ചത്. ആദ‍്യ വിക്കറ്റിൽ 45 റൺസിന്‍റെ കൂട്ടുകെട്ട് നേടാൻ ഇരുവർക്കും കഴിഞ്ഞു. പക്ഷേ ഡാർവിനിൽ ജനിച്ചു വളർന്ന ജേക്ക് വെതറാൾഡിന് സ്വന്തം നാട്ടിൽ പോലും തിളങ്ങാനായില്ല. തൊട്ടുപിന്നാലെ ട്രാവിസ് ഹെഡ് പുറത്തായത് ടീമിന് തിരിച്ചടിയായി. ബംഗ്ലാദേശിനു വേണ്ടി പേസർ ഹസൻ മഹ്മൂദാണ് ഇരുവരെയും പുറത്താക്കിയത്. പിന്നാലെയത്തിയ മാർനസ് ലബുഷെയ്നെ 20 പന്തിൽ നിന്നും ഒരു റൺസ് മാത്രം നേടി കളം വിട്ടത് ആരാധകരെ നിരാശപ്പെടുത്തി.

സ്റ്റീവ് സ്മിത്ത് മാത്രമാണ് കംഗാരുപ്പടയ്ക്കു മുന്നിൽ പ്രതിരോധം തീർത്ത് പിടിച്ചുനിന്നത്. എന്നാൽ പിന്തുണയ്ക്കാൻ മറുവശത്ത് ആരുമില്ലാതായതാണ് തകർച്ചയ്ക്ക് കാരണം. ഹസൻ മഹ്മുദ് മികച്ച തുടക്കം നൽകിയതോടെ മറ്റു പേസർമാരായ ടാസ്കിൻ അഹ്മദും എബാദോത് ഹൊസൈനും സമാന പ്രകടനം ആവർത്തിച്ചു. മധ‍്യനിര താരങ്ങളായ കാമറൂൺ ഗ്രീൻ (13), അലക്സ് കാരി (19) ബ‍്യൂ വെബ്സ്റ്റർ (12) എന്നിവരെയെല്ലാം ഇരുവരും ചേർന്ന് മടക്കി അയച്ചു.

സ്പിന്നർമാരായ മെഹ്ദി ഹസൻ മിറാസിനും തായ്‌ജുൾ ഇസ്‌ലാമിനും വിക്കറ്റൊന്നും നേടാനായില്ല. എട്ടാം നമ്പറിൽ ബാറ്റിങ്ങിനെത്തിയ ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ ഹസൻ മുഹമ്മദ് പുറത്താക്കിയതോടെ 7 വിക്കറ്റുകൾ ടീമിന് നഷ്ടമായി. തുടർന്ന് ക്രീസിലെത്തിയ മിച്ചൽ സ്റ്റാർക്ക് (1), നേഥൻ ലിയോൺ( 7), ജോഷ് ഹേസൽവുഡ് (4), എന്നിവർക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ല. ഇതോടെയാണ് 198 റൺസെന്ന കുഞ്ഞൻ സ്കോറിലേക്ക് ഓസ്ട്രേലിയ കൂപ്പുകുത്തിയത്.

logo
Metro Vaartha
www.metrovaartha.com