

പാറ്റ് കമ്മിൻസ്, നജ്മുൾ ഹൊസൈൻ ഷാന്‍റോ
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഡാർവിനിലെ മരാര സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 13ന് തുടക്കമാകും. ഓഗസ്റ്റ് 22നാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ 23 വർഷത്തിനിടെ ആദ‍്യമായാണ് ബംഗ്ലാദേശ് ഓസ്ട്രേലിയൻ പര‍്യടനം നടത്തുന്നത്.
ഡാർവിനിൽ കളിച്ച രണ്ടു ടെസ്റ്റ് മത്സരങ്ങളും വിജയിച്ച റെക്കോഡാണ് ഓസീസിനുള്ളത്. 2003 ജൂലൈയിൽ ബംഗ്ലാദേശിനെതിരേ ഒരിന്നിങ്സിനും 132 റൺസിനും 2004 ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരേ 149 റൺസിനുമായിരുന്നു അവരുടെ വിജയം.
ഓസ്ട്രേലിയയുടെ പേസ് വിസ്മയങ്ങളായ നായകൻ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവർ വീണ്ടും ഒന്നിക്കുന്ന പരമ്പരകൂടിയാണിത്. ഏറെവനാളുകളായി പരുക്കിന്‍റെ പിടിയിലായിരുന്ന സ്പിന്നർ നേഥൻ ലിയോണും ബംഗ്ലാദേശിനെതിരേ ഏറ്റുമുട്ടും. മറ്റുതാരങ്ങളായ സ്കോട്ട് ബോലൻഡ്, ഓൾറൗണ്ടർമാരായ കാമറൂൺ ഗ്രീൻ, ബ‍്യൂ വെബ്സ്റ്റർ എന്നിവരുടെ സാന്നിധ‍്യം ടീമിന് കൂടുതൽ ബൗളിങ് ഓപ്ഷൻ സമ്മാനിക്കും.
ഓസ്ട്രേലിയയുടെ ബാറ്റിങ് നിര
മുൻ ഓപ്പണിങ് ബാറ്റർ ഉസ്മാൻ ഖവാജ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയതോടെ അതേ ഇംപാക്റ്റ് നൽകാൻ കെൽപ്പുള്ള താരങ്ങളെയാണ് ഓസ്ട്രേലിയ തേടുന്നത്. ട്രാവിസ് ഹെഡിനൊപ്പം ജേക്ക് വെതറാൾഡായിരിക്കും ഓപ്പണിങ്ങിറങ്ങുക. തന്‍റെ ഹോം ഗ്രൗണ്ടിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാനുള്ള അവസരമാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്.
അടുത്തിടെ നടന്ന കൗണ്ടി മത്സരങ്ങളിൽ ലെസ്റ്റർഷെയറിനു വേണ്ടി 60.37 ശരാശരിയിൽ 483 റൺസ് അടിച്ചെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. ഇതേ പ്രകടനം ബംഗ്ലാദേശിനെതിരേയും താരത്തിന് പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മൂന്നാം നമ്പറിൽ സ്റ്റീവ് സ്മിത്തും നാലാം നമ്പറിൽ മാർനസ് ലബുഷെയ്നെയും കളിക്കും. ഓൾറൗണ്ടർമാരായ കാമറൂൺ ഗ്രീൻ ബ‍്യു വെബ്സ്റ്റർഎന്നിവരും ടീമിന്‍റെ മധ‍്യനിരയിൽ കളിക്കും. വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരിയും എത്തുന്നതോടെ ബാറ്റിങ് നിര ശക്തമാകും.
മികച്ച ഫോമിൽ ബംഗ്ലാദേശ്
കഴിഞ്ഞ 5 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും ഒരു മത്സരം മാത്രമാണ് ബംഗ്ലാദേശ് പരാജയം അറിഞ്ഞിട്ടുള്ളത്. അയർലൻഡിനെതിരേ ഹോം ഗ്രൗണ്ടിൽ രണ്ട് വിജയവും പാക്കിസ്ഥാനെതിരേ 2-0ന് പരമ്പര വിജയവും നേടാൻ ബംഗ്ലാദേശിന് കഴിഞ്ഞിരുന്നു. ഇതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഓസ്ട്രേലിയയുമായി ഏറ്റുമുട്ടാനൊരുങ്ങുന്നത്. സിംബാബ്‌വെയ്ക്കെതിരേയാണ് ബംഗ്ലാദേശ് പരാജയപ്പെട്ടത്.
നഹിദ് റാണ, മുസ്തഫിസുർ റഹ്മാൻ, ഷൊറിഫുൾ ഇസ്‌ലാം എന്നിങ്ങനെ മികച്ച ബൗളർമാർ ബംഗ്ലാദേശിനുണ്ടെങ്കിലും മൂവർക്കും പരുക്കേറ്റത് ടീമിന് വലിയ തിരിച്ചടിയാണ്. ആദ‍്യ ടെസ്റ്റ് മത്സരം മൂവർക്കും നഷ്ടമാകും. രണ്ടാം ടെസ്റ്റിൽ ഷൊറിഫുൾ തിരിച്ചു വന്നേക്കുമെന്നാണ് വിവരം. ബംഗ്ലാദേശിലെ വേഗതയേറിയ പേസർ നഹിദ് റാണയ്ക്ക് സിംബാബ്‌വെയ്ക്കെതിരായ ടി20 മത്സരത്തിനിടെയാണ് പരുക്കേറ്റത്. തിരിച്ചുവരാൻ താരത്തിന് എട്ട് ആഴ്ച വേണ്ടിവരുമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പറയുന്നത്.
അതേസമയം, ബംഗ്ലാദേശിന്‍റെ ബാറ്റിങ് നിരയും പരുക്കിന്‍റെ പിടിയിലാണ്. മുൻ ക‍്യാപ്റ്റൻ മുഷ്ഫിഖുർ റഹീമിന് ഓസ്ട്രേലിയ ഇലവനെതിരേ നടന്ന സന്നാഹ മത്സരത്തിനിടെ കൈവിരലിന് പരുക്കേറ്റിരുന്നു. നജ്മുൾ ഹൊസൈൻ ഷാന്‍റോ നയിക്കുന്ന ടീമിൽ ലിറ്റൺ ദാസ്, സൗമ‍്യ സർക്കാർ അടക്കമുള്ളവരെ ടീമിലെടുത്തിട്ടുണ്ട്.
ബംഗ്ലാദേശ് ടീം: നജ്മുൾ ഹൊസൈൻ ഷാന്‍റോ (ക‍്യാപ്റ്റൻ), അമൈത് ഹസൻ (വിക്കറ്റ് കീപ്പർ), എബാദോത് ഹൊസൈൻ, ഹസൻ മഹ്മൂദ്, ജേക്കർ അലി വിക്കറ്റ് കീപ്പർ, ഖലേദ് അഹ്മദ്, ലിറ്റൺ ദാസ് (വിക്കറ്റ് കീപ്പർ), മെഹ്ദി ഹസൻ മിറാസ്, മൊമിനുൾ ഹഖ്, മുസ്ഫിക് ഹസൻ, മുഷ്ഫിഖുർ റഹീം (വിക്കറ്റ് കീപ്പർ), ഷാദ്മാൻ ഇസ്‌ലാം, സൗമ‍്യ സർക്കാർ, തയ്ജുൾ ഇസ്‌ലാം, തൻസിദ് ഹസൻ, ടാസ്കിൻ അഹ്മദ്
ഓസ്ട്രേലിയൻ ടീം: പാറ്റ് കമ്മിൻസ് (ക‍്യാപ്റ്റൻ), സ്കോട്ട് ബോലൻഡ്, അലക്സ് കാരി (വിക്കറ്റ് കീപ്പർ), കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), മാർനസ് ലെബുഷെയ്നെ, നേഥൻ ലിയോൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ജേക്ക് വെതറാൾഡ്, ബ‍്യു വെബ്സ്റ്റർ