

ഓസീസിന്‍റെ വിജയാഘോഷം
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ആഷസ് ടെസ്റ്റിൽ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്. ഇതോടെ 5 ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ 2-0ന് വിജയിച്ച ഓസീസ് മുന്നിലായി. ഇംഗ്ലണ്ട് ഉയർത്തിയ 65 റൺസ് വിജയലക്ഷ‍്യം ഓസീസ് 8 വിക്കറ്റ് ശേഷിക്കെ മറികടന്നു. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 241 റൺസിന് ഓൾഔട്ടായിരുന്നു. ഓസ്ട്രേലിയക്കു വേണ്ടി അഞ്ചു വിക്കറ്റ് പിഴുത മൈക്കൽ നെസറാണ് ഇംഗ്ലണ്ടിനെ തകർത്തത്.
മൈക്കൽ നെസറിനു പുറമെ മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോലൻഡ് എന്നിവർ രണ്ടും ബ്രണ്ടൻ ഡോഗെറ്റ് ഒരു വിക്കറ്റും വീഴ്ത്തി. 152 പന്തുകൾ നേരിട്ട് 50 റൺസ് അടിച്ചെടുത്ത ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറർ. സ്റ്റോക്സിനു പുറമെ ഓപ്പണിങ് ബാറ്റർ സാക് ക്രോളി (44), വിൽ ജാക്സ് (41) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
രണ്ടാം ഇന്നിങ്സിൽ ട്രാവിസ് ഹെഡ് (22), മാർനസ് ലബുഷെയ്നെ (3) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിനു നഷ്ടമായത്. ഗുസ് അറ്റ്കിൻസനാണ് ഇരുവരെയും പുറത്താക്കിയത്. ജേക്ക് വെതറാൾഡ് 17 റൺസും ക‍്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 23 റൺസും നേടി പുറത്താവാതെ നിന്നു.
സിക്സർ പറത്തിയായിരുന്നു സ്മിത്ത് വിജയാഘോഷം നടത്തിയത്. നേരത്തെ ഓസീസ് ഒന്നാം ഇന്നിങ്സിൽ 177 റൺസ് ലീഡ് നേടിയിരുന്നു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്സിലുയർത്തിയ 334നെതിരേ ഓസീസ് 511 റൺസാണ് അടിച്ചെടുത്തത്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ആകെ 241 റൺസ് മാത്രമാണ് നേടാനായത്. ഇതോടെ ഉയർത്തിയ 65 റൺസ് വിജയലക്ഷ‍്യം ഓസീസ് അനായാസം മറികടന്നു വിജയം സ്വന്തമാക്കി.
6 വിക്കറ്റ് നഷ്ടത്തിൽ 134 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയത്. വിൽ ജാക്സ്- സ്റ്റോക്സ് സഖ‍്യം പടുത്തുയർത്തിയ 96 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് ഇംഗ്ലണ്ടിന് ലീഡ് ലഭിച്ചത്. എന്നാൽ വിൽ ജാക്സിനെ പുറത്താക്കി മൈക്കൽ നെസർ ബ്രക്ക് ത്രൂ നൽകി. ഇതിനു പിന്നാലെ സ്റ്റോക്സും മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഗുസ് അറ്റ്കിൻസൻ, ബ്രൈഡൻ കാർസെ എന്നിവരും തിളങ്ങാൻ സാധിക്കാതെ പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് 241 റൺസിന് അവസാനിച്ചു. ജോഫ്രാ ആർച്ചർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പുറത്താവാതെ നിന്നത്.