

ടോം ബാന്‍റൺ
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ കൂറ്റൻ സ്കോർ അടിച്ചെടുത്ത് ഇംഗ്ലണ്ട്. നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 355 റൺസാണ് ഇംഗ്ലണ്ട് നേടിയത്. 99 പന്തിൽ നിന്നും 12 ബൗണ്ടറിയും 4 സിക്സും ഉൾപ്പടെ 121 റൺസ് അടിച്ചെടുത്ത ഓപ്പണിങ് ബാറ്റർ ടോം ബാന്‍റണാണ് ടീമിന്‍റെ ടോപ് സ്കോറർ.
ടോം ബാന്‍റണു പുറമെ ജോ റൂട്ട് (62), ജോർദാൻ കോക്സ് (67), വിൽ ജാക്സ് (54) എന്നിവർ അർധസെഞ്ചുറി നേടി. ഓസീസിനു വേണ്ടി സേവ‍്യർ ബാർട്ട്‌ലെറ്റ് മൂന്നും സ്പെൻസർ ജോൺസൺ, കൂപ്പർ കൊണോലി, റിലീ മെറിഡിത്ത് എന്നിവർ ഓരോ വിക്കറ്റും പിഴുതു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടത്തിലെ തിരിച്ചടി നേരിട്ടിരുന്നു. ടീം സ്കോർ 19ൽ നിൽക്കെ ബെൻ ഡക്കറ്റിന്‍റെ വിക്കറ്റ് നഷ്ടമായി. 9 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാൽ രണ്ടാം വിക്കറ്റിൽ ടോം ബാന്‍റണൊപ്പം ജോ റൂട്ട് 100 റൺസ് സഖ‍്യമുണ്ടാക്കിയതോടെ ടീം സ്കോർ 150ന് മുകളിലെത്തി. ഒടുവിൽ കൂപ്പർ കൊണോലിയാണ് റൂട്ടിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത്.
നാലാമനായി ക്രീസിലെത്തിയ ക‍്യാപ്റ്റൻ ഹാരി ബ്രൂക്കിന് തിളങ്ങാനായില്ല. 11 പന്തിൽ 5 റൺസെടുത്ത് മടങ്ങേണ്ടി വന്നു. റീലീ മെറിഡിത്ത് എറിഞ്ഞ പന്തിൽ ബൗൾഡാകുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ ജോർദാൻ കോക്സ്- വിൽ ജാക്സ് സഖ‍്യം 100 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ടീം സ്കോർ 300 കടന്നു. സാം കറൻ (14), ഗസ് അറ്റ്കിൻസൺ (13 നോട്ടൗട്ട്) എന്നിവരും മിന്നൽ പ്രകടനം കാഴ്ചവച്ചതോടെ ഇംഗ്ലണ്ട് 355 റൺസിലെത്തി.
അതേസമയം, പരമ്പരയിലെ ആദ‍്യ മത്സരം വിജയിച്ച ടീമിൽ മാറ്റങ്ങൾ വരുത്തിയാണ് ഓസീസ് ഇംഗ്ലണ്ടുമായി പോരിനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്ത് തരിപ്പണമാക്കിയ മഹ്‌ലി ബിയേർഡ്മാനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല. അടുത്തിടെ പരുക്കിൽ നിന്നും മുക്തനായ താരത്തിന്‍റെ ജോലിഭാരം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.