

ട്രാവിസ് ഹെഡ്
സിഡ്നി: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ആഷസ് ടെസ്റ്റിലെ രണ്ടാം ദിനം പൂർത്തിയായപ്പോൾ ഓസീസ് ഭേദപ്പെട്ട സ്കോറിൽ. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ ഉയർത്തിയ 384 റൺസ് വിജയലക്ഷ‍്യം പിന്തുടർന്ന് ബാറ്റേന്തിയ ഓസീസ് നിലവിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെന്ന നിലയിലാണ്.
91 റൺസുമായി പുറത്താവാതെ ട്രാവിസ് ഹെഡും ഒരു റൺസുമായി മൈക്കൽ നെസറുമാണ് ക്രീസിൽ. ഓപ്പണിങ് ബാറ്റർ ജേക്ക് വെതറാൾഡ് (21), മാർനസ് ലബുഷെയ്നെ (48) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.
ഇംഗ്ലണ്ടിനു വേണ്ടി ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സ് രണ്ടു വിക്കറ്റുകൾ പിഴുതു. മറ്റു ബൗളർമാർക്ക് ഓസീസ് ബാറ്റിങ് നിരയ്ക്കെതിരേ വിള്ളലുണ്ടാക്കാൻ സാധിച്ചില്ല. നേരത്തെ ജോ റൂട്ടിന്‍റെ സെഞ്ചുറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് 384 റൺസ് അടിച്ചെടുത്തത്. 242 പന്തുകൾ നേരിട്ട് 15 ബൗണ്ടറികൾ അടക്കം 160 റൺസാണ് നേടിയത്.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 41 സെഞ്ചുറികളായി ജോ റൂട്ടിന്‍റെ പേരിൽ. റൂട്ടിനു പുറമെ ഹാരി ബ്രൂക്കിനു (84) മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അർധസെഞ്ചുറി നേടാൻ കഴിഞ്ഞത്. ജേമി സ്മിത്ത് 46 റൺസും വിൽ ജാക്സും ബെൻ ഡക്കറ്റും 27 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ജേക്കബ് ബെഥേൽ (10) ബെൻ സ്റ്റോക്സ് (0) എന്നിവർ നിരാശപ്പെടുത്തി. 3 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ടീം സ്കോർ 226 റൺസിൽ നിൽക്കെ ഹാരി ബ്രൂക്കിനെ നഷ്ടമായി. പിന്നാലെയെത്തിയ ബെൻ സ്റ്റോക്സ് സംപൂജ‍്യനായി മടങ്ങിയതോടെ പ്രതിരോധത്തിലായ ടീമിനെ റൂട്ട്- സ്മിത്ത് സഖ‍്യം ആറാം വിക്കറ്റിൽ പടുത്തുയർത്തിയ 50 റൺസ് കൂട്ടുകെട്ടാണ് 300 കടത്താൻ സഹായിച്ചത്. പിന്നീട് ജേമി സ്മിത്ത് പുറത്തായെങ്കിലും റൂട്ട് ഏഴാം വിക്കറ്റിൽ വിൽ ജാക്സിനെ കൂട്ടുപിടിച്ച് റൺനില ഉയർത്തി. എന്നാൽ വിൽ ജാക്സിനെ മൈക്കൽ നെസർ മടക്കിയതോടെ ടീമിന് തിരിച്ചടിയായി.
തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ബ്രൈഡൻ കാർസിനും (1) മാത‍്യൂ പോട്ട്സിനും (1) തിളങ്ങാനാവാതെ വന്നതോടെ ഇംഗ്ലണ്ടിന്‍റെ ഇന്നിങ്സ് 384 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനു വേണ്ടി ട്രാവിസ് ഹെഡ് ഇംഗ്ലണ്ട് ബൗളർമാരെ കണക്കിന് മർദിക്കുന്ന കാഴ്ചയാണ് സിഡ്നിയിൽ കാണാൻ സാധിച്ചത്.
തെല്ലും ഭയമില്ലാതെ ടെസ്റ്റിൽ ഏകദിന ശൈലിയിൽ ബാറ്റു വീശിയ ഹെഡ് ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവച്ചത്. ഹെഡിനൊപ്പം മാർനസും പിന്തുണ നൽകിയതോടെ ഓസീസ് ഭേദപ്പെട്ട സ്കോറിലെത്തി. ആദ‍്യ മൂന്നു ടെസ്റ്റു മത്സരങ്ങളും വിജയിച്ച ഓസീസാണ് നിലവിൽ പരമ്പരയിൽ മുന്നിൽ. ആകെ ഒരു മത്സരത്തിൽ മാത്രമാണ് ഇംഗ്ലണ്ട് വിജയിച്ചത്.