

പരമ്പര നേടിയ ഓസീസിന്‍റെ വിജയാഹ്ളാദം
സിഡ്നി: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ആഷസ് ടെസ്റ്റിൽ ഓസ്ട്രേലയയ്ക്ക് ജയം. അഞ്ചു വിക്കറ്റിനാണ് ഓസീസ് വിജയം നേടിയത്. ഇതോടെ 5 ടെസ്റ്റ് മത്സരങ്ങളിൽ നാലും വിജയം നേടിയ ഓസീസ് പരമ്പര സ്വന്തമാക്കി. 8 വിക്കറ്റ് നഷ്ടത്തിൽ 302 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് തുടർന്ന ഇംഗ്ലണ്ടിന് ആകെ 40 റൺസ് മാത്രമാണ് സ്കോർ ചേർക്കാനായത്.
342 റൺസിന് ഇംഗ്ലണ്ട് കൂടാരം കയറി. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ ഉയർത്തിയ 161 റൺസ് വിജയലക്ഷ‍്യം ഓസീസ് 31.2 ഓവറിൽ മറികടന്നു. രണ്ടാം ഇന്നിങ്സിൽ 37 റൺസെടുത്ത മാർനസ് ലബുഷെയ്നെയാണ് ഓസീസിന്‍റെ ടോപ് സ്കോറർ.
മാർനസിനു പുറമെ ഓപ്പണിങ് ബാറ്റർ ജേക്ക് വെതറാൾഡ് (34), ട്രാവിസ് ഹെഡ് (29) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇംഗ്ലണ്ടിനു വേണ്ടി ജോഷ് ടങ് മൂന്നും വിൽ ജാക്സ് ഒരു വിക്കറ്റും വീഴ്ത്തി. വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഓസീസിന് 121 റൺസ് നേടുന്നതിനിടെ ആദ‍്യ അഞ്ച് വിക്കറ്റുകളും നഷ്ടമായിരുന്നു. ഇതോടെ പ്രതിരോധത്തിലായ ടീമിനെ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരിയും (16) ഓൾറൗണ്ടർ കാമറൂൺ ഗ്രീനും (22) ചേർന്നാണ് വിജയത്തിൽ എത്തിച്ചത്.
ഒന്നാം ഇന്നിങ്സിൽ 166 പന്തിൽ 24 ബൗണ്ടറിയും ഒരു സിക്സും അടക്കം 163 റൺസ് അടിച്ചു കൂട്ടിയ ട്രാവിസ് ഹെഡ് കളിയിലെ താരമായി മാറിയപ്പോൾ 5 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 31 വിക്കറ്റുകൾ പിഴുത പേസർ മിച്ചൽ സ്റ്റാർക്ക് പരമ്പരയിലെ താരമായി. തുടർച്ചയായി അഞ്ചാം തവണയാണ് ഓസീസ് ആഷസ് പരമ്പര എതിരില്ലാതെ വിജയിക്കുന്നത്. ആകെ നാലാം ടെസ്റ്റിൽ മാത്രമാണ് ഈ പരമ്പരയിൽ ബെൻ സ്റ്റോക്സിന്‍റെ ഇംഗ്ലണ്ട് ടീമിന് വിജയിക്കാൻ സാധിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി ജോ റൂട്ട്, യുവതാരം ജേക്കബ് ബെഥേൽ എന്നിവരാണ് അഞ്ചാം ടെസ്റ്റിൽ സെഞ്ചുറി നേടിയത്. അതേസമയം, അവസാന മത്സരത്തിൽ 6 റൺസ് നേടി ഉസ്മാൻ ഖവാജ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു.