

സെഞ്ചുറി നേടിയ മാറ്റ് റെൻഷോയുടെ ആഹ്ളാദ പ്രകടനം
ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ‍്യ മത്സരത്തിൽ രണ്ടാം ദിനത്തിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസീസ് ഭേദപ്പെട്ട നിലയിൽ. നിലവിൽ 9 വിക്കറ്റ് നഷ്ടത്തിൽ 364 റൺസ് അടിച്ചെടുക്കാനായിട്ടുണ്ട് ഓസീസിന്. 169 റൺസുമായി മാറ്റ് റെൻഷോയും ജോഷ് ഹേസൽവുഡുമാണ് ക്രീസിൽ.
6 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെന്ന നിലയിലാണ് രണ്ടാം ദിനം ഓസീസ് ബാറ്റിങ് ആരംഭിച്ചത്. എന്നാൽ ടീം സ്കോർ 210ലെത്തിയപ്പോൾ നായകൻ പാറ്റ് കമ്മിൻസിനെ പുറത്താക്കി വിയാൻ മുൾഡർ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത് തന്നെ മിച്ചൽ സ്റ്റാർക്കിനെയും മുൾഡർ പുറത്താക്കിയതോടെ ഓസീസ് പ്രതിരോധത്തിലായി. നേഥൻ ലിയോൺ (27) അൽപ്പ നേരം പിടിച്ചു നിന്നെങ്കിലും വിക്കറ്റ് നൽകി മടങ്ങി.
വിയാൻ മുൾഡർ
പക്ഷേ മാറ്റ് റെൻഷോയുടെ ചെറുത്തുനിൽപ്പിന്‍റെ ബലത്തിൽ ഓസീസ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ പതറാതെ മുന്നേറി. 9ാം വിക്കറ്റിൽ 100 റൺസിലേറെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. മാർക്കോ യാൻസനും ആൻറിക് നോർക്കെയും അടങ്ങുന്ന മികച്ച ബൗളിങ് ആക്രമണത്തിനെതിരേയാണ് മാറ്റ് റെൻഷോ ഒറ്റയ്ക്ക് പൊരുതി നിന്നത്.
ഒരു ഘട്ടത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 124 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ടീമിനെയാണ് റെൻഷോ രക്ഷിച്ചത്. ടെസ്റ്റിലെ താരത്തിന്‍റെ രണ്ടാം സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ പിറന്നത്. പന്ത് ചുരണ്ടൽ വിവാദത്തിനു ശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഓസീസ് കളിക്കുന്ന ആദ‍്യ ടെസ്റ്റ് പരമ്പര കൂടിയാണിതെന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ ദിവസം തന്നെ ഓസീസിന്‍റെ പ്രധാന താരങ്ങളായ ട്രാവിസ് ഹെഡ് (9), നിക് മാഡിൻസൺ (0), മാർനസ് ലബുഷെയ്നെ (37), സ്റ്റീവ് സ്മിത്ത്( 25) എന്നിവർ പുറത്തായിരുന്നു. വിക്കറ്റ് കീപ്പർ അലക്സ് കാരിയും (14), ബ‍്യു വെബ്സ്റ്ററും (4) തിളങ്ങാൻ സാധിക്കാതെ മടങ്ങി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വിയാൻ മുൾഡർ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്കോ യാൻസൻ, ആൻറിക് നോർക്കെ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.