ഒടുവിൽ ബവുമ പട നിലംപൊത്തി; പ്രോട്ടീസ് കോട്ടയിൽ കംഗാരു വീര‍്യം

214 റൺസിനാണ് ഓസീസ് വിജയിച്ചത്
Australia vs south africa 1st test match updates

മത്സരത്തിൽ നിന്നും

Updated on: 

ഡർബൻ: പന്ത് ചുരണ്ടൽ വിവാദത്തിനു ശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ‍്യമായി കളിച്ച ടെസ്റ്റ് പരമ്പരയിലെ ആദ‍്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് 214 റൺസ് ജയം. പാറ്റ് കമ്മിൻസിന്‍റെ നേതൃത്വത്തിലുള്ള കംഗാരുപ്പടയാണ് ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടിൽ പോയി പരാജയപ്പെടുത്തിയത്. ടെംബ ബവുമ ക‍്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ‍്യമായാണ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക പരാജയം അറിയുന്നത്.

421 റൺസ് വിജയലക്ഷ‍്യവുമായി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് രണ്ടാം ഇന്നിങ്സിലെ രണ്ടാം സെഷനിൽ 206 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 237 പന്തുകൾ നേരിട്ട് 75 റൺസുമായി ഏയ്ഡൻ മാർക്രം പൊരുതിയെങ്കിലും രണ്ടാം ന‍്യൂബോളിൽ ഓസീസ് ബൗളർമാർക്ക് പിടികൊടുത്ത് മടങ്ങി.

16.5 ഓവറിൽ 49 റൺസ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസൽവുഡാണ് ദക്ഷിണാഫ്രിക്കയെ തകർത്ത് തരിപ്പണമാക്കിയത്. ഒന്നാം ഇന്നിങ്സിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. സ്റ്റീവ് സ്മിത്തും( 25), മാർനസ് ലബുഷെയ്നെയും (37) അടങ്ങുന്ന പ്രധാന താരങ്ങളെല്ലാം പെട്ടെന്ന് കളം വിട്ടപ്പോൾ മാറ്റ് റെൻഷോ തീർത്ത പ്രതിരോധത്തിലാണ് ഓസീസ് കരകയറിയത്.

അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങിയ താരം ആദ‍്യ ഇന്നിങ്സിൽ 190 റൺസും രണ്ടാം ഇന്നിങ്സിൽ‌ 82 റൺസും നേടിയ ശേഷമാണ് പുറത്തായത്. രണ്ടാം ഇന്നിങ്സിൽ താരത്തിന് രണ്ട് വിക്കറ്റും വീഴ്ത്താൻ സാധിച്ചു. ടെംബ ബവുമയുടെ നേതൃത്വത്തിൽ ലോക ടെസ്റ്റ് ചാംപ‍്യന്മാരായ ദക്ഷിണാഫ്രിക്ക‍യ്ക്ക് ആദ‍്യ ടെസ്റ്റ് തോൽവിയാണ് ഓസീസ് സമ്മാനിച്ചത്.

2025 നവംബറിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. അഞ്ചാം വിക്കറ്റിൽ മാർക്രവും മുൾഡറും ചേർന്ന് 69 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി അൽപ്പം പ്രതീക്ഷ നൽകിയെങ്കിലും 110 പന്തുകൾ നേരിട്ട് നടത്തിയ ആ പ്രതിരോധം ഹേസൽവുഡ് തന്നെ അവസാനിപ്പിച്ചു.

ഹേസൽവുഡ് എറിഞ്ഞ പന്ത് ലെഗ് സൈഡിലേക്ക് കളിക്കാൻ ശ്രമിച്ച് മുൾഡർ പുറത്താകുകയായിരുന്നു. 4 വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക നാലാം ദിനം ബാറ്റിങ് ആരംഭിച്ചത്. ഈ സമയം മാറ്റ് റെൻഷോയ്ക്ക് പന്തെറിയാൻ ഏൽപ്പിച്ച കമ്മിൻസിന്‍റെ തീരുമാനം മികച്ചതായിരുന്നു.

ആ ഓവറിൽ ബവുമയെ പുറത്താക്കികൊണ്ടാണ് താരം മറുപടി നൽകിയത്. പിന്നീട് എത്തിയ ട്രിസ്റ്റൻ സ്റ്റബ്സ്( 1) നിരാശപ്പെടുത്തി. മാർക്കോ യാൻസൻ (35) മാത്രമാണ് പിന്നീട് എത്തിയവരിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഹേസൽവുഡിന് പുറമെ മാറ്റ് റെൻഷോ രണ്ടും മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ഓരോ വിക്കറ്റ് വീഴ്ത്തി. ആദ‍്യ ഇന്നിങ്സിൽ മാറ്റ് റെൻഷോയുടെ കരുത്തിൽ 390 റൺസാണ് ഓസീസ് അടിച്ചെടുത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 284 റൺസിന് കൂടാരം കയറി.

logo
Metro Vaartha
www.metrovaartha.com