സ്റ്റീവ് സ്മിത്തിന്‍റെ പകരക്കാരനായെത്തി ഇംഗ്ലിസിന്‍റെ സെഞ്ചുറി പ്രകടനം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ലീഡെടുത്ത് ഓസീസ്

മിച്ചൽ സ്റ്റാർക്കും കൂപ്പർ കൊണോലിയുമാണ് ക്രീസിൽ
Australia vs South africa 3rd test match updates

ജോഷ് ഇംഗ്ലിസ്

Updated on: 

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ലീഡെടുത്ത് ഓസ്ട്രേലിയ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 384 റൺസെന്ന നിലയിലാണ് ഓസീസ്. ഇതോടെ ടീമിന് 55 റൺസ് ലീഡായി. മിച്ചൽ സ്റ്റാർക്കും കൂപ്പർ കൊണോലിയുമാണ് ക്രീസിൽ.

4 വിക്കറ്റ് നഷ്ടത്തിൽ 330 റൺസെന്ന നിലയിൽ മൂന്നാം ദിനം മത്സരം ആരംഭിച്ച ഓസീസിന് ജോഷ് ഇംഗ്ലിസിന്‍റെ വിക്കറ്റാണ് ആദ‍്യം നഷ്ടമായത്. സ്പിന്നർ സൈമൺ ഹാർമറിനായിരുന്നു വിക്കറ്റ്. പരുക്കേറ്റ സ്റ്റീവ് സ്മിത്തിനു പകരം പ്ലെയിങ് ഇലവനിലെത്തിയ താരം 135 പന്തുകൾ നേരിട്ട് 102 റൺസുമായാണ് കളം വിട്ടത്.

11 ബൗണ്ടറിയും 2 സിക്സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിങ്സ്. മറുവശത്ത് അർധസെഞ്ചുറിയുമായി നിലയുറപ്പിച്ചിരുന്ന അലക്സ് കാരിക്ക് 20 റൺസിന് സെഞ്ചുറി നഷ്ടമായി. 168 പന്തിൽ നിന്നും താരം 80 റൺസ് നേടി. സൈമൺ ഹാർമർ എറിഞ്ഞ പന്തിൽ‌ ഔട്ട്സൈഡ് എഡ്ജ് തട്ടി സ്ലിപ്പിൽ എയ്ഡൻ മാർക്രത്തിന് ക‍്യാച്ച് നൽകിയാണ് താരം മടങ്ങിയത്. പിന്നാലെ ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസ് ക്രീസിലെത്തിയെങ്കിലും ആറ് പന്തുകൾ മാത്രമാണ് താരത്തിന് ആയുസുണ്ടായത്. കാഗിസോ റബാഡ എറിഞ്ഞ പന്തിൽ എൽബിഡബ‍്യു ആവുകയായിരുന്നു.

ഇവർക്കു പുറമെ മാറ്റ് റെൻഷോ (74), ട്രാവിസ് ഹെഡ് (41), മാർ‌നസ് ലബുഷെയ്നെ (0), കാമറൂൺ ഗ്രീൻ (65) എന്നിവരുടെ വിക്കറ്റുകൾ കഴിഞ്ഞ ദിവസം തന്നെ നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സൈമൺ ഹാർമർ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്കോ യാൻസൻ രണ്ടു വിക്കറ്റും കാഗിസോ റബാഡ ഒരു വിക്കറ്റും നേടി.