ടി20 ലോകകപ്പ്: ഓസ്ട്രേലിയ പുറത്തേക്ക്

ശ്രീലങ്കയോടു തോറ്റ മുൻ ചാംപ്യൻമാരായ ഓസ്ട്രേലിയ ടി20 ലോകകപ്പിന്‍റെ സൂപ്പർ 8 കാണാതെ പുറത്താകാൻ സാധ്യത തെളിഞ്ഞു
ടി20 ലോകകപ്പ്: ഓസ്ട്രേലിയ ശ്രീലങ്ക | Australia vs Sri Lanka T20 world cup

ഗ്ലെൻ മാക്സ്‌വെല്ലിനെ പുറത്താക്കിയ പാഥും നിശങ്കയുടെ പറക്കും ക്യാച്ച്. നിശങ്ക മത്സരത്തിൽ സെഞ്ചുറിയും നേടി.

Updated on

കാൻഡി: മുൻ ചാംപ്യൻമാരായ ഓസ്ട്രേലിയ ടി20 ക്രിക്കറ്റ് ലോകകപ്പിന്‍റെ സൂപ്പർ 8 ഘട്ടം കാണാതെ പുറത്താകാൻ സാധ്യത തെളിഞ്ഞു. ഗ്രൂപ്പ് ബി മത്സരത്തിൽ ശ്രീലങ്കയോട് എട്ട് വിക്കറ്റ് പരാജയം ഏറ്റുവാങ്ങിയതോടെയാണിത്. നേരത്തെ സിംബാബ്‌വെയോടും ഓസ്ട്രേലിയ പരാജയപ്പെട്ടിരുന്നു.

ടൂർണമെന്‍റിൽ ജീവൻ നിലനിർത്താൻ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഓസ്ട്രേലിയ 20 ഓവറിൽ 181 റൺസിന് ഓൾഔട്ടായി. ശ്രീലങ്ക 12 പന്തും എട്ട് വിക്കറ്റും ശേഷിക്കെ അനായാസം ലക്ഷ്യം നേടുകയും ചെയ്തു.

ക്യാപ്റ്റൻ മിച്ചൽ മാർഷും (54) ട്രാവിസ് ഹെഡും (56) ചേർന്നു നൽകിയ തകർപ്പൻ തുടക്കം മുതലാക്കാനാവാതെ തകർന്നടിയുകയായിരുന്നു ഓസ്ട്രേലിയൻ ബാറ്റിങ് നിര. പിന്നീട് വന്നവരിൽ ജോഷ് ഇംഗ്ലിസ് (27), ഗ്ലെൻ മാക്സ്‌വെൽ (22) എന്നിവർക്കു മാത്രമാണ് രണ്ടക്ക സ്കോർ നേടാൻ സാധിച്ചത്. ലങ്കയ്ക്കു വേണ്ടി ദുഷാൻ ഹേമന്ത മൂന്നും ദുഷ്മന്ത ചമീര രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കൻ ഇന്നിങ്സിൽ ഉടനീളം ഓപ്പണർ പാഥും നിശങ്കയുടെ ആധിപത്യമാണു കണ്ടത്. 52 പന്ത് നേരിട്ട നിശങ്ക, പത്ത് ഫോറും അഞ്ച് സിക്സും സഹിതം 102 റൺസെടുത്ത് പുറത്താകാതെ നിന്നു.

സഹ ഓപ്പണർ കുശാൽ പെരേരയെ (1) ക്ഷണത്തിൽ നഷ്ടമായിട്ടും പതറാതെ പോരാട്ടം നയിച്ച നിശങ്ക, കുശാൽ മെൻഡിസുമൊത്ത് (51) രണ്ടാം വിക്കറ്റിൽ 97 റൺസ് ചേർത്തു. മെൻഡിസിനു ശേഷം വന്ന പവൻ രത്നായകെ, നിശങ്കയ്ക്കു പറ്റിയ പങ്കാളിയുമായി. 15 പന്തിൽ 28 റൺസെടുത്ത രത്നായകെ പുറത്താകാതെ നിന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com