ഓസ്ട്രേലിയയുടെ അവസാന വിക്കറ്റും വീഴ്ത്തിയ ഷമർ ജോസഫിന്‍റെ ആഹ്ലാദ പ്രകടനം.
ഓസ്ട്രേലിയയുടെ അവസാന വിക്കറ്റും വീഴ്ത്തിയ ഷമർ ജോസഫിന്‍റെ ആഹ്ലാദ പ്രകടനം.

കംഗാരുക്കളെ അവരുടെ മടയിൽ കീഴടക്കി വെസ്റ്റിൻഡീസ്

ഗാബയിൽ വിൻഡീസിന്റെ ഐതിഹാസിക വിജയം, ഷമർ ജോസഫിന് ഏഴ് വിക്കറ്റ്.

ബ്രിസ്ബെയ്ന്‍: 27 വർഷങ്ങളുടെ സുദീർഘമായ ഇടവേളയ്ക്കു ശേഷം ഓസ്ട്രേലിയൻ മണ്ണിൽ വെസ്റ്റ് ഇൻഡീസിന് ടെസ്റ്റ് വിജയം. ഗാബയില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിനെ വിന്‍ഡീസ് 207 റണ്‍സിന് പുറത്താക്കി എട്ട് റൺസിന്‍റെ അവിസ്മരണീയ വിജയം കുറിക്കുകയായിരുന്നു. പരുക്ക് വകവയ്ക്കാതെ പന്തെറിഞ്ഞ് ഏഴ് വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളർ ഷമര്‍ ജോസഫാണ് ഓസ്ട്രേലിയയെ തകർത്തത്.

സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് 311, 193 & ഓസ്ട്രേലിയ 289/9 ഡിക്ലയർ, 207. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഇരു ടീമുകളും 1-1 സമനിലയിൽ അവസാനിപ്പിച്ചു.

രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ നാലാം ദിവസം കളത്തിലിറങ്ങിയ കംഗാരുക്കൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലാണ് തുടങ്ങിയത്. ജയിക്കാൻ വേണ്ടിയിരുന്നത് 156 റൺസ് കൂടി. എന്നാൽ, ഷമർ ജോസഫിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഓസ്ട്രേലിയൻ ബാറ്റർമാർ വിഷമിച്ചു.

കാമറൂണ്‍ ഗ്രീനും സ്റ്റീവ് സ്മിത്തും ക്രീസില്‍ ഉണ്ടായിരുന്നുപ്പോള്‍ ഓസ്ട്രേലിയ അനായാസം വിജയത്തിലേക്ക് നടന്നടുക്കുമെന്ന പ്രതീതിയുണർത്തിയതാണ്. എന്നാല്‍, 42 റണ്‍സെടുത്ത ഗ്രീനിനെ വീഴ്ത്തി ഷമര്‍ ജോസഫ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. തൊട്ടടുത്ത പന്തില്‍ ഗോള്‍ഡന്‍ ഡക്കായി ട്രാവിസ് ഹെഡും മടങ്ങി.

മിച്ചല്‍ മാര്‍ഷ് (10), അലക്സ് കാരി (രണ്ട്), മിച്ചല്‍ മാര്‍ഷ് (21) എന്നിവര്‍ക്കും അധിക സമയം പിടിച്ചുനിൽക്കാൻ സാധിച്ചില്ല. അപ്പോഴൊക്കെ ഓപ്പണർ സ്റ്റീവൻ സ്മിത്ത് ഒരറ്റത്ത് പോരാട്ടം തുടരുകയായിരുന്നു. പക്ഷേ, അദ്ദേഹത്തിനു മതിയായ പിന്തുണ നൽകാൻ പാറ്റ് കമ്മിന്‍സിനോ (രണ്ട്) നേഥൻ ലിയോണിനോ (9) ജോഷ് ഹേസല്‍വുഡിനോ (0) സാധിച്ചില്ല. ഹേസല്‍വുഡിനെ ബൗള്‍ഡാക്കി ഷമര്‍ വിന്‍ഡീസിന്‍റെ വിജയമാഘോഷിക്കുമ്പോൾ 146 പന്തിൽ 91 റൺസുമായി സ്മിത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു.