australian legendary player damien martyn in induced coma

ഡാമിയൻ മാർട്ടിൻ‌

മുൻ ഓസീസ് താരം ഡാമിയൻ മാർട്ടിൻ‌ കോമയിൽ

അടിയന്തര ചികിത്സയ്ക്കു വേണ്ടി ഡാമിയനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ
Published on

ബ്രിസ്ബെയ്ൻ: മസ്തിഷ്ക ജ്വരം ബാധിച്ചതിനെത്തുടർന്ന് മുൻ ഓസ്ട്രേലിയൻ താരം ഡാമിയൻ മാർട്ടിൻ‌ കോമയിൽ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡാമിയന്‍റെ ആരോഗ‍്യസ്ഥിതി മോശമായത്. ഇതേത്തുടർന്ന് അദ്ദേഹത്തെ ക്വീൻസ്‌ലാൻഡിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് ഓസ്ട്രേലിയൻ മാധ‍്യമങ്ങളുടെ റിപ്പോർട്ട്.

അടിയന്തര ചികിത്സയ്ക്കു വേണ്ടി ഡാമിയനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഡാമിയൻ മാർട്ടിന്‍റെ ആരോഗ‍്യസ്ഥിതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ഡാമിയന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയായ ആദം ഗിൽക്രിസ്റ്റ് കുറിച്ചു. ഡാമിയന് മികച്ച ചികിത്സയാണ് ലഭ‍്യമാക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ പങ്കാളി അമാൻഡ വ‍്യക്തമാക്കി.

ഓസീസിന്‍റെ പ്രതാപകാലത്ത് ടീമിലെ അഭിവാജ‍്യ ഘടകമായിരുന്നു ഡാമിയൻ മാർട്ടിൻ. 1999ലും 2003ലും ഓസീസ് നേടിയ ലോകകപ്പ് ടീമിൽ അംഗമായിരുന്നു. 2003 ലോകകപ്പ് ഫൈനലിൽ ഇന്ത‍്യക്കെതിരേ നേടിയ അർധസെഞ്ചുറി അത്ര പെട്ടെന്ന് ഒന്നും ക്രിക്കറ്റ് ആരാധകർ മറക്കാനിടയില്ല.

2006ൽ ഓസ്ട്രേലിയ ചാംപ‍്യൻസ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ റൺവേട്ടക്കാരിൽ മുൻ നിരയിലുണ്ടായിരുന്നു ഡാമിയൻ. 80.33 ശരാശരിയിൽ 241 റൺസാണ് താരം ചാംപ‍്യൻസ് ട്രോഫിയിൽ അടിച്ചു കൂട്ടിയത്. ഓസ്ട്രേലിയക്കു വേണ്ടി 67 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരം 13 സെഞ്ചുറിയും 23 അർധസെഞ്ചുറിയും ഉൾപ്പടെ 4,406 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ 5,346 റൺസും 4 ടി20 മത്സരത്തിൽ നിന്ന് 120 റൺസും അദ്ദേഹത്തിന് നേടാൻ സാധിച്ചു.

logo
Metro Vaartha
www.metrovaartha.com