
സഞ്ജു സാംസൺ
ജയ്പൂർ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരെ ശനിയാഴ്ച ജയ്പൂരിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്‍റെ നായകനും മലയാളി താരവുമായ സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. താരം ഇംപാക്റ്റ് പ്ലെയറായി കളിക്കാനാണ് സാധ‍്യതയെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഡൽഹി ക‍്യാപ്പിറ്റൽസിനെതിരേ നടന്ന മത്സരത്തിനിടെ വാരിയെല്ലിന് പരുക്കേറ്റതിനെ തുടർന്ന് സഞ്ജുവിനെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. സ്കാനിങ് റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമെ സഞ്ജു ലഖ്നൗവിനെതിരേ കളിക്കുമോയെന്ന കാര‍്യം വ‍്യക്തമാവുകയുള്ളൂ.
സഞ്ജുവിന്‍റെ സ്കാനിങ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കോച്ച് രാഹുൽ ദ്രാവിഡും വ‍്യക്തമാക്കിയിരുന്നു. സഞ്ജു കളിച്ചില്ലെങ്കിൽ പകരം റിയാൻ പരാഗായിരിക്കും ടീമിനെ നയിക്കുക.
മുമ്പ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെ പേസർ ജോഫ്ര ആർച്ചറിന്‍റെ പന്തുകൊണ്ട് പരുക്കേറ്റ സഞ്ജുവിനു പകരം ആദ‍്യ മൂന്നു മത്സരങ്ങളിൽ റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചിരുന്നത്. ഇംപാക്റ്റ് പ്ലെയറായിട്ട് മാത്രമായിരുന്നു സഞ്ജു കളിച്ചത്.