സഞ്ജുവിനെക്കാൾ മികച്ച ബാറ്റർ അക്ഷർ പട്ടേൽ!

കഴിഞ്ഞ വർഷം ടി20 ക്രിക്കറ്റിൽ മൂന്നു സെഞ്ചുറി, ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ ഇന്ത്യൻ താരങ്ങളിൽ നാലാം സ്ഥാനം. എന്നിട്ടും ബംഗ്ലാദേശിനെതിരേ ബാറ്റ് ചെയ്യാൻ അവസരമില്ല
സഞ്ജുവിനെക്കാൾ മികച്ച ബാറ്റർ അക്ഷർ പട്ടേൽ! Axar better than Sanju‍?

അക്ഷർ പട്ടേൽ, സഞ്ജു സാംസൺ - ഐപിഎൽ മത്സരത്തിനിടെ.

File photo

Updated on
Summary

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ് നിര ഓപ്പണിങ് കൂട്ടുകെട്ടിനു ശേഷം തകർച്ച നേരിട്ടു. ആറ് വിക്കറ്റ് നഷ്ടമായിട്ടും, ശിവം ദുബെയും അക്ഷർ പട്ടേലും വരെ ബാറ്റിങ്ങിനിറങ്ങിയിട്ടും സഞ്ജു സാംസൺ പാഡ് കെട്ടി പവലിയനിൽ കാത്തിരിക്കുകയായിരുന്നു. ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ ഈ തീരുമാനം ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചൂടേറിയ ചർച്ചകൾക്കു വിഷയമാകുന്നു.

ഏഷ്യ കപ്പിലെ സൂപ്പർ 4 മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ബാറ്റ് ചെയ്യുന്ന ഇന്ത്യ. ഏഴോവറാകും മുൻപേ ടീം സ്കോർ 77 എത്തിയപ്പോഴാണ് ശുഭ്മൻ ഗിൽ പുറത്താകുന്നത്. സഞ്ജു സാംസൺ പാഡ് കെട്ടാതെ പവലിനിയലിരിക്കുന്നതു കാണുമ്പോഴേ ഉറപ്പായിരുന്നു, ഒമാനെതിരായ മത്സരത്തിലെപ്പോലെ മൂന്നാം നമ്പറിൽ സഞ്ജു ഇറങ്ങില്ലെന്ന് അതോടെ ഉറപ്പായിരുന്നു. പക്ഷേ, പതിവുപോലെ സൂര്യകുമാർ യാദവോ തിലക് വർമയോ അല്ല മൂന്നാമത് ബാറ്റിങ്ങിനിറങ്ങിയത്- ശിവം ദുബെ ആയിരുന്നു.

‌പോട്ടെ, ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് സ്പിൻ ഹിറ്ററാണല്ലോ, ബംഗ്ലാദേശിനെതിരെ നല്ല നീക്കമായിരിക്കുമെന്ന പ്രതീതി. പക്ഷേ, രണ്ട് റൺസെടുത്ത ദുബെ, ലെഗ് സ്പിന്നർ റിഷാദ് ഹുസൈന്‍റെ പന്തിൽ പുറത്ത്! നാലാം നമ്പറിൽ അദ്ഭുതങ്ങളൊന്നുമില്ല, സൂര്യകുമാർ യാദവ് തന്നെ. അഭിഷേക് ശർമ ക്രീസിലുണ്ടല്ലോ, ലെഫ്റ്റ്-റൈറ്റ് കോംബിനേഷൻ ഉറപ്പാക്കാൻ തിലക് വർമയെ താഴേക്കു മാറ്റിയെന്നു കരുതാം.

പക്ഷേ, ഇടങ്കയ്യൻ ബാറ്റർ അഭിഷേക് പുറത്തായപ്പോൾ വന്നത് മറ്റൊരു ഇടങ്കയ്യനായ തിലക് വർമയല്ല, പകരം ഹാർദിക് പാണ്ഡ്യ! 29 പന്തിൽ 38 റൺസുമായി ഹാർദിക് ആ തീരുമാനത്തെ സാധൂകരിക്കുകയും ചെയ്തു. അടുത്തതായി സൂര്യകുമാർ പുറത്താകുന്നു. പകരമറങ്ങുന്നത് തിലക് വർമ. പതിനഞ്ചാം ഓവറിൽ തിലക് പുറത്തായ ശേഷം വരുന്നത് അക്ഷർ പട്ടേൽ! 15 പന്തിൽ 10 റൺസെടുത്ത അക്ഷർ പട്ടേലിനെ നോക്കി കമന്‍ററി ബോക്സിലിരുന്ന് മുൻ ഇന്ത്യൻ താരം വരുൺ ആറോൺ ചോദിക്കുന്നുണ്ടായിരുന്നു- കഴിഞ്ഞ വർഷം മൂന്നു സെഞ്ചുറിയടിച്ച സഞ്ജു സാംസണെക്കാൾ മികച്ച ബാറ്ററാണോ ഈ അക്ഷർ പട്ടേൽ!

ലെഫ്റ്റ് - റൈറ്റ് കോംബിനേഷൻ ഉറപ്പാക്കുന്ന വിധത്തിലാണ് ബാറ്റിങ് ഓർഡർ ക്രമീകരിച്ചതെന്നു പിന്നീട് സൂര്യകുമാർ വിശദീകരിച്ചെങ്കിലും അത് അദ്ദേഹത്തിനു പോലും വിശ്വാസമില്ലാത്ത ന്യായീകരണമായിപ്പോയി. ഗില്ലിനു പകരം ദുബെയും, സൂര്യക്കു പകരം തിലകും ഇറങ്ങുന്ന ബാറ്റിങ് ഓർഡറിൽ ലെഫ്റ്റ്-റൈറ്റ് കോംബോയൊന്നും പാലിക്കപ്പെട്ടിരുന്നില്ലെന്നു വ്യക്തമാണ്.

സ്പിൻ ഹിറ്റിങ്ങിന്‍റെ കാര്യത്തിൽ സഞ്ജുവും ഒട്ടും പിന്നിലല്ലെന്ന് മറ്റൊരു ഇന്ത്യൻ താരം ആകാശ് ചോപ്രയും ചൂണ്ടിക്കാട്ടുന്നു. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ ഇന്ത്യൻ താരങ്ങളിൽ നാലാം സ്ഥാനമുണ്ട് സഞ്ജുവിന് (350 സിക്സർ). രോഹിത് ശർമയും വിരാട് കോലിയും സൂര്യകുമാർ യാദവും മാത്രമാണ് മുന്നിൽ, എം.എസ്. ധോണിയെപ്പോലും സഞ്ജു പിന്നിലാക്കിക്കഴിഞ്ഞു. പക്ഷേ, ബാറ്റിങ്ങിനയക്കുമ്പോൾ അക്ഷർ പട്ടേലിനും പിന്നിലാണ് പരിഗണന എന്നു മാത്രം!

ടോപ് ഓർഡറിലാണ് സഞ്ജുവിന്‍റെ ബാറ്റിങ് മികവ് ഏറ്റവും പ്രകടമായിട്ടുള്ളത്. ഒമാനെതിരായ മത്സരത്തിലെ അർധ സെഞ്ചുറി അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. പ്ലെയർ ഒഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട ആ മത്സരത്തിലെ പ്രകടനം പോലും അവഗണിച്ചാണ് സഞ്ജുവിനെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ അനിശ്ചിതമായി താഴേക്കിറക്കിയത്. ഹാർദിക് പാണ്ഡ്യ പുറത്തായത് ഇരുപതാം ഓവറിലെ അവസാന പന്തിലായിപ്പോയി. ഒരു പന്തെങ്കിലും നേരത്തെ ഹാർദിക് പുറത്തായെങ്കിൽ 'ചിലപ്പോൾ' സഞ്ജുവിനെ ബാറ്റിങ്ങിനിറക്കിയേനേ; കാരണം, കുൽദീപ് യാദവും വരുൺ ചക്രവർത്തിയും ജസ്പ്രീത് ബുംറയും മാത്രമാണ് പിന്നെ ശേഷിച്ചിരുന്നത്!

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com