
ആയുഷ് മാത്രെ ഇന്ത്യ അണ്ടർ-19 ടീം ജെഴ്സിയിൽ.
File photo
മുംബൈ: തിങ്കളാഴ്ച ചെന്നൈയിൽ ആരംഭിക്കുന്ന ഓൾ ഇന്ത്യ ബുച്ചി ബാബു ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കെടുക്കുന്ന മുംബൈ ടീമിനെ ഇന്ത്യയുടെ അണ്ടർ-19 ക്യാപ്റ്റൻ ആയുഷ് മാത്രെ നയിക്കും. രഞ്ജി ട്രോഫി അടക്കമുള്ള മേജർ ടൂർണമെന്‍റുകൾക്കു മുന്നോടിയായി നടത്തുന്ന ബുച്ചി ബാബു ടൂർണമെന്‍റിൽ യുവനിരയെയാണ് മുംബൈ രംഗത്തിറക്കുന്നത്. ഇതോടെയാണ് രാജ്യത്തെ ഏറ്റവും സമൃദ്ധമായ പാരമ്പര്യമുള്ള ആഭ്യന്തര ക്രിക്കറ്റ് ടീമിനെ നയിക്കാൻ പതിനെട്ടാം വയസിൽ ആയുഷ് മാത്രെയ്ക്ക് അവസരമൊരുങ്ങിയത്.
ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി ഐപിഎല്ലിനും ഇന്ത്യ അണ്ടർ-19 ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിലും മികച്ച പ്രകടനമാണ് ആയുഷ് മാത്രെ നടത്തിയത്. ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമായ സർഫറാസ് ഖാനും പ്രതിഭാധനനായ സഹോദരൻ മുഷീർ ഖാനുമുണ്ട് ടീമിൽ. മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ ഇടം പിടിച്ചിരുന്ന മുഷീറിന് റോഡ് അപകടത്തിൽ കഴുത്തിനു പരുക്കേറ്റതു കാരണം കഴിഞ്ഞ സീസൺ നഷ്ടമായിരുന്നു.
മുംബൈ ടീം: ആയുഷ് മാത്രെ (ക്യാപ്റ്റൻ), മുഷീർ ഖാൻ, ദിവ്യാംശ് സക്സേന, സർഫറാസ് ഖാൻ, സുവേദ് പാർക്കർ (വൈസ്-ക്യാപ്റ്റൻ), പ്രജ്ഞേഷ് കാൻപില്ലേവർ, ഹർഷ് ആഘവ്, സായിരാജ് പാട്ടീൽ, ആകാശ് പാർക്കർ, ആകാശ് ആനന്ദ് (വിക്കറ്റ് കീപ്പർ) , ഹാർദിക് തമോറെ (വിക്കറ്റ് കീപ്പർ), ശ്രേയസ് ഗുരവ്, യശ് ദിചോൽക്കർ, ഹിമാംശു സിങ്, റോയ്സ്റ്റൺ ഡയസ്, സിൽവസ്റ്റർ ഡിസൂസ, ഇർഫാൻ ഉമൈർ.