

ബാബർ അസം
കറാച്ചി: ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള പാക്കിസ്ഥാൻ ടീമിലേക്ക് സ്റ്റാർ ബാറ്റർ ബാബർ അസമിനെ പരിഗണിക്കാത്തതിന്‍റെ കാരണം വ‍്യക്തമാക്കി പരിശീലകൻ മൈക്ക് ഹെസൻ. യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനും ടീമിന്‍റെ ഭാവിയെ മുൻനിർത്തി പുതിയ പരീക്ഷണങ്ങൾ നടത്താനും വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെന്നും ഇത്തവണത്തെ ടി20 ലോകകപ്പിൽ ദയനീയ പ്രകടനം കാഴ്ചവച്ചതിനു പിന്നാലെയല്ല താരങ്ങളെ പുറത്താക്കിയതെന്നുമാണ് പരിശീലകൻ വ‍്യക്തമാക്കുന്നത്.
വാർത്താ ഏജൻസിയായ പിടിഐയോടാണ് മൈക്ക് ഹെസൻ ഇക്കാര‍്യം തുറന്നു പറഞ്ഞത്. യുവതാരങ്ങൾക്ക് പാക്കിസ്ഥാൻ ടീമിൽ അധികം അവസരം ലഭിച്ചിട്ടില്ലെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുൻപ് ഈ താരങ്ങൾ എങ്ങനെ പ്രകടനം കാഴ്ചവയ്ക്കുമെന്ന് കാണാൻ ആഗ്രഹിക്കുന്നുവെന്നും ഹെസൻ പറഞ്ഞു.
ബാബറിനെ കൂടാതെ സയീം അയൂബ്, ഫഖർ സമാൻ അടക്കമുള്ള താരങ്ങളെയാണ് ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ടീമിൽ നിന്നും ഒഴിവാക്കിയത്. ഇത്തവണത്തെ ടി20 ലോകകപ്പിൽ ബാബർ 112 സ്ട്രൈക്ക് റേറ്റിൽ 91 റൺസ് മാത്രമാണ് അടിച്ചെടുത്തിരുന്നത്.
മോശം ഫോമിനെത്തുടർന്ന് ശ്രീലങ്കയ്ക്കെതിരായ സൂപ്പർ 8 മത്സരത്തിൽ ബാബറിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഏകദിനത്തിൽ 53.72 ശരാശരിയുണ്ടെങ്കിലും 2025ൽ 17 ഇന്നിങ്സുകളിൽ നിന്നായി 544 റൺസാണ് താരത്തിന് ആകെ നേടാനായത്. മാർച്ച് 11നാണ് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ‍്യ മത്സരം ആരംഭിക്കുന്നത്.