
ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് റിസ്‌വാൻ, ബാബർ അസം
കറാച്ചി: മുതിർന്ന പാക് താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, ഷഹീൻ ഷാ അഫ്രീദി എന്നിവരെ ഇനി ടി20 ടീമിൽ പരിഗണിക്കേണ്ടതില്ലെന്ന് സെലക്റ്റർ അറിയിച്ചതായി റിപ്പോർട്ട്. മുൻ പാക്കിസ്ഥാൻ താരം അക്വിബ് ജാവേദിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് താരങ്ങളെ ടീമിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന കാര‍്യം അറിയിച്ചത്.
ഇതിന്‍റെ ഭാഗമായി വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് പരമ്പരക്കുള്ള ടീമിലും താരങ്ങളെ ഉൾപ്പെടുത്തിയേക്കില്ല. സമീപ കാലത്ത് താരങ്ങൾ കാഴ്ചവച്ച മോശം പ്രകടനം മൂലമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സെലക്റ്റർമാർ നീങ്ങുന്നതെന്നാണ് സൂചന.
വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ടീമിനെ ഉടനെ പ്രഖ‍്യാപിക്കുമെന്നാണ് കരുതുന്നത്. പരമ്പരയ്ക്കുള്ള ടീമിൽ പരിഗണിച്ചേക്കിലെന്ന വിവരം സെലക്റ്റർമാർ മൂവരെയും നേരിട്ട് അറിയിച്ചതായി പാക് മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ മൂന്നു താരങ്ങളോടും മുഖ‍്യ പരിശീലകൻ മൈക്ക് ഹെസൻ നിർദേശിച്ചു. വെസ്റ്റ് ഇൻഡീസിനെതിരേ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും, ബംഗ്ലാദേശിനെതിരേ മൂന്ന് ടി20 മത്സരങ്ങളും പാക്കിസ്ഥാൻ കളിക്കും.