

ബാബർ അസം
ലാഹോർ: സ്റ്റാർ ബാറ്റർ ബാബർ അസമിനെ വീണ്ടും ക‍്യാപ്റ്റൻ ആയി നിയമിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ക‍്യാപ്റ്റനായിരുന്ന ഷാൻ മസൂദിനെ നീക്കിയാണ് ബാബറിനെ നിയമിച്ചത്. വരുന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും താരം ടീമിനെ നയിക്കും.
2023 നവംബറിൽ നടന്ന ഐസിസി ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിനു പിന്നാലെയായിരുന്നു ബാബർ ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.
ഇതിനു ശേഷം 2024 മാർച്ചിൽ ഏകദിനത്തിലും ടി20യിലും ബാബർ ക‍്യാപ്റ്റനായി ടീമിനെ നയിച്ചെങ്കിലും ഒക്റ്റോബറിൽ തന്നെ സ്ഥാനം ഒഴിയേണ്ടി വന്നു. 2 വർഷങ്ങൾക്ക് ശേഷം ബാബർ ക‍്യാപ്റ്റനായി തിരിച്ചെത്തുമ്പോൾ ടീം വളരെയധികം ശക്തമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ബംഗ്ലാദേശിനെതിരേ ഇക്കഴിഞ്ഞ മേയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ തോൽവി അറിഞ്ഞ ശേഷം ഷാൻ മസൂദിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം തെറിക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ അടക്കം വിവിധ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.
അതേസമയം, ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ വച്ചു നടന്ന വാർത്താ സമ്മേളനത്തിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് പരമ്പരകൾക്കുള്ള ടീമിനെ സെലക്റ്റർമാർ പ്രഖ‍്യാപിച്ചു. ജൂലൈ 25 മുതൽ ഓഗസ്റ്റ് 6 വരെ വെസ്റ്റ് ഇൻഡീസിനെതിരേയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളും ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 13 വരെ ഇംഗ്ലണ്ടിനെതിരേ 3 ടെസ്റ്റ് മത്സരങ്ങളും പാക്കിസ്ഥാൻ കളിക്കും.
സൗദ് ഷക്കീലിനെ ഇംഗ്ലണ്ടിനെതിരായ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കായികക്ഷമതയുടെ അടിസ്ഥാനത്തിലായിരിക്കും കളിപ്പിക്കുക. ഇടങ്കയ്യൻ സ്പിന്നർ അലി ഉസ്മാൻ, മുഹമ്മദ് അവൈസ് സഫർ, ഉബൈദ് ഷാ, വിക്കറ്റ് കീപ്പർ ബാറ്റർ, മുഹമ്മദ് ഗാസി ഘോറി എന്നിങ്ങനെ പുതുമുഖങ്ങളെയും ടീമിലെടുത്തിട്ടുണ്ട്.
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാക്കിസ്ഥാൻ ടീം
ബാബർ അസം (ക‍്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുള്ള ഫസൽ, അലി ഉസ്മാൻ, അസാൻ അവൈസ്, ഇമാം ഉൾ ഹഖ്, ഖുറാം ഷഹ്സാദ്, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അലി, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് അവൈസ് സഫർ, മുഹമ്മദ് ഖാസി ഘോരി, സാജിദ് ഖാൻ, സൽമാൻ അലി ആഘ, ഷാൻ മസൂദ്, ഉബൈദ് ഷാ
ഇംഗ്ലണ്ടിനെതിരായ പാക്കിസ്ഥാൻ ടീം
ബാബർ അസം (ക‍്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുള്ള ഫസൽ, അലി ഉസ്മാൻ, അസാൻ അവൈസ്, ഇമാം ഉൾ ഹഖ്, ഖുറാം ഷഹ്സാദ്, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അലി, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് അവൈസ് സഫർ, മുഹമ്മദ് ഖാസി ഘോരി, സാജിദ് ഖാൻ, സൽമാൻ അലി ആഘ, സൗദ് ഷക്കീൽ, ഷാൻ മസൂദ്, ഉബൈദ് ഷാ