
കറാച്ചി: ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗം ആറായിരം റൺസ് പൂർത്തിയാക്കിയ ബാറ്റർമാരുടെ പട്ടികയിൽ പാക്കിസ്ഥാൻ താരം ബാബർ അസം ഇന്ത്യൻ താരം വിരാട് കോലിയെ മറികടന്നു. 123 ഇന്നിങ്സിൽ 6000 പിന്നിട്ട ബാബർ, ഈ പട്ടികയിൽ മുൻ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയുമായി ഇപ്പോൾ ഒന്നാം സ്ഥാനം പങ്കു വയ്ക്കുന്നു. ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി നടത്തുന്ന ത്രിരാഷ്ട്ര പരമ്പരയിൽ ന്യൂസിലൻഡിനെതിരേ 29 റൺസെടുത്ത ഇന്നിങ്സിലാണ് ബാബർ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
കോലി 136 ഏകദിന ഇന്നിങ്സിലാണ് 6000 റൺസ് പൂർത്തിയാക്കിയത്. പാക് താരങ്ങളിൽ ഏറ്റവും വേഗത്തിൽ 6000 കടന്ന ബാറ്ററായി ബാബർ മാറിയപ്പോൾ, 162 ഇന്നിങ്സിൽ ഈ നാഴികക്കല്ല് പിന്നിട്ട സയീദ് അൻവറിനെയും മറികടന്നു.
ഏറ്റവും വേഗത്തിൽ 5000 റൺസ് തികച്ച ബാറ്റർമാരിലും ഒന്നാമത് ബാബർ തന്നെയാണ്- 97 ഇന്നിങ്സിലായിരുന്നു ഇത്. ഏറ്റവും വേഗത്തിൽ 4000 തികച്ചവരിൽ അംലയ്ക്കു (81 ഇന്നിങ്സ്) പിന്നിൽ രണ്ടാം സ്ഥാനമാണ് ബാബറിന് (82 ഇന്നിങ്സ്).
നിലവിൽ 55.73 റൺസാണ് ഏകദിന ക്രിക്കറ്റിൽ ബാബർ അസമിന്‍റെ ബാറ്റിങ് ശരാശരി. 6000 റൺസ് തികയ്ക്കുന്ന സമയത്ത് മറ്റൊരു ബാറ്റർക്കും ഇത്ര ഉയർന്ന ബാറ്റിങ് ശരാശരി ഉണ്ടായിട്ടില്ല. 167 ഇന്നിങ്സിൽ 6000 റൺസ് തികയ്ക്കുമ്പോൾ 54.70 റൺസ് ശരാശരിയുണ്ടായിരുന്ന മുൻ ഓസ്ട്രേലിയൻ താരം മൈക്കൽ ബെവന്‍റെ റെക്കോഡാണ് ബാബർ മറികടന്നത്.
തുടരെ മൂന്ന് ഏകദിന മത്സരങ്ങളിൽ സെഞ്ചുറി എന്ന നേട്ടം രണ്ടു വട്ടം സ്വന്തമാക്കിയ ലോകത്തെ ഒരേയൊരു ബാറ്ററുമാണ് ബാബർ അസം.