

ബാബർ അസം
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ദുർബലനായ താരം ആരെന്നു ചോദിച്ചാൽ ഉത്തരം ബാബർ അസമിൽ ചെന്നെത്തും. ഒരു കാലത്ത് സ്റ്റാർ ബാറ്റർ വിരാട് കോലിയുമായി താരതമ‍്യം ചെയ്തിരുന്ന ഘട്ടത്തിൽ നിന്നുമാണ് തകർച്ചയുടെ പടവുകളിലേക്ക് ബാബർ ചേക്കേറിയിരിക്കുന്നത്.
അത‍്യാവശ‍്യം പ്രകടന മികവുള്ള താരങ്ങൾ വരവറിയിക്കുമ്പോൾ അവരെ ഇന്ത‍്യൻ താരങ്ങളുമായി താരതമ‍്യം ചെയ്യുന്നത് പാക്കിസ്ഥാൻ ടീമിന്‍റെ സ്ഥിരം ശൈലിയാണ്.
ബാബറിനു മുന്നേ അഹമ്മദ് ഷെഹ്സാദ്, ഉമ്മർ അക്മൽ എന്നിവരെ കോലിയുമായി താരതമ‍്യം ചെയ്തിരുന്നത് ഇതിന് ഉദാഹരണം മാത്രം. ബാറ്റിങ്ങ് അനുകൂല പിച്ചുകളിൽ മെല്ലെപ്പോക്ക് പ്രകടനം കാഴ്ചവയ്ക്കുന്ന ബാബറിനെ 'ഡോട്ട് ബ്രാഡ്മാൻ' എന്നാണ് നിലവിൽ ആരാധകർ വിശേഷിപ്പിക്കുന്നത്.
എന്നാൽ ഇത്തരത്തിലുള്ള ട്രോളുകൾക്ക് വിധേയനാവാൻ തക്കം മോശപ്പെട്ട ഒരു താരമല്ല ബാബർ. 2021ലെ ടി20 ലോകകപ്പിൽ ഇന്ത‍്യക്കെതിരേ പാക്കിസ്ഥാൻ വിജയം നേടിയതിൽ നിർണായകമായത് ബാബറിന്‍റെ അർധസെഞ്ചുറിയായിരുന്നു. 145 ടി20 മത്സരങ്ങളിൽ നിന്നായി 39 അർധസെഞ്ചുറിയും 3 സെഞ്ചുറിയും ഉൾപ്പടെ 4,596 റൺസുണ്ട് ബാബറിന്. ഇത്രയും റൺസുള്ള ബാബർ എങ്ങനെ മോശം താരമാകും?
ടി20 ലോകകപ്പിൽ ബാബറിന് സംഭവിച്ചതെന്ത്‍?
പതിവിന് വിപരീതമായി ഇത്തവണ നാലാം സ്ഥാനത്താണ് ബാബർ ലോകകപ്പിൽ ബാറ്റേന്തിയത്. ആറ് മത്സരങ്ങളിൽ നിന്നും നേടാനായതോ വെറും 91 റൺസ്. 111.5 ആണ് ബാബറിന്‍റെ സ്ട്രൈക്ക് റേറ്റ്. ആക്രമണോത്സുക പുറത്തെടുത്ത് ബാറ്റ് ചെയ്യേണ്ട ഫോർമാറ്റിൽ ബാബർ പരാജയപ്പട്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകരും വിമർശകരും ചൂണ്ടികാണിക്കുന്നത്. എന്നാൽ ഈ ലോകകപ്പിലെ ബാബറിന്‍റെ ബാറ്റിങ്ങ് നിരീക്ഷിക്കുകയാണെങ്കിൽ മനസിലാകും അദ്ദേഹം അനാവശ‍്യ ഷോട്ട് സെലക്ഷൻ മൂലമാണ് പുറത്തായിരിക്കുന്നതിൽ ഭൂരിഭാഗവും.
സ്ട്രെയ്റ്റ് ബാറ്റ് ചെയ്യേണ്ട പന്തുകൾ പോലും ബാബർ ക്രോസ് ബാറ്റ് കളിച്ച് പുറത്തായി. ഇന്ത‍്യക്കെതിരേ പാക്കിസ്ഥാൻ ഏറ്റുമുട്ടിയ മത്സരത്തിൽ അക്ഷർ പട്ടേൽ ബാബറിനെ മടക്കിയ ഡെലിവറിയും കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് താരം ജേമി ഓവർടൺ എറിഞ്ഞ പന്തിൽ ക്ലീൻ ബൗൾഡായതിലും ഏറെ സാമ‍്യതയുണ്ട്. ഷോട്ട് സെലക്ഷൻ ശരിയാക്കിയാൽ ഏറെകുറെ ബാബറിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാം.
രണ്ടാമത്തെ പ്രശ്നം സ്ട്രൈക്ക് റേറ്റാണ് നേരത്തെ ബാബർ ഓപ്പണിങ്ങായിരുന്നു ബാറ്റിങ്ങിനിറങ്ങിയിരുന്നത്. എന്നാൽ നാലാം നമ്പറിലെത്തിയപ്പോൾ ഫോമിലെത്താൻ ഒരുപാട് പന്തുകൾ നേരിടേണ്ടി വരുന്നു. ബാറ്റിങ്ങ് ഓർഡറിൽ മാറ്റം വരുത്തിയാൽ ഇതിന്‍റെ കാര‍്യത്തിൽ ഒരു തീരുമാനമാവും. ഫോം വീണ്ടെടുത്ത് ബാബർ ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിക്കുന്ന ദിവസത്തിനായി കാത്തിരിക്കാം.