

ബാബർ അസം
പേസർമാർക്ക് പഞ്ഞമില്ലാത്ത പാക്കിസ്ഥാനിൽ നിന്നു സമീപ കാലങ്ങളിൽ ഉയർന്നു വന്ന പ്രതിഭാ സമ്പന്നനായ ബാറ്ററാണ് ബാബർ അസം. ഇന്ത‍്യയുടെ ഇതിഹാസ താരം വിരാട് കോലിക്കൊപ്പം വരെ താരതമ‍്യം ചെയ്യാനുള്ള ഉയർച്ചയിലേക്ക് അദ്ദേഹം വളർന്നു കഴിഞ്ഞിരുന്നു. ദീർഘകാലങ്ങളായി ടി20യിൽ ഫോം കണ്ടെത്താൻ പാടുപ്പെട്ടിരുന്ന ബാബർ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ഭേദപ്പെട്ട പ്രകടനത്തോടെ ഫോം വീണ്ടെടുത്തിരുന്നു.
നിലവിൽ സിംബാബ്‌വെയ്ക്കെതിരായ പരമ്പരയ്ക്ക് തയാറെടുക്കുകയാണ് പാക്കിസ്ഥാൻ ടീം. 131 ടി20 മത്സരങ്ങളിൽ നിന്ന് 3 സെഞ്ചുറി ഉൾപ്പടെ 39.83 ശരാശരിയിൽ 4,302 റൺസ് അടിച്ചെടുത്തിട്ടുണ്ടെങ്കിലും 'സിംബാബ്‌വെയുടെ മർദകൻ' എന്നാണ് ബാബറിനെ സമൂഹമാധ‍്യമങ്ങളിൽ പാക്കിസ്ഥാൻ ആരാധകർ പോലും പരിഹാസ രൂപേണ വിശേഷിപ്പിക്കുന്നത്. 'സിംബാബർ' എന്നൊരു ഇരട്ടപ്പേര് കൂടി അദ്ദേഹത്തിനു വീണിട്ടിട്ടുണ്ട്. ബാബർ സിംബാബ്‌വെക്കെതിരേ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്നും ശക്തരായ എതിരാളികൾക്കൊപ്പം കാര‍്യമായ പ്രകടനം പുറത്തെടുത്തിട്ടില്ലെന്നും വാദിക്കുന്നവരാണ് ഈ പരിഹാസത്തിനു പിന്നിൽ. എന്നാൽ ഇതിനു പിന്നിലെ സത‍്യാവസ്ഥ എന്ത്‍?
ബാബർ സിംബാബ്‌വെയുടെ മാത്രം മർദകനോ?
ആകെ 7 ടി20 മത്സരം മാത്രമാണ് ബാബർ സിംബാബ്‌വെക്കെതിരേ കളിച്ചിട്ടുള്ളത്. 7 മത്സരങ്ങളിൽ നിന്ന് 38.66 ശരാശരിയിൽ 3 അർധസെഞ്ചുറി അടക്കം 232 റൺസ് അടിച്ചെടുത്തിട്ടുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് പരിശോധിക്കുമ്പോൾ, അദ്ദേഹത്തിന്‍റെ മൊത്തത്തിലുള്ള ശരാശരിയെക്കാൾ കുറവാണ് സിംബാബ്‌വെക്കെതിരേ എന്നു മനസിലാക്കാം. സ്ട്രൈക്ക് റേറ്റും സിംബാബ്‌വെക്കെതിരേ കുറവാണ്. തന്‍റെ ടി20 കരിയറിൽ നേടിയ 4,302 റൺസിൽ ആകെ 232 റൺസ് മാത്രമാണ് താരം സിംബാബ്‌വെക്കെതിരേ നേടിയിട്ടുള്ളത്. അതായത് 5.39 ശതമാനം മാത്രം.
എന്നിട്ടും താരത്തെ സിംബാബ്‌വെയുടെ മർദകൻ എന്നു വിളിക്കുന്നതിൽ സാങ്കേതികമായി അർഥമില്ലെന്നു വേണം കരുതാൻ. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇന്ത‍്യ എന്നീ രാജ‍്യങ്ങളൊഴികെയുള്ള എതിരാളികൾക്കെതിരേ ബാബറിന് 40ന് മുകളിലാണ് ടി20 യിൽ ശരാശരി. ഓസീസിനെതിരേ 5 അർധസെഞ്ചുറി അടക്കം 430 റൺസ്, ഇംഗ്ലണ്ടിനെതിരേ 4 അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും അടക്കം 660 റൺസ്, ന‍്യൂസിലൻഡിനെതിരേ 8 അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഉൾപ്പടെ 880 റൺസ് എന്നിങ്ങനെയാണ് അദ്ദേഹത്തിന്‍റെ ടി20 സ്റ്റാറ്റ്സ്.
എന്നാൽ ഇതിലൊരു ട്വിസ്റ്റുണ്ട്. പ്രധാന താരങ്ങളില്ലാതെ കളിച്ചിട്ടുള്ള മത്സരങ്ങളിലാണ് ബാബർ കൂടുതലും കഴിവ് തെളിയിച്ചിട്ടുള്ളത്. ഇന്ത‍്യ, ശ്രീലങ്ക, ഓസ്ട്രേലിയ എന്നീ മികച്ച ബൗളിങ് നിരയുള്ള ടീമുകളുമായി താരതമ‍്യപ്പെടുത്തുമ്പോൾ ബാബറിന്‍റെ പ്രകടനം ശരാശരി മാത്രമാണ്. മികച്ച ബൗളിങ് നിരയ്ക്കെതിരേ 130ന് താഴെ മാത്രമാണ് ബാബറിന്‍റെ സ്ട്രൈക്ക് റേറ്റ്. മാത്രവുമല്ല ബാബർ തന്‍റെ കരിയറിൽ നേടിയിട്ടുള്ള 95 ശതമാനം റൺസും സേന രാജ‍്യങ്ങളുമായിട്ടാണ്. മുഴുവനായി താരത്തെ വിലയിരുത്തുമ്പോൾ സിംബാബ്‌വെയുടെ മർദകൻ എന്ന വിശേഷണം താരം അർഹിക്കുന്നില്ല.