

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം
ധാക്ക: ഫെബ്രുവരി ഏഴ് മുതൽ ഇന്ത‍്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ‍്യാപിച്ചു. 15 അംഗ ടീമിനെ ലിറ്റൺ ദാസ് നയിക്കും. അയർലൻഡ് പരമ്പരയിൽ അവസരം നഷ്ടമായ ടസ്കിൻ അഹ്മദിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ജേക്കർ അലിക്ക് അവസരം നഷ്ടമായി.
സമീപകാലത്ത് പുറത്തെടുത്ത മോശം പ്രകടനമാണ് ജേക്കർ അലിക്ക് തിരിച്ചടിയായത്. തൻസിദ് ഹസനും സെയ്ഫ് ഹസനും ഉൾപ്പെടുന്ന ടോപ് ഓർഡറും തൗഹിദ് ഹൃദോയ്, ഷമീം ഹുസൈൻ, നൂറുൾ ഹസൻ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയുമാണ് ബംഗ്ലാദേശിനുള്ളത്.
ഇത്തവണ ബൗളിങ്ങിലാണ് ബംഗ്ലാദേശിന്‍റെ യഥാർഥ കരുത്ത്. ടസ്കിൻ അഹ്മദും മുസ്താഫിസുർ റഹ്മാനും ഷൊരിഫുൾ ഇസ്‌ലാമും നയിക്കുന്ന പേസ് നിരയും, റിഷാദ് ഹുസൈനും മെഹ്ദി ഹസനും നസൂം അഹ്മദും ഉൾപ്പെടുന്ന സ്പിൻ നിരയും ബാറ്റർമാരെ പ്രതിരോധത്തിലാക്കാൻ കെൽപ്പുള്ളതാണ്.
ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാൾ, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിന്‍റെ എതിരാളികൾ. ഫെബ്രുവരി ഏഴിന് വെസ്റ്റ് ഇൻഡീസിനെതിരേയാണ് ബംഗ്ലാദേശിന്‍റെ ആദ‍്യ മത്സരം.
അതേസമയം, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തങ്ങളുടെ മത്സരം ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ‍്യപ്പെട്ട് ഐസിസിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിൽ ഹിന്ദു യുവാക്കളെ ആക്രമിക്കപ്പെടുന്ന സാഹചര‍്യത്തെത്തുടർന്ന് ഇന്ത‍്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. ഇതേത്തുടർന്ന് മുസ്താഫിസുറിനെ ഐപിഎല്ലിൽ നിന്നും ഒഴിവാക്കിയതിന് പ്രതികാര നടപടി എന്ന നിലയ്ക്കാണ് ബിസിബി ഐസിസിയെ സമീപിക്കാനൊരുങ്ങുന്നത്.
ബംഗ്ലാദേശ് ലോകകപ്പ് ടീം: ലിറ്റൺ ദാസ് (ക‍്യാപ്റ്റൻ), സെയ്ഫ് ഹസൻ (വൈസ് ക‍്യാപ്റ്റൻ), തൻസിദ് ഹസൻ, പർവേസ് ഹുസൈൻ ഇമോൻ, തൗഹിദ് ഹൃദോയ്, ഷമീം ഹുസൈൻ, നൂറുൾ ഹസൻ, മെഹ്ദി ഹസൻ, റിഷാദ് ഹുസൈൻ, നസൂം അഹ്മദ്, മുസ്താഫിസുർ റഹ്മാൻ, തൻസിം ഹസൻ സാക്കിബ്, ടസ്കിൻ അഹ്മദ്, മുഹമ്മദ് സെയ്ഫുദ്ദീൻ, ഷൊരിഫുൾ ഇസ്‌ലാം.